September 11, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പകര്‍ച്ചവ്യാധിക്കാലത്ത് കുട്ടികളില്‍ പൊണ്ണത്തടി കൂടി

1 min read

ജങ്ക് ഫുഡിന്റെ അമിത ഉപയോഗത്തിനൊപ്പം പുറത്തിറങ്ങിയുള്ള കളികളിലുള്ള കുറവും അമിതമായി ടിവി കാണുന്നതും പൊണ്ണത്തടി കൂടാന്‍ കാരണമായി

പകര്‍ച്ചവ്യാധിക്കാലത്ത് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ വന്നതോടെ കുട്ടികളില്‍ പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യതകള്‍ വര്‍ധിച്ചതായി ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ജങ്ക് ഫുഡിന്റെ അമിത ഉപയോഗവും സമൂഹിക ഇടപെടലുകളിലും ഫിസിക്കല്‍ ആക്ടിവിറ്റിയിലുമുള്ള കുറവാണ് കുട്ടികളുടെ ആരോഗ്യത്തിന് വെല്ലുവിളിയാകുന്നത്. ഇടത്തരം, ഉന്നത സാമ്പത്തിക, സാമൂഹിക വിഭാഗങ്ങളില്‍ പെട്ട കുട്ടികളില്‍ പകര്‍ച്ചവ്യാധി ആരംഭിച്ചതോടെ പൊണ്ണത്തടിയെന്ന പ്രശ്‌നം രൂക്ഷമായെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കോവിഡ്-19ന്റെ ഭാഗമായി സാമ്പത്തികം, ഭക്ഷണം, ആരോഗ്യ സംവിധാനം എന്നീ മേഖലകളിലുണ്ടായ പ്രതിബന്ധങ്ങള്‍ എല്ലാ തരത്തിലുമുള്ള പോഷകാഹാര പ്രശ്‌നങ്ങള്‍ വര്‍ധിക്കാനിടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പകര്‍ച്ചവ്യാധിക്ക് മുമ്പ് 22 സംസ്ഥാനങ്ങളില്‍ നടന്ന ദേശീയ കുടുംബാരോഗ്യ സര്‍വ്വേയിലെ കണ്ടെത്തലുകള്‍  കുട്ടികളിലെ വര്‍ധിച്ചുവരുന്ന പോഷകാഹാര പ്രശ്‌നങ്ങള്‍ക്കുള്ള ഏറ്റവും പുതിയ തെളിവാണ്. നിരവധി സംസ്ഥാനങ്ങളില്‍ കുട്ടികളിലെ പോഷകാഹാരക്കുറവ് വര്‍ധിച്ചുവെന്നതിനൊപ്പം 22ല്‍ 20 സംസ്ഥാനങ്ങളിലും കുട്ടികളിലെ പൊണ്ണത്തടി വര്‍ധിച്ചുവെന്ന കണ്ടെത്തലും ഏറെ ആശങ്കപ്പെടുത്തുന്നതാണ്.

  റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കില്ലിംഗ് അക്കാഡമി

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയതായി അവതരിപ്പിച്ച പോഷണ്‍ ദൗത്യം ഊന്നല്‍ നല്‍കുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് കുട്ടികളിലെ പൊണ്ണത്തടി. പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള സ്ഥിതിയാണ് സര്‍വ്വേയിലൂടെ വ്യക്തമായതെങ്കില്‍ പകര്‍ച്ചവ്യാധി ആരംഭിച്ചതോടെ കുട്ടികളില്‍ പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യതകള്‍ വര്‍ധിക്കുകയാണ് ചെയ്തത്. കുട്ടികളില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെ വന്നതോടെ ഇടക്കിടെ ഭക്ഷണം കഴിക്കുന്ന ശീലം പതിവായെന്നും ഉയര്‍ന്ന കലോറിയുള്ളതും പോഷകാംശം ഒട്ടുമില്ലാത്തതുമായ ബിസ്‌കറ്റുകള്‍, ബ്രെഡ്, ബണ്‍, നൂഡില്‍സ്, ഐസ്‌ക്രീം, കുക്കീസ്, കേക്കുകള്‍, എണ്ണപ്പലഹാരങ്ങള്‍,  മധുര പാനീയങ്ങള്‍ എന്നിവയുടെ ഉപഭോഗം കൂടിയെന്നും ആരോഗ്യ വിദഗ്ധര്‍ നിരീക്ഷിച്ചു. ഇത്തരം ഉല്‍പ്പന്നങ്ങളില്‍ ഉയര്‍ന്ന അളവില്‍ കാര്‍ബോ ഹൈഡ്രേറ്റും, പഞ്ചസാരയും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. വീട്ടിലിരുപ്പിന്റെ വിരസത മാറ്റുന്നതിനായി മിക്ക കുട്ടികളും പലപ്പോഴും അഭയം തേടുന്നത് ഇത്തരം ഉല്‍പ്പന്നങ്ങളിലാണ്. കുട്ടികള്‍ എപ്പോഴും ഭക്ഷണം ആവശ്യപ്പെടുന്നതിനാല്‍ ജോലി കുറയ്ക്കുന്നതിനായി മാതാപിതാക്കളും ഇത്തരം റെഡിമെയ്ഡ് ഭക്ഷണസാധനങ്ങളുടെ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നു. ഇതിനൊപ്പം പുറത്തിറങ്ങി കളിക്കാനാകാത്തതും എപ്പോഴും കംപ്യൂട്ടറിനും ടിവിക്കും മുമ്പില്‍ ചിലവഴിക്കുന്നതും കുട്ടികളില്‍ പൊണ്ണത്തടി വര്‍ധിക്കാനിടയാക്കി.

