കേരളത്തില്‍ ഇളവുകള്‍ ഇനി ടിപിആര്‍ അടിസ്ഥാനത്തില്‍
1 min read- ടിപിആര്‍ 30ന് മുകളിലെങ്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
- നേരത്തെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ജൂണ്‍ 16ന് തീരും
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടില്ല. ജൂണ്‍ 17 മുതല്‍ തദ്ദേശ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ചാകും നിയന്ത്രണം ഏര്‍പ്പെടുത്തുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്(ടിപിആര്‍) അടിസ്ഥാനപ്പെടുത്തിയാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ടിപിആര്‍ 30ന് മുകളിലുള്ള സംസ്ഥാനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ പ്രദേശത്തെയും കോവിഡ് വ്യാപന സാഹചര്യങ്ങള്‍ അനുസരിച്ചാകും ഇളവുകളും അണ്‍ലോക്കും നിശ്ചയിക്കപ്പെടുക.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് മുകളിലുള്ള സ്ഥലങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആകും ഏര്‍പ്പെടുത്തുക. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന്‍റെ ഫലമായി സംസ്ഥാനത്ത് ടിപിആര്‍ ഗണ്യമായി കുറഞ്ഞിരുന്നു. എങ്കിലും പല തദ്ദേശ സ്ഥാപനങ്ങളിലും ടിപിആര്‍ നിരക്ക് 35 ശതമാനത്തില്‍ കൂടുതലാണ്. ഇത് കണക്കിലെടുത്ത് ലോക്ക്ഡൗണ്‍ നീട്ടിയാല്‍ ജനങ്ങള്‍ക്ക് ദുരിതം ഏറുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചത്. ലോക്ക്ഡൗണ്‍ കാറണം ദിവസ വേതനക്കാര്‍ ഉള്‍പ്പടെ നിരവധി പേരുടെ തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടുകയും ജീവിക്കാന്‍ കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെടുകയുമുണ്ടായി. ഈ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ തുടര്‍ന്നാല്‍ രൂക്ഷമായ സാമ്പത്തിക ഞെരുക്കത്തിലേക്ക് സമൂഹം എത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഡെല്‍ഹി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ വലിയ ഇളവുകള്‍ നല്‍കി കാര്യങ്ങള്‍ സാധാരണ നിലയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്.
പൊതുഗതാഗം ഭാഗികമായി അനുവദിക്കപ്പെടും. ബാര്‍ബര്‍ ഷോപ്പുകള്‍, വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാകും. സംസ്ഥാനത്ത് 30 ട്രെയിനുകള്‍ ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിക്കും. കോഴിക്കോട്-തിരുവനന്തപുരം, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി സര്‍വീസുകള്‍ ഉള്‍പ്പടെയുള്ള ട്രെയിനുകളാണ് സര്‍വീസ് പുനരാരംഭിക്കുക.
അതേസമയം രാജ്യത്തെ സജീവ കോവിഡ് കേസുകള്‍ 9,13,378 ആയി കുറഞ്ഞു. ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 60,471 പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 75 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യമെമ്പാടുമായി 2,82,80,472 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടി. 1,17,525 പേര്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടി. തുടര്‍ച്ചയായ 33-ാം ദിവസവും രോഗമുക്തി നേടുന്നവരുടെ എണ്ണം രോഗം സ്ഥിരീകരിക്കുന്നവരെക്കാള്‍ കൂടുതലായി. രോഗമുക്തി നിരക്ക് 95.64% ആയി ഉയര്‍ന്നിട്ടുമുണ്ട്. പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 5%-ത്തില്‍ താഴെയാണ്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 3.45% മാത്രമാണ്. തുടര്‍ച്ചയായ എട്ടാം ദിവസവും ഇത് 5 ശതമാനത്തില്‍ താഴെയാണെന്നത് ശ്രദ്ധേയമാണ്.
ദേശീയ വാക്സിനേഷന്‍ യജ്ഞത്തിന് കീഴില്‍ രാജ്യവ്യാപകമായി 25.90 കോടി വാക്സിന്‍ ഡോസുകളാണ് കേന്ദ്രം വിതരണം ചെയ്തത്.