ഐടിക്ക് മോദിയുടെ പ്രശംസ ഇന്ത്യക്കായി നിര്‍മിക്കൂ; മോദിയുടെ ആഹ്വാനം
1 min readഐടി വ്യവസായത്തില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷകളാണ് ഉള്ളതെന്ന് മോദി
ഇന്നൊവേഷനില്‍ ശ്രദ്ധ വെക്കാന്‍ ആഹ്വാനം
ആഭ്യന്തര വിപണിക്ക് ടെക്നോളജി വികസനത്തില്‍ നിന്ന് നേട്ടമുണ്ടാകണം
ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഐടി വ്യവസായത്തെ ആവോളം പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാമാരിയുടെ വര്‍ഷമായിട്ട് കൂടി ആരോഗ്യകരമായ വളര്‍ച്ച രേഖപ്പെടുത്താനും ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഐടി കമ്പനികള്‍ക്ക് സാധിച്ചു. ഇന്ത്യക്കായി നിര്‍മിക്കാന്‍ പ്രധാനമന്ത്രി ഐടി കമ്പനികളോട് ആഹ്വാനം ചെയ്തു. ടെക്നോളജി വികസനം ആഭ്യന്തര വിപണിക്ക് ഉപകാരപ്രദമാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ വളരെ വലിയ കാര്യങ്ങളാണ് ലോകം പ്രതീക്ഷിക്കുന്നത്. വെല്ലുവിളി എത്രമാത്രമാണെങ്കിലും നമ്മള്‍ തളരരുത്. വെല്ലുവിളികള്‍ ഭയന്ന് ഒളിച്ചോടുകയുമരുത്. മുഴുവന്‍ ലോകത്തിനുമായി ഇന്ത്യ മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിനുകള്‍ വിതരണം ചെയ്യുകയാണ്. ലോകത്തിനാകെ പ്രചോദനമാണ് ഇന്ത്യയുടെ കോവിഡ് പരിഹാരങ്ങള്‍-നാസ്കോം ടെക്നോളജി ആന്‍ഡ് ലീഡര്‍ഷിപ്പ് ഫോറത്തിന്‍റെ വെര്‍ച്വല്‍ പതിപ്പില്‍ സംസാരിക്കവെ മോദി പറഞ്ഞു.
അല്‍ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യന്‍ ഐടി വ്യവസായത്തിന് സാധിച്ചിട്ടുണ്ട്. ബില്യണ്‍കണക്കിന് ഡോളര്‍ വരുമാനമുണ്ടാക്കാനും ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഈ കോവിഡ് മഹാമാരിക്കാലത്ത് പോലും അവര്‍ക്ക് സാധിച്ചു. എന്തുകൊണ്ടാണ് ഐടി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ശക്തമായ തൂണാണെന്ന് പറയുന്നത് എന്നതിനുള്ള ഉത്തരം കൂടിയാണ് ആ മേഖലയുടെ വികസന കണക്കുകള്‍. ഓരോ സൂചകങ്ങളും ബോധ്യപ്പെടുത്തുന്നത് പുതിയ ഉയരങ്ങളിലേക്ക് ഇന്ത്യന്‍ ഐടി രംഗം കുതിക്കുമെന്നാണ്-മോദി വ്യക്തമാക്കി.
ഇന്ത്യയെ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിനുള്ള സര്‍ക്കാര്‍ നയങ്ങളെ കുറിച്ചും മോദി സൂചിപ്പിച്ചു. ആഗോളതലത്തില്‍ ഇന്ത്യന്‍ ഐടി രംഗം വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ ആഭ്യന്തര വിപണിക്ക് അതിന്‍റെ നേട്ടങ്ങള്‍ വേണ്ടത്ര ലഭിച്ചിട്ടില്ല. ഡിജിറ്റല്‍ ഡിവൈഡിന് അത് കാരണമായിട്ടുണ്ട്. ആ വിടവ് നികത്താനാണ് വിവിധ പദ്ധതികളിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ന് വര്‍ക്ക് ഫ്രം ഹോം എന്നതെല്ലാം വളരെ എളുപ്പമേറിയ കാര്യമായി തീര്‍ന്നിരിക്കുന്നു.
ഐടി വ്യവസായത്തോട് മെയ്ക്ക് ഫോര്‍ ഇന്ത്യക്കായി നിലകൊള്ളാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. വലിയ പ്രതീക്ഷയാണ് ഐടി വ്യവസായത്തില്‍ ഇന്ത്യന്‍ ജനതയ്ക്കുള്ളത്. നിങ്ങളുടെ പരിഹാരങ്ങള്‍ മെയ്ഡ് ഫോര്‍ ഇന്ത്യ എന്ന വികാരം മനസില്‍ സൂക്ഷിച്ചുള്ളതാകണം-അദ്ദേഹം ചൂണ്ടിക്കാട്ടി.
അതര്‍ സര്‍വീസ് പ്രൊവൈഡര്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ അയവ് വരുത്തിയ സര്‍ക്കാര്‍ നയങ്ങള്‍ ഏറെ ഗുണം ചെയ്തുവെന്ന് ഐടി വ്യവസായ വിദഗ്ധര്‍ വിലയിരുത്തി. റിമോട്ട് വര്‍ക്കിംഗ് സംസ്കാരം സുഗമമാകുന്നതിന് അത് വഴിവെച്ചു. മഹാമാരി തൊടുത്തുവിട്ട വെല്ലുവിളികളെ അതിജീവിക്കാന്‍ ഐടി വ്യവസായത്തിന് സാധിച്ചുവെന്ന് വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി അഭിപ്രായപ്പെട്ടു.
സ്വകാര്യ മേഖല ഒരു ട്രേഡര്‍ മനസ്ഥിതിയില്‍ നിന്ന് മെയ്ക്കര്‍ മനസ്ഥിതിയിലേക്ക് എത്തണമെന്ന് സോഹോയുടെ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു അഭിപ്രായപ്പെട്ടു. ആത്മനിര്‍ഭര്‍ ഭാരതിലാകണം സ്വകാര്യമേഖലയുടെ ശ്രദ്ധയെന്നും അദ്ദേഹം.
2021 മാര്‍ച്ച് ആകുമ്പോഴേക്കും ടെക്നോളജി വ്യവസായം 194 ബില്യണ്‍ ഡോളറിലെത്തുമെന്ന് നാസ്കോമിന്‍റെ റിപ്പോര്‍ട്ട് വിലയിരുത്തുന്നുണ്ട്. ഏകദേശം 2.3 ശതമാനത്തിന്‍റെ വളര്‍ച്ചയാകും രേഖപ്പെടുത്തുക. 150 ബില്യണ്‍ ഡോളറിന്‍റേതാണ് കയറ്റുമതി. പോയ വര്‍ഷം ഇത് 147 ബില്യണ്‍ ഡോളറായിരുന്നു.
…………………………..
2021 മാര്‍ച്ച് ആകുമ്പോഴേക്കും ടെക്നോളജി വ്യവസായം 194 ബില്യണ്‍ ഡോളറിലെത്തുമെന്ന് നാസ്കോമിന്‍റെ റിപ്പോര്‍ട്ട് വിലയിരുത്തുന്നുണ്ട്. ഏകദേശം 2.3 ശതമാനത്തിന്‍റെ വളര്‍ച്ചയാകും രേഖപ്പെടുത്തുക.