September 13, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2021 ബിഎംഡബ്ല്യു 6 സീരീസ് ജിടി വിപണിയില്‍  

ഇന്ത്യ എക്‌സ് ഷോറൂം വില 67.90 ലക്ഷം രൂപ മുതല്‍  

മുംബൈ: ഫേസ്‌ലിഫ്റ്റ് ചെയ്ത 2021 ബിഎംഡബ്ല്യു 6 സീരീസ് ജിടി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ലക്ഷ്വറി ലൈന്‍, എം സ്‌പോര്‍ട്ട് എന്നിവയാണ് രണ്ട് ഡിസൈന്‍ വകഭേദങ്ങള്‍. 630ഐ എം സ്‌പോര്‍ട്ട്, 620ഡി ലക്ഷ്വറി ലൈന്‍, 630ഡി എം സ്‌പോര്‍ട്ട് എന്നീ മൂന്ന് വേരിയന്റുകളില്‍ ലഭിക്കും. യഥാക്രമം 67.90 ലക്ഷം രൂപ, 68.90 ലക്ഷം രൂപ, 77.90 ലക്ഷം രൂപയാണ് ഇന്ത്യയിലെങ്ങും എക്‌സ് ഷോറൂം വില.

ഫേസ്‌ലിഫ്റ്റ് ചെയ്ത പുതിയ 6 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ കഴിഞ്ഞ വര്‍ഷം ആഗോള അരങ്ങേറ്റം നടത്തിയിരുന്നു. പരിഷ്‌കരിച്ച സ്റ്റൈലിംഗ്, കൂടുതല്‍ ഫീച്ചറുകള്‍ എന്നിവയോടെ, സെഡാന്റെ പ്രായോഗികത സഹിതം കൂപ്പെ സ്റ്റൈല്‍ ഡിസൈനിലാണ് കാര്‍ വരുന്നത്. നിലവിലെ 5 സീരീസിനേക്കാള്‍ കൂടുതല്‍ നീളമുള്ളവനാണ് പുതിയ 6ജിടി. ഇതോടെ കൂടുതല്‍ സ്ഥലസൗകര്യം, സുഖയാത്ര എന്നിവ പ്രതീക്ഷിക്കാം.

രണ്ട് ഡീസല്‍, ഒരു പെട്രോള്‍ എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് പുതിയ ബിഎംഡബ്ല്യു 6 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ വരുന്നത്. 2.0 ലിറ്റര്‍ ഡീസല്‍, 3.0 ലിറ്റര്‍ സ്‌ട്രെയ്റ്റ് സിക്‌സ് ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിമീ വേഗമാര്‍ജിക്കാന്‍ 6.5 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത.

വിസ്തൃതമായ കിഡ്‌നി ഗ്രില്‍, റീസ്‌റ്റൈല്‍ ചെയ്ത ഹെഡ്‌ലൈറ്റുകള്‍, പുതുക്കിപ്പണിത ബംപറുകള്‍ എന്നിവ പരിഷ്‌കാരങ്ങളില്‍ ഉള്‍പ്പെടുന്നു. പിറകില്‍ പുതിയ ടെയ്ല്‍ലൈറ്റുകള്‍ നല്‍കി. മുമ്പത്തെപ്പോലെ നോച്ച്ബാക്ക് ഡിസൈന്‍ തുടരുന്നു. അലോയ് വീലുകള്‍ പുതിയതാണ്. മറ്റ് ചെറിയ പരിഷ്‌കാരങ്ങളും കാണാം. എല്‍ഇഡി അഡാപ്റ്റീവ് ഹെഡ്‌ലൈറ്റ് സ്റ്റാന്‍ഡേഡായി നല്‍കി. എന്നാല്‍ ഓപ്ഷണലായി ലേസര്‍ലൈറ്റ് ഹെഡ്‌ലാംപുകള്‍ ലഭിക്കും. രണ്ട് ഭാഗങ്ങളായി വലിയ പനോരമിക് സണ്‍റൂഫ് സവിശേഷതയാണ്.

കാബിനിലും പ്രധാനപ്പെട്ട പരിഷ്‌കാരങ്ങള്‍ നല്‍കി. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി സഹിതം പുതുതായി 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ആംബിയന്റ് ലൈറ്റിംഗ്, 360 ഡിഗ്രി കാമറ, 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്‍ നിരയില്‍ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സീറ്റുകള്‍, ‘എം സ്‌പോര്‍ട്ട്’ വേരിയന്റുകളില്‍ ബിഎംഡബ്ല്യു ലേസര്‍ ലൈറ്റ് എന്നിവയാണ് മറ്റ് സ്റ്റാന്‍ഡേഡ് ഫീച്ചറുകള്‍. അഡാപ്റ്റീവ് റിയര്‍ സ്‌പോയ്‌ലര്‍, സെല്‍ഫ് ലെവലിംഗ് സഹിതം എയര്‍ സസ്‌പെന്‍ഷന്‍, വിവിധ ഡ്രൈവിംഗ് മോഡുകള്‍ തുടങ്ങിയ ഫീച്ചറുകളും ലഭിക്കും.

Maintained By : Studio3