മഹീന്ദ്ര ഥാര്‍ ബുക്കിംഗ് അമ്പതിനായിരം പിന്നിട്ടു
ഡെലിവറി ലഭിക്കുന്നതിന് ഇപ്പോള്‍ പതിനൊന്ന് മാസത്തില്‍ കൂടുതല്‍ കാത്തിരിക്കണം
മുംബൈ: ഇന്ത്യയില്‍ മഹീന്ദ്ര ഥാര്‍ എസ്‌യുവിയുടെ ബുക്കിംഗ് 50,000 യൂണിറ്റ് പിന്നിട്ടു. എസ്‌യുവി ബുക്ക് ചെയ്തശേഷം ഡെലിവറി ലഭിക്കുന്നതിന് ഇപ്പോള്‍ പതിനൊന്ന് മാസത്തില്‍ കൂടുതല്‍ കാത്തിരിക്കണം. ഉയര്‍ന്ന ആവശ്യകതയും അര്‍ധചാലകങ്ങളുടെ ക്ഷാമവുമാണ് വെയ്റ്റിംഗ് പിരീഡ് ഇത്രയധികം വര്‍ധിക്കാന്‍ കാരണം. കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറിലാണ് രണ്ടാം തലമുറ മഹീന്ദ്ര ഥാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. വിപണിയിലെ ആവശ്യകത മനസ്സിലാക്കി ഉല്‍പ്പാദനം നേരത്തെ വര്‍ധിപ്പിച്ചിരുന്നു.
തെരഞ്ഞെടുക്കുന്ന വേരിയന്റ് അനുസരിച്ച്, ഇപ്പോള്‍ പരമാവധി 46 മുതല്‍ 47 ആഴ്ച്ച വരെയാണ് കാത്തിരിപ്പുകാലം. പതിനൊന്ന് മാസം വരെ കാത്തിരിക്കേണ്ടിവരും. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുടെ ഹാര്‍ഡ് ടോപ്പ് ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വെയ്റ്റിംഗ് പിരീഡ്. ഏറ്റവും കുറവ് വെയ്റ്റിംഗ് പിരീഡ് കണ്‍വെര്‍ട്ടിബിള്‍ മോഡലിനാണ്. 25 മുതല്‍ 26 ആഴ്ച്ച വരെ.
ഉയര്‍ന്ന ആവശ്യകതയും അര്‍ധചാലകങ്ങളുടെ ക്ഷാമവുമാണ് വെയ്റ്റിംഗ് പിരീഡ് ഇത്രയധികം വര്‍ധിക്കാന്‍ കാരണം. ആഗോളതലത്തില്‍ നേരിടുന്ന അര്‍ധചാലക ചിപ്പുകളുടെ ക്ഷാമം കാരണം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ഇല്ലാതെയാണ് എസ്‌യുവി ഡീലര്‍ഷിപ്പുകളിലെത്തുന്നത്. ഉപയോക്താക്കള്‍ക്ക് ഡെലിവറി ചെയ്യുന്നതിനായി ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റത്തിനായി കാത്തിരിക്കുകയാണ് ഡീലര്‍ഷിപ്പുകള്‍.
രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് മഹീന്ദ്ര ഥാര്‍ വിപണിയില്‍ അവതരിപ്പിച്ചത്. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നിവയാണ് ഓപ്ഷനുകള്‍. പെട്രോള്‍ എന്‍ജിന്‍ 150 പിഎസ് കരുത്തും 320 എന്‍എം (മാന്വല്‍ ട്രാന്‍സ്മിഷനില്‍ 300 എന്‍എം) ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 130 പിഎസ് കരുത്തും 300 എന്‍എം ടോര്‍ക്കുമാണ് ഡീസല്‍ മോട്ടോര്‍ പുറപ്പെടുവിക്കുന്നത്. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവ രണ്ട് എന്‍ജിനുകളുടെയും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ്.