November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലുലു ഗ്രൂപ്പ് അരൂരിൽ സമുദ്രോത്പ്പന്ന കയറ്റുമതി കേന്ദ്രം തുറന്നു

1 min read

കൊച്ചി : റീട്ടെയ്ൽ‌ മേഖലയ്ക്ക് പുറമേ ഭക്ഷ്യസംസ്കരണ കയറ്റുമതി രംഗത്തും കേരളത്തിൽ പുതിയ വികസന അധ്യായം തുറന്ന് ലുലു ഗ്രൂപ്പ്. സംസ്ഥാനത്തെ ഏറ്റവും ബൃഹത്തായ സമുദ്രോത്പ്പന്ന കയറ്റുമതി കേന്ദ്രം അരൂരിൽ പ്രവർത്തനം ആരംഭിച്ചു. പൂർണമായും ഓട്ടോമാറ്റിക് സൗകര്യത്തിലുള്ള നൂതനമായ സജ്ജീകരണങ്ങളാണ് ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പ്പന്ന സംസ്കരണ കയറ്റുമതി കേന്ദ്രത്തിലുള്ളത്. 150 കോടി മുതൽമുടക്കിലാണ് സംസ്ഥാനത്തെ ഏറ്റവും വിപുലമായ ഈ സമുദ്രോത്പ്പന്ന കേന്ദ്രം ഒരുങ്ങിയിട്ടുള്ളത്. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യ മത്സ്യസംസ്കരണ യൂണിറ്റ് കൂടിയാണ് ഈ അത്യാധുനിക സംവിധാനത്തിലുള്ള സമുദ്രോത്പ്പന്ന കയറ്റുമതി കേന്ദ്രം. 800 പേർക്കാണ് പുതിയ പുതിയ തൊഴിലവസരം ഒരുങ്ങുന്നത്.

മറൈൻ പ്രൊഡ്കട്സ് എക്സ്പോർട്ട് ഡെവൽപ്പ്മെന്റ് അതോറിറ്റി (MPEDA) ചെയർമാൻ ദൊഡ്ഡ വെങ്കടസ്വാമി ഐഎഎസിന്റെ സാന്നിദ്ധ്യത്തിൽ, വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം നിർവ്വഹിച്ചു. സമുദ്രോത്പ്പന്ന കയറ്റുമതി രംഗത്ത് കേരളത്തിന് മികച്ച സാധ്യതയാണ് ഉള്ളതെന്നും, ലുലു ഗ്രൂപ്പിന്റെ ഈ സംരംഭം മത്സ്യസംസ്കരണ രംഗത്തെ വിപ്ലവമാകുമെന്നും മന്ത്രി പി രാജീവ് ഉദ്ഘാടന പ്രസംഗത്തിനിടെ വ്യക്തമാക്കി. കേരളത്തിലെ യൂണിറ്റുകളിൽ 75ശതമാനവും ഇയു സർട്ടിഫൈഡാണ്, ഏറ്റവും നൂതനമായ സംവിധാനത്തിലുള്ള ലുലു ഗ്രൂപ്പിന്റെ പുതിയ കേന്ദ്രം മത്സ്യതൊഴിലാളി മേഖലയ്ക്ക് വലിയ കൈത്താങ്ങാകുമെന്നും മന്ത്രി കൂട്ടിചേർത്തു. സംസ്ഥാനത്തെ ഭക്ഷ്യസംസ്കരണ മേഖലയിലേക്കുള്ള ലുലു ഗ്രൂപ്പിന്റെ ഈ ചുവടുവയ്പ്പ് പുതിയ മാറ്റങ്ങൾക്ക് തുടക്കംകുറിക്കുമെന്നും കൂടുതൽ യൂണിറ്റുകൾ കേരളത്തിൽ വിവിധയിടങ്ങളിൽ തുറക്കണമെന്നും മന്ത്രി ചൂണ്ടികാട്ടി.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

സമുദ്ര വിഭവങ്ങൾ സംസ്കരിച്ച് കയറ്റുമതി ചെയ്യുന്നതിനോടൊപ്പം സമുദ്ര ഉൽപ്പന്നങ്ങളിൽ നിന്നുള്ള മൂല്യവർധിത ഉല്പന്നങ്ങളുടെ കയറ്റുമതിയും ഈ കേന്ദ്രത്തിലൂടെ ലുലു ഉറപ്പ് വരുത്തുന്നു. മൂല്യവർധിത ഉൽപ്പന്നങ്ങൾക്കായി മാത്രം പ്രത്യേക യൂണിറ്റുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ നേരിട്ടും അല്ലാതെയും 800 ലധികം ആളുകൾക്കാണ് പുതുതായി തൊഴിൽ ലഭ്യമാകുന്നത്. മാസം 2,500 ടൺ സമുദ്രോത്പന്നങ്ങൾ സംസ്കരിച്ച് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

