Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മില്‍മയുടെ വിറ്റുവരവ് 4624.21 കോടി രൂപ

1 min read

തിരുവനന്തപുരം: പാല്‍ സംഭരണത്തിലും വിപണനത്തിലും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിപണനത്തിലും നേട്ടമുണ്ടാക്കി മില്‍മ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ 4624.21 കോടി രൂപ വിറ്റുവരവ് നേടി. 2024-25 ല്‍ ഇത് 4344.60 കോടി രൂപയായിരുന്നു. 6.44 ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. പാല്‍ സംഭരണത്തില്‍ 12.89 ശതമാനത്തിന്‍റെയും പാല്‍ വിപണനത്തില്‍ 4.30 ശതമാനത്തിന്‍റെയും വര്‍ധനവുണ്ടാക്കാന്‍ മില്‍മയ്ക്കായി. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിദിനം 12,56,892 ലിറ്റര്‍ പാലാണ് മില്‍മ സംഭരിച്ചത്. 2024-25 ല്‍ ഇത് 11,13,413 ലിറ്റര്‍ ആയിരുന്നു. 1,43,479 ലിറ്ററിന്‍റെ വര്‍ധനവാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതിദിനം 17,06,350 ലിറ്റര്‍ പാലാണ് മില്‍മ വിറ്റത്. 2024-25 ല്‍ 16,36,047 ലിറ്റര്‍ ആയിരുന്നു വിപണനം. 70,303 ലിറ്റര്‍ പാലാണ് അധികമായി വില്‍ക്കാനായത്. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലും മികച്ച വിറ്റുവരവ് നേടാന്‍ മില്‍മയ്ക്കായി. 1097.36 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആകെ വിറ്റുവരവ്. 2024-25 ല്‍ ഇത് 946.47 കോടിയായിരുന്നു. 15.94 ശതമാനത്തിന്‍റെ വര്‍ധനവാണുള്ളത്. 2030 ഓടെ 10000 കോടി രൂപയുടെ വിറ്റുവരവാണ് മില്‍മ ലക്ഷ്യമിടുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു. 2025-26 സാമ്പത്തിക വര്‍ഷത്തെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ മികച്ച നേട്ടമാണ് മില്‍മ കൈവരിച്ചത്. കര്‍ഷക കേന്ദ്രീകൃത ക്ഷേമ പദ്ധതികളിലൂടെയും ഉല്‍പാദനവും ഗുണനിലവാരവും മെച്ചപ്പെടുത്താനുള്ള പരിപാടികളിലൂടെയുമാണ് മില്‍മയ്ക്ക് ഈ നേട്ടത്തില്‍ എത്താനായത്. ക്ഷീരമേഖലയിലെ ഉയര്‍ന്ന ഉത്പാദന ചെലവും രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നുമുള്ള കടുത്ത മത്സരവും ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നേരിട്ടിട്ടും ഈ നേട്ടം കൈവരിക്കാനായത് ശ്രദ്ധേയമാണ്. ഇതിനു പിന്നിലെ പ്രധാന കരുത്ത് ക്ഷീരകര്‍ഷരാണ്. മില്‍മയുടെ ക്ഷേമ പദ്ധതികള്‍ പാല്‍ സംഭരണത്തിലെയും വില്‍പ്പനയിലെയും മികവ് നിലനിര്‍ത്തുന്നതില്‍ ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വളര്‍ച്ച കൈവരിക്കാനാണ് ക്ഷീരമേഖല ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ തിരുവനന്തപുരം മേഖല യൂണിയന്‍റെ (ടിആര്‍സിഎംപിയു) ആകെ വിറ്റുവരവില്‍ 6.87 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. എറണാകുളം മേഖല (ഇആര്‍സിഎംപിയു) 5.91 ശതമാനവും മലബാര്‍ മേഖല (എംആര്‍സിഎംപിയു) 8.88 ശതമാനവും വര്‍ധനവ് നേടി. 2025-26 ല്‍ ടിആര്‍സിഎംപിയു പ്രതിദിനം 2,80,039 ലിറ്റര്‍ പാല്‍ സംഭരിച്ചു. ഇആര്‍സിഎംപിയു 2,93,351 ലിറ്ററും എംആര്‍സിഎംപിയു 6,83,503 ലിറ്ററുമാണ് സംഭരിച്ചത്. 2024-25 ലെ പ്രതിദിന പാല്‍ സംഭരണം യഥാക്രമം 2,46,620 ലിറ്റര്‍, 2,51,257 ലിറ്റര്‍, 6,15,535 ലിറ്റര്‍ എന്നിങ്ങനെയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടിആര്‍സിഎംപിയുവിന്‍റെ പ്രതിദിന പാല്‍വിപണനം 5,73,645 ലിറ്റര്‍ ആയിരുന്നു. ഇആര്‍സിഎംപിയു 4,49,589 ലിറ്ററും എംആര്‍സിഎംപിയു 6,83,117 ലിറ്ററും പാല്‍ വിറ്റു. 2024-25 ല്‍ ടിആര്‍സിഎംപിയു-5,53,912, ഇആര്‍സിഎംപിയു-4,33,902, എംആര്‍സിഎംപിയു-6,48,233 എന്നിങ്ങനെയായിരുന്നു പ്രതിദിന വിപണനം. ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ ടിആര്‍സിഎംപിയു 2025-26 ല്‍ 18 ശതമാനവും, ഇആര്‍സിഎംപിയു 13.75 ശതമാനവും, എംആര്‍സിഎംപിയു 16.50 ശതമാനവും വര്‍ധനവ് നേടി.

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3