Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കുട്ടികളിലെ മൈഗ്രേന് കാരണമെന്ത്? എങ്ങനെ തടയാം ..

1 min read

മുതിര്‍ന്നവര്‍ക്ക് മാത്രമല്ല, കുട്ടികള്‍ക്കും മൈേ്രഗന്‍ ഉണ്ടാകാം. കുട്ടികളില്‍ മൈഗ്രേന്‍ ഉണ്ടാകാനുള്ള കാരണവും അവരിലെ മൈഗ്രേന്‍ അറ്റാക്ക് തടയുന്നതിനുള്ള മാര്‍ഗങ്ങളും 

മുതിര്‍ന്നവര്‍ മാത്രമല്ല ചില കുട്ടികളും മൈഗ്രേന്‍ കൊണ്ട് കഷ്ടപ്പെടാറുണ്ട്. ശിരസ്സിന്റെ ഒരു ഭാഗത്ത് കടുത്ത വേദന അനുഭവപ്പെടുന്ന ഒരവസ്ഥയാണ് മൈഗ്രേന്‍. മിക്കപ്പോളും മൈഗ്രേനൊപ്പം തലകറക്കവും ഛര്‍ദ്ദിക്കാനുള്ള തോന്നലുമൊക്കെ പലര്‍ക്കും അനുഭവപ്പെടാറുണ്ട്. എല്ലാ പ്രായത്തില്‍ പെട്ട ആളുകളെയും മൈഗ്രേന്‍ ബാധിക്കാറുണ്ട്. അതേസമയം മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ മൈഗ്രേന്റെ ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. മൈഗ്രേന്‍ മൂലമുള്ള കടുത്ത വേദന കുട്ടികളിലെ ഉന്മേഷവും ഉത്സാഹവുമെല്ലാം കെടുത്തും. മാത്രമല്ല കുട്ടികളുടെ മൊത്തത്തിലുള്ള വളര്‍ച്ചയെയും അത് ബാധിക്കും. ലക്ഷണങ്ങള്‍ കൃത്യമായി പറഞ്ഞ് മാതാപിതാക്കളെ ബോധ്യപ്പെടുത്താന്‍ സാധിക്കാത്തതിനാല്‍ കുട്ടികളിലെ മൈഗ്രേന്‍ തിരിച്ചറിയാന്‍ വൈകിപ്പോകാറുണ്ട്.

പല കാരണങ്ങള്‍ കൊണ്ടും കുട്ടികളില്‍ മൈഗ്രേന്‍ ഉണ്ടാകാം. ജനിതകമായ കാരണങ്ങള്‍, പാരിസ്ഥിതികമായ മാറ്റങ്ങള്‍, ജീവിതശൈലിയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ എന്നിവ കുട്ടികളില്‍ മൈഗ്രേന്‍ മൂലമുള്ള തലവേദനയ്ക്ക് കാരണമാകാറുണ്ട്. ലക്ഷണങ്ങള്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞാല്‍ കുട്ടികളിലെ മൈഗ്രേന്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാം.

 

ലക്ഷണങ്ങള്‍

ക്രമരഹിതമായ ഉറക്കശീലങ്ങള്‍

കുട്ടികളുടെ ഉറക്കശീലത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ശ്രദ്ധിക്കണം. ശരീര വളര്‍ച്ചയില്‍ ഉറക്കം വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ട് ഉറക്കം ക്രമമില്ലാതായാല്‍ മൈഗ്രേന്‍ അറ്റാക്ക് ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. കുട്ടികള്‍ ദിവസവും ഒരേ സമയത്ത് ഉറങ്ങുന്നുണ്ടെന്നും അവര്‍ക്ക് ദിവസവും 7-8 മണിക്കൂര്‍ ഉറക്കം ലഭിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തുക. ഉറങ്ങാന്‍ പോകുമ്പോള്‍ പാട്ട് കേള്‍ക്കുക, ടിവി കാണുക, വായിക്കുക തുടങ്ങിയ ശീലങ്ങള്‍ ഒഴിവാക്കാന്‍ അവരോട് പറയുക..

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

 

മാനസിക സമ്മര്‍ദ്ദം

കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ മൈഗ്രേന് കാരണമാകുന്ന പ്രധാനപ്പെട്ട ഒരു ഘടകമാണ് മാനസിക സമ്മര്‍ദ്ദം. ക്ഷീണമില്ലായ്മയും ആശങ്കയും ഒരുപോലെ ശരീരത്തിന് ആയാസം തീര്‍ക്കും. അതുമൂലം പെട്ടന്ന് മൈഗ്രേന്‍ ഉണ്ടാകാം. റിലാക്‌സേഷന്‍ തെറാപ്പി, വ്യായാമം, ധ്യാനം, ഉറക്കം എന്നിവയിലൂടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാം.

 

കാലാവസ്ഥ മാറ്റം

കാലാവസ്ഥാ മാറ്റവും വ്യതിയാനങ്ങളും മൈഗ്രേന് വഴിവെക്കാറുണ്ട്. കടുത്ത ഉഷ്ണവും ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷവും നിര്‍ജലീകരണത്തിനും അങ്ങനെ മൈഗ്രേനും കാരണമാകും. കാലാവസ്ഥയെ നിയന്ത്രിക്കുക അസാധ്യമാണെന്നതിനാല്‍ പ്രതികൂല കാലാവസ്ഥകളില്‍ ദിനചര്യകള്‍ വ്യത്യാസപ്പെടുത്തുകയാണ് ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള പോംവഴി. ഉദാഹരണത്തിന് വേനല്‍ക്കാലത്ത് കുട്ടിക്ക് പുറത്ത് പോയി കളിക്കണമെങ്കിലും ഉച്ചനേരം ഒഴിവാക്കി രാവിലെയോ വെയില്‍ താണതിന് ശേഷമോ കളിക്കാന്‍ പറയുക.

  ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ബിരുദദാനച്ചടങ്ങ്

 

അലര്‍ജി 

അലര്‍ജി മൂലവും കുട്ടികളില്‍ മൈഗ്രേന്‍ ഉണ്ടാകാം. ഏത് തരത്തിലുള്ള ഭക്ഷണവും ജീവിതശൈലിയുമാണ് കുട്ടിക്ക് അനുയോജ്യമെന്ന് കണ്ടെത്തുന്നതിനുള്ള കാലതാമസം മൂലം അലര്‍ജിയും അങ്ങനെ മൈഗ്രേനും വരാറുണ്ട്. ദിനചര്യ സൂക്ഷ്മമായി നിരീക്ഷിച്ച് കുട്ടികളില്‍ അലര്‍ജിയുണ്ടാക്കുന്ന ഘടകങ്ങള്‍ കണ്ടെത്തിയാല്‍ ഇത്തരം സാഹചര്യങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാനും അങ്ങനെ മൈഗ്രേന്‍ സാധ്യത കുറയ്ക്കാനുമാകും.

 

ഭക്ഷണക്രമം

ചില ഭക്ഷണങ്ങളും കുട്ടികളില്‍ മൈഗ്രേന് കാരണമാകാറുണ്ട്. ഏതൊക്കെ ഭക്ഷണങ്ങളാണ് കുട്ടികളില്‍ മൈഗ്രേന്‍ ഉണ്ടാക്കുന്നതെന്ന് തിരിച്ചറിയുക. ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കാനുപയോഗിക്കുന്ന ചേരുവകള്‍ കൃത്യമായി പരിശോധിക്കുക. കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക.

 

വെളിച്ചം 

മൈഗ്രേന്‍ ഉള്ളവരുടെ ശത്രുവാണ് വെളിച്ചം. ഫോട്ടോഫോബിയ എന്നാണ് ഇതറിയപ്പെടുന്നത്. കടുത്ത പ്രകാശം, സൂര്യപ്രകാശം, മിന്നിമിന്നി തെളിയുന്ന പ്രകാശം എന്നിവ മൈഗ്രേന്‍ ഉള്ളവര്‍ക്ക് അരോചകമായി തോന്നാം. ഫോണും ടിവിയും കൂടുതലായി കാണുന്നത് മൂലവും കുട്ടികള്‍ക്ക് മൈഗ്രേന്‍ ഉണ്ടാകാം. പുറത്തിറങ്ങുമ്പോള്‍ കുട്ടികള്‍ക്ക് സണ്‍ഗ്ലാസ് വെച്ച് കൊടുക്കുക, ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഇടക്കിടെ ഇടവേളകള്‍ എടുക്കുക, ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തുക. എന്നിവയാണ് വെളിച്ചം മൂലമുള്ള മൈഗ്രേന്‍ സാധ്യതകള്‍ ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

 

നിര്‍ജലീകരണം

ചില കുട്ടികളില്‍ നേരിയ തോതിലുള്ള നിര്‍ജലീകരണം പോലും തലവേദനയ്ക്ക് കാരണമാകാറുണ്ട്. മൈഗ്രേന് പുറമേ, നിര്‍ജലീകരണം മൂലം ക്ഷീണവും ആശയക്കുഴപ്പവും ചിലപ്പോള്‍ ജീവന് തന്നെ ഭീഷണായാകുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. കുട്ടികളുടെ കയ്യെത്തും ദൂരത്ത് എപ്പോഴും വെള്ളക്കുപ്പി ഉണ്ടെന്ന് ഉറപ്പാക്കുക. ദിവസവും അവര്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവില്‍ ഒരു കണ്ണ് വേണം.

 

മരുന്നുകളുടെ അമിതോപയോഗം 

മാസത്തില്‍ പത്ത് ദിവസത്തിലേറെ മരുന്ന് കഴിക്കുന്നുണ്ടെങ്കില്‍ അതുതന്നെ മൈഗ്രേന്‍ ഉണ്ടാകാനുള്ള ഒരു കാരണമാണ്. മരുന്നുകളുടെ അമിതോപയോഗം മൂലമുള്ള തലവേദന അഥവാ എംഒഎച്ച് എന്നാണ് ഇതറിയപ്പെടുന്നത്. മരുന്നുകളുടെ ഉപയോഗം കുറയ്ക്കുക മാത്രമാണ് ഇതൊഴിവാക്കാനുള്ള മാര്‍ഗം.

 

ഗന്ധം

ചില ഗന്ധങ്ങള്‍ പെട്ടന്നുള്ള മൈഗ്രേന് കാരണമാകാറുണ്ട്. ഓസ്‌മോഫോബിയ കുട്ടികളിലെ മൈഗ്രേന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. ചില ഭക്ഷണങ്ങളുടെയും പെര്‍ഫ്യൂമിന്റെയും രാസവസ്തുക്കളുടെയും ഗന്ധം തലവേദനയുണ്ടാക്കും. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. കുട്ടികളുമായി അടുപ്പമുള്ളവര്‍ക്ക് ഇത്തരം ഗന്ധങ്ങളെ കുറിച്ചുള്ള സൂചനകള്‍ നല്‍കുക.

പലര്‍ക്കും പല തരത്തിലുള്ള മൈഗ്രേന്‍ ലക്ഷണങ്ങളാണ് അനുഭവപ്പെടുക. കുട്ടികളിലെ മൈഗ്രേന്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ ആദ്യം തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടുന്നതാണ് ഉത്തമം.

Maintained By : Studio3