മഹീന്ദ്ര ഡബ്ല്യു601 ഇനി എക്‌സ്‌യുവി 700
2022 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും
മുംബൈ: മഹീന്ദ്രയുടെ വരാനിരിക്കുന്ന ഡബ്ല്യു601 സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന് മഹീന്ദ്ര എക്‌സ്‌യുവി 700 എന്ന് നാമകരണം ചെയ്തു. 2022 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനമാണ് നിലവില്‍ ഡബ്ല്യു601 എന്ന് കോഡ്‌നാമം നല്‍കിയിരിക്കുന്ന പ്രോജക്റ്റ്.
പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ മഹീന്ദ്ര എക്‌സ്‌യുവി 700 അവതരിപ്പിക്കുമെന്ന് ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ അറിയിച്ചു. രണ്ട് എന്‍ജിനുകള്‍ക്കും മാന്വല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭിക്കും. ചില വേരിയന്റുകളില്‍ ഓപ്ഷണല്‍ എക്‌സ്ട്രാ ആയി ഓള്‍ വീല്‍ ഡ്രൈവ് (എഡബ്ല്യുഡി) സംവിധാനം നല്‍കും.
മഹീന്ദ്രയുടെ പുതിയ പതാകവാഹക എസ്‌യുവി ആയിരിക്കും എക്‌സ്‌യുവി 700. നിലവിലെ മഹീന്ദ്ര എക്‌സ്‌യുവി 500 വിരാജിക്കുന്ന അതേ സെഗ്‌മെന്റിലേക്ക് പുതിയ മോഡല്‍ കടന്നുവരും. മഹീന്ദ്ര ഡബ്ല്യു601 പരീക്ഷണ ഓട്ടം നടത്തുന്നത് ഇതിനകം പലപ്പോഴായി കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയിലെ പുണെയ്ക്കു സമീപം ചാകണ്‍ പ്ലാന്റില്‍ നിര്‍മിക്കും.
മഹീന്ദ്രയില്‍നിന്ന് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉല്‍പ്പന്നങ്ങളിലൊന്നാണ് എക്‌സ്‌യുവി 700 എന്ന് പേര് പ്രഖ്യാപിക്കുന്ന വേളയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വീജയ് നക്ര പ്രസ്താവിച്ചു. പുതു തലമുറ മഹീന്ദ്ര എസ്‌യുവികളുടെ തുടക്കമായിരിക്കും എക്‌സ് യുവി 700 എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.