September 17, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അല്‍ഷൈമേഴ്‌സ് രോഗം പുരുഷന്മാരേക്കാള്‍ വേഗത്തില്‍ കീഴ്‌പ്പെടുത്തുക സ്ത്രീകളെ

1 min read

അല്‍ഷൈമേഴ്‌സുമായി ബന്ധപ്പെട്ട പ്രോട്ടീന്‍ സ്ത്രീകളില്‍ കൂടുതലായി സംഭരിക്കപ്പെടുന്നുവെന്ന് പഠനം 

അല്‍ഷൈമേഴ്‌സ് രോഗ തീവ്രത പുരുഷന്മാരേക്കാള്‍ വേഗത്തില്‍ വര്‍ധിക്കുന്നത് സ്ത്രീകളിലാണ് കണ്ടെത്തല്‍. രോഗവുമായി ബന്ധപ്പെട്ട ഒരു പ്രോട്ടീനിന്റെ നിക്ഷേപം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ വളരെ വേഗം സംഭരിക്കപ്പെടുന്നത് കൊണ്ടാണ് ഈ മറവി രോഗം താരതമ്യേന സ്ത്രീകളെ വേഗത്തില്‍ കീഴ്‌പ്പെടുത്തുകയെന്ന് ഗവേഷകര്‍ പറയുന്നത്.ലോകത്തില്‍ 30 ദശലക്ഷത്തിലധികം ആളുകള്‍ അല്‍ഷൈമേഴ്‌സ് രോഗം അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. ലോകത്ത് ഏറ്റവുമധികം കാണപ്പെടുന്ന മറവിരോഗവും അല്‍ഷൈമേഴ്‌സാണ്.

അല്‍ഷൈമേഴ്‌സ് രോഗികളുടെ തലച്ചോറില്‍ തൗ, ബീറ്റ അമിലോയിഡ് എന്നീ രണ്ട് പ്രോട്ടീനുകള്‍ അടിഞ്ഞുകൂടുന്നുണ്ടെന്ന് ബ്രെയിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ത്തന്നെ ബീറ്റ അമിലോയിഡ് ആണ് ആദ്യം സംഭരിക്കപ്പെടുന്നത്. അതേസമയം തൗ ശേഖരിക്കപ്പെടുന്നിതിന്റെ തോത് ഓരോ വ്യക്തികളിലും വ്യത്യസ്തമാണ്. അല്‍ഷൈമേഴ്‌സ് രോഗം ബാധിക്കുന്ന തലച്ചോറിലെ ടെമ്പറല്‍ ലോബില്‍ തൗ പ്രോട്ടീന്‍ നിക്ഷേപിക്കപ്പെടുന്നത് പുരുഷന്മാരേക്കാള്‍ സ്ത്രീകളില്‍ 75 ശതമാനം അധികമാണെന്ന് ലണ്ട് സര്‍വ്വകലാശാലയില്‍ നിന്നുള്ള ഗവേഷകനായ റൂബന്‍ സ്മിത്ത് പറഞ്ഞു.

209 സ്ത്രീകളുടെയും 210 പുരുഷന്മാരുടെയും രോഗവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ആദ്യഘട്ടത്തില്‍ രോഗം സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെയാണ് ബാധിക്കുന്നതെന്നും ബീറ്റ-അമിലോയിഡ് നിക്ഷേപത്തിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയില്‍ വ്യത്യാസങ്ങളൊന്നും ഇല്ലെന്നും ഗവേഷകര്‍ പറഞ്ഞു. പിന്നീട് തൗ പ്രോട്ടീന്‍ സംഭരിക്കപ്പെടുമ്പോഴാണ് ഓര്‍മ്മയുമായി ബന്ധപ്പെട്ട തകരാറുകള്‍ ഉണ്ടാത്തിടങ്ങുന്നത്. അല്‍ഷൈമേഴ്‌സ് രോഗം മൂലം പുരുഷന്മാരേക്കാള്‍ കൂടുതല്‍ മറവി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നത് സ്ത്രീകളാണ്. സ്ത്രീകളില്‍ തൗ കൂടുതലായി നിക്ഷേപിക്കപ്പെടുന്നത് മൂലമാണിതെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു.

നേരത്തെ തന്നെ ബീറ്റ-അമിലോയിഡ് നിക്ഷേപം ഉള്ള രോഗികളില്‍ പ്രാരംഭ ദശയില്‍ ആണെങ്കില്‍ പോലും തൗ വളരെ വേഗം അടിഞ്ഞുകൂടുന്നുവെന്നും ഗവേഷകര്‍ പറഞ്ഞു.

Maintained By : Studio3