  രണ്ട് അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകൾകൂടി നീറ്റിലിറക്കി കൊച്ചിൻ ഷിപ്യാഡ് 

പോഷകാഹാരക്കുറവും അമിത ആഹാരവും മൂലമുള്ള പശ്‌നങ്ങളാണ് ഇന്ത്യയിലെ കുട്ടികള്‍ ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്‌നങ്ങള്‍. ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനും സാമൂഹിക ഇടപെടലുകള്‍ക്കും മറ്റാളുകളെ കാണുന്നതിന് വരെ നിയന്ത്രണങ്ങളുണ്ടായി. അവരുടെ മാനസിക ക്ഷേമത്തിനും വളര്‍ച്ചയ്ക്കും വളരെ നിര്‍ണായകമായ സംഗതികളാണിത്. സ്‌കൂളിലെത്തിയുള്ള പഠനവും നിഷേധിക്കപ്പെട്ടതോടെ കൂട്ടുകാരുമായുള്ള ഇടപെടലുകളും പഠനസാധ്യതകളും പരിമിതപ്പെട്ടു. ഇത്തരം സാഹചര്യങ്ങള്‍ കുട്ടികളില്‍ ആശയക്കുഴപ്പത്തിനും സന്തോഷക്കുറവിനും കാരണമായെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.  അതവരെ നിരാശ, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിച്ചു. സോഷ്യല്‍ മീഡിയയുടെയും മറ്റ് ഓണ്‍ലൈന്‍ മീഡിയകളുടെയും സ്വാധീനം ഇത്തരം പ്രശ്‌നങ്ങള്‍ വഷളാക്കി.

കുട്ടിക്കാലത്തെ പൊണ്ണത്തടി അകാല മരണത്തിനും മറ്റ് വൈകല്യങ്ങള്‍ക്കും കാരണമാകുമെന്നതിനാല്‍ കുട്ടികളുടെ ഭക്ഷണകാര്യങ്ങളിലും ആരോഗ്യത്തിലും അതീവശ്രദ്ധ വേണമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ധര്‍ പങ്കുവെക്കുന്നത്. ആഹാരത്തിലെ വൈവിധ്യക്കുറവും കുട്ടികളിലെ പൊണ്ണത്തടിയും അമിതഭാരവും പോഷകാഹാരക്കുറവും കൂടാനുള്ള മറ്റൊരു കാരണമാണ്. ഭക്ഷണക്രമത്തിലെ മാറ്റവും കാര്‍ബോഹൈഡ്രേറ്റും മധുരവും കൂടുതലായി അടങ്ങിയ ഭക്ഷണങ്ങളുടെ ഉപഭോഗവും കുട്ടികളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ്. മധുരവും ഉപ്പും കൊഴുപ്പുമടങ്ങിയ ഭക്ഷണങ്ങളുടെ നിരന്തര ഉപയോഗം പൊണ്ണത്തടിക്കും മറ്റ് പല രോഗങ്ങള്‍ക്കും കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചി്ട്ടുണ്ട്. കായികാഭ്യാസങ്ങള്‍, സന്തുലിതമായ ഭക്ഷണക്രമം, വ്യായാമം, സ്‌ക്രീന്‍ ടൈം കുറയ്ക്കല്‍ (ടിവി, ഫോണ്‍, കംപ്യൂട്ടര്‍ എന്നിവയില്‍ ചിലവഴിക്കുന്ന സമയം) എന്നിവയിലൂടെ കുട്ടികളിലെ പൊണ്ണത്തടി കുറയ്ക്കാന്‍ സാധിക്കും.

  ലീപ് സെന്‍ററുകള്‍ കാമ്പസുകളിലേക്ക് വ്യാപിപ്പിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

ആറ് മുതല്‍ 23 മാസം വരെ പ്രായമുള്ള കുട്ടികളുടെ അമിതഭാരം കുറയ്ക്കുന്നതിനായി ഭക്ഷണക്രമത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. ഇവര്‍ക്കായി തെരഞ്ഞടുക്കുന്ന ഭക്ഷണസാധനങ്ങളിലും ഭക്ഷണശീലങ്ങളിലും ശ്രദ്ധ പുലര്‍ത്തിയാല്‍ അമിത വണ്ണം ഇല്ലാതാക്കാം. മുമ്പ് പോഷകഹാരക്കുറവ് ഉണ്ടായിരുന്ന കുട്ടിക്ക് പിന്നീട് അമിതമായി ഭക്ഷണം നല്‍കുന്നത് പൂര്‍ണമായും ഒഴിവാക്കണം. ചെറിയ കുട്ടികള്‍ക്ക് ടിവി വെച്ച് കൊടുക്കാതെ കൂടുതല്‍ സമയം കളിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണം. കുടുംബം മുഴുവന്‍ നല്ല ഭക്ഷണം കഴിക്കുകയെന്നതാണ് പൊണ്ണത്തടി ഇല്ലാതാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം. അമ്മമാരുടെ പൊണ്ണത്തടി കുട്ടികളിലും പൊണ്ണത്തടിക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇടക്കിടക്ക് കുട്ടികളുടെ ഭാരം പരിശോധിക്കുകയും ഭക്ഷണസാനങ്ങളുടെ പോഷകമൂല്യം പരിശോധി്ച്ച് ആഹാരം നല്‍കുകയും വേണം.

Maintained By : Studio3