ദുബായില്‍ മുലയൂട്ടുന്ന അമ്മമാര്‍ക്കും ഇനി മുതല്‍ കോവിഡ്-19 വാക്‌സിനെടുക്കാം
1 min readഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കും എംആര്‍എന്‍എ ഫൈസര്‍ വാക്‌സിന്‍ എടുക്കാം
ദുബായ്: ദുബായ് എംആര്‍എന്‍എ ഫൈസര്‍ കോവിഡ്-19 വാക്‌സിനുള്ള യോഗ്യത മാനദണ്ഡങ്ങള്‍ പുതുക്കി. ഇനിമുതല്‍ മുലയൂട്ടുന്ന സ്ത്രീകള്‍ക്കും ഗര്‍ഭധാരണം ആഗ്രഹിക്കുന്നവര്‍ക്കും കോവിഡ് വാക്‌സിനെടുക്കാമെന്ന് ദുബായ് മീഡിയ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു. വാക്‌സിന്‍ അലര്‍ജിയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലെങ്കില്‍ മുലയൂട്ടുന്ന സ്ത്രീകളിലും അമ്മയാകാന്‍ ആഗ്രഹിക്കുന്നവരിലും കോവിഡ് വാക്‌സിന്‍ സുരക്ഷിതമാണെന്ന് ക്ലിനിക്കല്‍ പഠനങ്ങള്‍ തെളിയിക്കുന്നതായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ലത്തീഫ ആശുപത്രി സിഇഒ ഡോ. മുന തഹ്ലക് പറഞ്ഞു.
ദുബായ് ഹെല്‍ത്ത് അതോറിട്ടിയുടെ ഏറ്റവും പുതിയ വാക്‌സിന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഇനി വാക്‌സിന്‍ എടുക്കാമെന്നും വാക്‌സിന്‍ എടുക്കുന്നതിന് മുമ്പോ ശേഷമോ പാലൂട്ടല്‍ നിര്‍ത്തേണ്ടതില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. അതേസമയം, കോവിഡ്-19 രോഗികള്‍ വാക്‌സിന്‍ എടുക്കാന്‍ മൂന്ന് മാസം കാത്തുനില്‍ക്കേണ്ടതില്ലെന്നും ഐസൊലേഷന്‍ സമയം പൂര്‍ത്തിയായാല്‍ ഇവര്‍ക്ക് വാക്‌സിന്‍ എടുക്കാമെന്നും മീഡിയ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു. നേരിയ തോതില്‍ ലക്ഷണങ്ങള്‍ ഉള്ളവരോ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തവരോ ആണ് വാക്‌സിന്‍ എടുക്കാന്‍ യോഗ്യര്‍. അതേസമയം സജീവ രോഗികള്‍ വാക്‌സിന്‍ എടുക്കാന്‍ ഐസൊലേഷന്‍ സമയം പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കണം.
ആശുപത്രി ചികിത്സ ആവശ്യമായ തരത്തില്‍ മിതമായ തോതിലോ ഗുരുതരമായോ രോഗം ബാധിച്ചവര്‍ക്ക് വാക്‌സിനെടുക്കുന്നതിനുള്ള സമയപരിധിയില്‍ രോഗിയെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകര്‍ തീരുമാനമെടുക്കുമെന്ന് കോവിഡ്-19 വാക്‌സിനേഷന്‍ സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ.ഫരീദ അല്‍ ഖാജ പറഞ്ഞു. എന്നാല്‍ നേരിയ തോതില്‍ രോഗം വന്നവര്‍ക്കും ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും ഐസൊലേഷന്‍ പിരീഡ് പൂര്‍ത്തിയായതിന് ശേഷം വാക്‌സിന്‍ എടുക്കാനാകും. ദുബായ് ഹെല്‍ത്ത് അതോറിട്ടി കഴിഞ്ഞിടെ കോവിഡ്-19 വാക്‌സിന്‍ എടുക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി പതിനെട്ടില്‍ നിന്നും പതിനാറാക്കി കുറച്ചിരുന്നു.