മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസറിന് കിഡ്‌സ് മോഡ്
രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ക്കായി മികച്ചതും സുരക്ഷിതവുമായ വെബ് അനുഭവം കസ്റ്റമൈസ് ചെയ്യാന്‍ കഴിയും
സാന്‍ ഫ്രാന്‍സിസ്‌കോ: മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസറിന് പുതുതായി കിഡ്‌സ് മോഡ് അവതരിപ്പിച്ചു. ഇതോടെ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ക്കായി മികച്ചതും സുരക്ഷിതവുമായ വെബ് അനുഭവം കസ്റ്റമൈസ് ചെയ്യാന്‍ കഴിയും. കുട്ടികളുടെ പ്രായം അനുസരിച്ച് കസ്റ്റമൈസ് ചെയ്യാം. അഞ്ച് മുതല്‍ എട്ട് വയസ്സ് വരെയും ഒമ്പത് മുതല്‍ 12 വയസ്സ് വരെയുമായി രണ്ട് ഓപ്ഷനുകള്‍ രക്ഷിതാക്കള്‍ക്ക് ഇപ്പോള്‍ തെരഞ്ഞെടുക്കാം.
നിരവധി കുട്ടികള്‍ കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചെലവഴിക്കുകയും പല മാതാപിതാക്കളും കുടുംബങ്ങളും തങ്ങളുടെ ഡിവൈസുകള്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ കൊടുക്കുകയും ചെയ്യുമ്പോള്‍ ഈയൊരു സാഹചര്യം സുരക്ഷിതമാക്കുന്നതിന് പ്രവര്‍ത്തിച്ചുവെന്നും മൈക്രോസോഫ്റ്റ് എഡ്ജ് കിഡ്‌സ് മോഡ് എല്ലാവര്‍ക്കും ലഭിക്കുമെന്ന് പ്രഖ്യാപിക്കുകയാണെന്നും ബ്ലോഗ്‌പോസ്റ്റിലൂടെ കമ്പനി അറിയിച്ചു. മാതാപിതാക്കള്‍ക്ക് മന:സമാധാനം നല്‍കുന്നതാണ് കിഡ്‌സ് മോഡ് എന്നും പങ്കുവെയ്ക്കുന്ന ഡിവൈസുകളില്‍ കുട്ടികള്‍ വെബ് ബ്രൗസ് ചെയ്യുമ്പോള്‍ സുരക്ഷിതമായ ഓണ്‍ലൈന്‍ അന്തരീക്ഷമാണ് കിഡ്‌സ് മോഡ് ഒരുക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
കുട്ടികള്‍ക്ക് പ്രവേശിക്കാവുന്ന സൈറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതാണ് കിഡ്‌സ് മോഡ്. കുട്ടികള്‍ക്കായുള്ള എഴുപത് ജനപ്രിയ സൈറ്റുകള്‍ അനുവദിക്കും. എന്നാല്‍ മൈക്രോസോഫ്റ്റ് എഡ്ജ് സെറ്റിംഗ്‌സ് സന്ദര്‍ശിച്ച് ഏതാനും ക്ലിക്കുകളില്‍ ഈ പട്ടിക പൂര്‍ണമായി കസ്റ്റമൈസ് ചെയ്യാന്‍ കഴിയും. അനുവദനീയ പട്ടികയില്‍ ഉള്‍പ്പെടാത്ത സൈറ്റിലേക്ക് നിങ്ങളുടെ കുട്ടി പോകാന്‍ ശ്രമിച്ചാല്‍ അവരെ സ്വാഗതം ചെയ്യുന്നത് സൗഹാര്‍ദ്ദപരമായ ബ്ലോക്ക് പേജ് ആയിരിക്കുമെന്ന് കമ്പനി അറിയിച്ചു. ഒന്നുകില്‍ മാതാപിതാക്കളുടെ അനുവാദം വാങ്ങുകയോ അല്ലെങ്കില്‍ അനുവദിക്കപ്പെട്ട സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ വേണമെന്ന് നിര്‍ദേശിക്കും.
എന്നാല്‍ ഒമ്പത് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി ന്യൂ ടാബ് പേജില്‍ ന്യൂസ് ഫീഡ് ലഭിക്കും. എംഎസ്എന്‍ ഫോര്‍ കിഡ്‌സില്‍നിന്നുള്ള പ്രത്യേക ലേഖനങ്ങളായിരിക്കും ഇവിടെ കാണാന്‍ കഴിയുന്നത്.