കേരളത്തിലെ മത്സ്യതൊഴിലാളികൾക്ക് ഏറെ പ്രയോജനകരമാകുന്നതാണ് ഈ പദ്ധതിയെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. മത്സ്യത്തിന് മികച്ച വില തൊഴിലാളികൾക്ക് ലഭിക്കാനും പുതിയ പദ്ധതി വഴിതുറക്കും. പച്ചക്കറി പഴം കയറ്റുമതിയിൽ രാജ്യത്തെ ഏറ്റവും വലിയ എക്സ്പോർട്ടറാണ് ലുലു ഗ്രൂപ്പ്. ഈജിപ്ത്, ഇന്തോനേഷ്യ അടക്കമുള്ള രാജ്യങ്ങളിലെ സൈനിക സംവിധാനങ്ങൾക്ക് വരെ ഇന്ത്യയിലെ ഉൽപ്പന്നങ്ങൾ ഇതിലൂടെ ലഭ്യമാക്കുന്നുണ്ട്. ഈ വർഷം പതിനായിരം കോടി രൂപയുടെ കയറ്റുമതിയാണ് ലുലു ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കളമശ്ശേരിയിൽ രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത് തന്നെ ആരംഭിക്കുമെന്ന് യൂസഫ് അലി വ്യക്തമാക്കി. പുതിയ നിക്ഷേപ പദ്ധതികൾക്ക് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി.രാജീവും നൽകുന്ന മികച്ച പിന്തുണ അഭിനന്ദനാർഹമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

കേരളത്തിൽ നിന്നുള്ള മത്സ്യഉൽപ്പന്നങ്ങൾ ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, യൂറോപ്പ്, യു.കെ. യു.എസ്., ജപ്പാൻ, കൊറിയ, ചൈന തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും.വിദേശത്തെ ലുലു ഹൈപ്പർമാർക്കറ്റുകളാണ് പ്രധാന വിപണി. ലുലു ഗ്രൂപ്പിൻ്റെ കയറ്റുമതി ഡിവിഷനായ ഫെയർ എക്സ്പോർട്സ് ഇന്ത്യ ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ച 2022-2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നും 6,200 കോടി രൂപയുടെ പഴം പച്ചക്കറികൾ, സുഗന്ധ വ്യഞ്ജനങ്ങൾ, മത്സ്യ മാംസവിഭവങ്ങൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളാണ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. ഇതിൽ കേരളത്തിൽ നിന്നുള്ള വിഹിതം 560 കോടി രൂപയുടെ ഉത്പ്പന്നങ്ങളാണ്. കേരളത്തിൽ നിന്നുള്ള കയറ്റുമതി വിഹിതം വർധിപ്പിക്കുകയെന്ന ലക്ഷ്യമാണ് പുതിയ പദ്ധതിയിലൂടെ ലുലു യാഥാർത്ഥ്യമാക്കുന്നത്.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

സംസ്ഥാനത്തെ ഭക്ഷ്യകയറ്റുമതിയിൽ പത്ത് ശതമാനവും മൂല്യവർധിത ഉല്പന്നങ്ങളാണ്. ഈ മേഖലയിൽ വൈദഗ്ധ്യമുള്ള തൊഴിലാളികൾ സംസ്ഥാനത്ത് ധാരാളമായുണ്ടെന്നും ലുലു ഗ്രൂപ്പിന്റെ പുതിയ സംരംഭം തൊഴിലാളികൾക്കും ഏറെ ഗുണമാകുമെന്നും കേന്ദ്രസർക്കാർ സ്ഥാപനമായ മറൈൻ പ്രൊഡ്കട്സ് എക്സ്പോർട്ട് ഡെവൽപ്പ്മെന്റ് അതോറിറ്റി ചെയർമാൻ ദൊഡ്ഡ വെങ്കടസ്വാമി ഐഎഎസ് പറഞ്ഞു. തായ്ലാൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരായ തൊഴിലാളികളുടെ സേവനം ലഭ്യമാക്കണമെന്ന് ഈ രാജ്യങ്ങളിലെ എംബസികളോട് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇവരുടെ സാന്നിദ്ധ്യം കൂടുതൽ പ്രയോജനപ്പെടുത്തി പുതിയ വികസന സാധ്യകൾ ലുലു ഗ്രൂപ്പിന് തുറക്കാൻ കഴിയട്ടെ എന്നും ദൊഡ്ഡ വെങ്കടസ്വാമി ആശംസിച്ചു.

ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ സലീം വി.ഐ, ലുലു ഗ്രൂപ്പ് ഡയറക്ടർ സലീം എം.എ, ലുലു ഡയറക്ടർ മുഹമ്മദ് അൽത്താഫ്, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ്, ലുലു ഫെയർ എക്സ്പോർട്ടസ് സിഇഒ നജ്മുദ്ദീൻ ഇബ്രാഹിം, ഫെയർ എക്പോർട്സ് ജനറൽ മാനേജർ അനിൽ ജലധാരൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

Maintained By : Studio3