മില്‍മ ചെയര്‍മാന്‍ എന്‍സിഡിഎഫ്ഐ ബോര്‍ഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു
തിരുവനന്തപുരം: നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡയറി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍സിഡിഎഫ്ഐ) ബോര്‍ഡ് അംഗമായി മില്‍മ ചെയര്‍മാന്‍ കെ.എസ് മണി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ രണ്ടാം തവണയാണ് കെ.എസ് മണി ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഗുജറാത്തിലെ ആനന്ദ് ആസ്ഥാനമായുള്ള രാജ്യത്തെ ക്ഷീര സഹകരണ ഫെഡറേഷനുകളുടെ അപെക്സ് സംഘടനയാണ് എന്‍സിഡിഎഫ്ഐ. വ്യാഴാഴ്ച ആനന്ദില്‍ എന്‍സിഡിഎഫ്ഐ ആസ്ഥാനത്ത് വെച്ച് റിട്ടേണിംഗ് ഓഫീസര്‍ എട്ടംഗ ഭരണസമിതി അംഗങ്ങളുടെ ഫലം പ്രഖ്യാപിച്ചു. നിലവില്‍ നാഷണല്‍ ഡയറി ഡെവലപ്മെന്‍റ് ബോര്‍ഡ് (എന്‍ഡിഡിബി) ചെയര്‍മാനായ ഡോ. മിനേഷ് ഷായെ എന്‍സിഡിഎഫ്ഐ ചെയര്‍മാനായി തെരഞ്ഞെടുത്തു. ക്ഷീര സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ ഏകോപിക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയാണ് ഡോ. വര്‍ഗീസ് കുര്യന്‍ സ്ഥാപക ചെയര്‍മാനായ എന്‍സിഡിഎഫ്ഐയുടെ പ്രാഥമിക ലക്ഷ്യം. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ക്ഷീര സഹകരണ ഫെഡറേഷനുകള്‍ എന്‍സിഡിഎഫ്ഐയില്‍ അംഗങ്ങളാണ്.
കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന്‍ (മില്‍മ) ചെയര്‍മാനായി 2021 ജൂലൈയിലാണ് കെഎസ് മണി തെരഞ്ഞെടുക്കപ്പെട്ടത്. മില്‍മ മലബാര്‍ യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനവും അദ്ദേഹം വഹിക്കുന്നു. കോവിഡ് പ്രതിസന്ധിയിക്കിടയില്‍ നഷ്ടം വരാതെ മില്‍മയെ നേട്ടത്തിലേക്കു നയിച്ച പ്രവര്‍ത്തനമികവിനു പിന്നില്‍ കെ.എസ് മണിയുടെ ബിസിനസ് രംഗത്തെ ദീര്‍ഘകാല പരിചയവും മാനേജ്മെന്‍റ് പാടവവുമുണ്ട്. പാല്‍ സംഭരണത്തിനും വിതരണത്തിനും പുറമേ മറ്റ് മൂല്യവര്‍ധിത ഉത്പന്നങ്ങളിലൂടെ മില്‍മയുടെ സാന്നിധ്യം ഉപഭോക്താക്കളില്‍ സജീവമായി നിലനിര്‍ത്തുന്നതിനു പിന്നിലും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന മികവും ആശയങ്ങളുമാണ്. കെഎസ് മണിയുടെ നേതൃത്വത്തിലുള്ള റീപൊസിഷനിംഗ് മില്‍മ എന്ന പുതിയ പദ്ധതിയിലൂടെ ഉപഭോക്താക്കളുടെ അഭിരുചി തിരിച്ചറിഞ്ഞ് വിപണി വിപുലീകരിച്ചതും നൂതന മാറ്റങ്ങള്‍ വരുത്തിയതും വില്‍പ്പനയില്‍ മില്‍മയ്ക്ക് ഗുണം ചെയ്തു.
മൂന്ന് പതിറ്റാണ്ടിലെറെയായി ക്ഷീര സഹകരണ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ് മണി 1989 മുതല്‍ പാലക്കാട് എണ്ണപ്പാടം ക്ഷീര സഹകരണ സംഘത്തിന്‍റെ പ്രസിഡന്‍റ് ആണ്. 2003 മുതല്‍ 2008 വരെയുള്ള കാലയളവില്‍ പാലക്കാട് ജില്ലയില്‍ നിന്നും മലബാര്‍ മില്‍മയുടെ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മധുര കാമരാജ് സര്‍വകലാശാലയില്‍ നിന്നും കോമേഴ്സില്‍ ബിരുദാനന്തര ബിരുദം നേടിയ കെഎസ് മണി കേന്ദ്ര കോമേഴ്സ് മന്ത്രാലയത്തിന്‍റെ മേല്‍നോട്ടത്തിലുള്ള എന്‍ജിനീയറിംഗ് എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ദക്ഷിണമേഖല ചെയര്‍മാന്‍, ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷന്‍ (എഐഎംഎ) ദേശീയ കൗണ്‍സില്‍ അംഗം, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം, പാലക്കാട് മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ്, റോട്ടറി ക്ലബ്ബ് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്കായി 2010, 2016 വര്‍ഷങ്ങളില്‍ ദേശീയ തലത്തില്‍ എന്‍ജിനീയറിംഗ് എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്‍റെ സ്റ്റാര്‍ പെര്‍ഫോര്‍മര്‍ അവാര്‍ഡ്, 2013 ല്‍ ഇഇപിസിയുടെ ദക്ഷിണ മേഖല അവാര്‍ഡ് എന്നിവ നേടി.