ആസാമില്‍ അതിശക്തമായ ഭൂചലനം
1 min readഗുവഹത്തി: ആസാമില്‍ അതിശക്തമായ ഭുചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനം സംസ്ഥാനത്തെയും വടക്കുകിഴക്കന്‍ ഭാഗത്തെയും ബുധനാഴ്ച രാവിലെ പിടിച്ചുകുലുക്കി.ആദ്യ ഭൂകമ്പത്തിനുശേശം മണിക്കൂറുകള്‍ക്കുള്ളില്‍ ഏഴ് തുടര്‍ ചലനങ്ങളും രേഖപ്പെടുത്തി. വടക്കന്‍ ബംഗാളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.നാഷണല്‍ സെന്‍റര്‍ ഓഫ് സീസ്മോളജി പറയുന്നതനുസരിച്ച്, റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം തേസ്പൂരിലെ സോണിത്പൂരായിരുന്നു. രാവിലെ 7:51 നാണ് ആദ്യത്തെ ഭൂകമ്പം രേഖപ്പെടുത്തിയത്.സോണിത്പൂരിന് സമീപം അടുത്ത 2 മണിക്കൂര്‍ 30 മിനിറ്റിനുള്ളില്‍ 3.2 മുതല്‍ 4.7 വരെ തീവ്രത രേഖപ്പെടുത്തിയ ഏഴ് ഭൂചലനങ്ങള്‍ രേഖപ്പെടുത്തി.
പ്രഭവകേന്ദ്രമായ സോണിത്പൂരിലെ ഒരു റോഡില്‍ ഭൂകമ്പത്തിന്‍റെ ആഘാതത്തെത്തുടര്‍ന്ന് ഒരു വിള്ളല്‍ ഉണ്ടായി. അതേസമയം നിരവധി കെട്ടിടങ്ങള്‍ക്കും മതിലുകള്‍ക്കും മറ്റും നാശനഷ്ടമുണ്ടായി.വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഭൂകമ്പം ഉണ്ടായതെന്ന് അസമിലെയും ഉത്തര ബംഗാളിലെയും നാട്ടുകാര്‍ അറിയിച്ചു. ഭൂകമ്പത്തെക്കുറിച്ച് ട്വീറ്റ് ചെയ്തവരില്‍ ആസാം മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും ഉള്‍പ്പെടുന്നു.’വലിയ ഭൂകമ്പം ആസാമിനെ ബാധിച്ചു. എല്ലാവരുടെയും ക്ഷേമത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, ജാഗ്രത പാലിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. എല്ലാ ജില്ലകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്’ എന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.
ഭൂകമ്പത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആസാം മുഖ്യമന്ത്രി സോനോവാളുമായി സംസാരിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ അദ്ദേഹം പ്രധാനന്ത്രിയെ ധരിപ്പിച്ചു. കേന്ദ്രത്തില്‍ നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി ഉറപ്പ് നല്‍കി.
ഭൂകമ്പം കുറഞ്ഞത് 30 സെക്കന്‍ഡ് വരെ നീണ്ടുനിന്നിരിക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആ സമയത്ത് കെട്ടിടങ്ങള്‍ കുലുങ്ങുന്നത് അവര്‍ കണ്ടിരുന്നു. 29 കിലോമീറ്റര്‍ (18 മൈല്‍) ചുറ്റളവില്‍ ചലനങ്ങളുണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. എന്നാല്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതല്ലാതെ ആളപായമോ പരിക്കുകളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഈ മാസം ആദ്യം ഏപ്രില്‍ 6 ന് അസമില്‍ ടിന്‍സുകിയയില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. അതിനു ഒരു ദിവസം മുമ്പ് റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പം സിക്കിം-നേപ്പാള്‍ അതിര്‍ത്തിയില്‍ ഉണ്ടായി.ബീഹാര്‍, പശ്ചിമ ബംഗാള്‍, അസം, മേഘാലയ, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായാണ് നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി (എന്‍സിഎസ്) പറയുന്നത്.