നേപ്പാളില്‍ പ്രസിഡന്‍റ് പാര്‍ലമെന്‍റ് സമ്മേളനം വിളിച്ചു
1 min readകാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍റെ ശുപാര്‍ശയെത്തുടര്‍ന്ന് പ്രസിഡന്‍റ് ബിദ്യാദേവി ഭണ്ഡാരി മാര്‍ച്ച് 7 ന് ജനപ്രതിനിധിസഭ വിളിച്ചുചേര്‍ത്തു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ഒലിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ തിങ്കളാഴ്ച സഭാ സമ്മേളനം പുനരാരംഭിക്കാന്‍ പ്രസിഡന്‍റിനോട് ശുപാര്‍ശ ചെയ്യുകയായിരുന്നു എന്ന് ബിദ്യാദേവി ഭണ്ഡാരിയുടെ ഓഫീസിലെ വക്താവ് ജഗന്നാഥ് പന്ത വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. യോഗം വൈകുന്നേരം 4 മണിക്ക് ബാനേശ്വര്‍ ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ആരംഭിക്കും.
ഫെബ്രുവരി 23 ന് ചീഫ് ജസ്റ്റിസ് കോളേന്ദ്ര ഷുംഷര്‍ റാണയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ജനപ്രതിനിധിസഭ പിരിച്ചുവിടാനുള്ള ഒലിയുടെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് അസാധുവാക്കിയിരുന്നു. തുടര്‍ന്ന് വിധിവന്ന് 13 ദിവസത്തിനകം പാര്‍ലമെന്‍റിന്‍റെ സെഷന്‍ വിളിച്ചുചേര്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഒലിയുടെ ശുപാര്‍ശപ്രകാരം 2020 ഡിസംബര്‍ 20 നാണ് പ്രസിഡന്‍റ് ഭണ്ഡാരി ജനപ്രതിനിധിസഭ പിരിച്ചുവിട്ടത്.
പാര്‍ലമെന്‍റ് പിരിച്ചുവിട്ട നടപടിക്കുശേഷം രാജ്യത്ത് തെരഞ്ഞെടുപ്പിനും ഒലി നിര്‍ദേശിച്ചിരുന്നു. ഏപ്രില്‍ 30, മെയ് 10 തീയതികളില്‍ വോട്ടെടുപ്പ് നടത്താനായിരുന്നു തീരുമാനം. എന്നാല്‍ നേപ്പാള്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയില്‍ തന്നെ ഒലിക്കെതിരെ വ്യാപകമായ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു ഒലി പാര്‍ലമെന്‍റ് പിരിച്ചുവിടാന്‍ ശുപാര്‍ശചെയ്തത്. അധികാരം എല്ലാം ഒരാളിലേക്ക് കേന്ദ്രീകരിക്കുന്ന ഒലിയുടെ പ്രവര്‍ത്തനം പാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാനാവാത്തതായിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ തീരുമാനത്തിനെതിരെ വ്ിവധ പാര്‍ട്ടികള്‍ കോടതികയറി. പിരിച്ചുവിടലിനെതിരെ സമര്‍പ്പിച്ച 13 വ്യത്യസ്ത റിട്ടുകളാണ് സമര്‍പ്പിക്കപ്പെട്ടത്. രണ്ട് മാസത്തെ വാദം കേട്ട ശേഷം, പാര്‍ലമെന്‍റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി ഒലിക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി ഫ്രഖ്യാപിക്കുകയായിരുന്നു.