വരാണസി ആശുപത്രികള്‍ക്ക് ഇനി സ്വന്തമായി ഓക്‌സിജന്‍ പ്ലാന്റുകളും
ഏഴ് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഇപ്പോള്‍ തന്നെ സ്വന്തമായി ഓക്‌സിജന്‍ പ്ലാന്റുകളുണ്ട്
വരാണസി: വരാണസി ജില്ലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളും കമ്മ്യൂണിറ്റി ഹെല്‍ക്ക് സെന്ററുകളും ഓക്‌സിജന്‍ ഉല്‍പ്പാദനത്തില്‍ ഉടന്‍ സ്വയം പര്യാപ്തത കൈവരിക്കും. വിവിധ സംഘടനകളുടെ കോര്‍പ്പറേറ്റ്, സാമൂഹ്യ പ്രതിബദ്ധത ഫണ്ടുകളുടെ സഹായത്തോടെ ഈ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് സ്വന്തമായി ഓക്‌സിജന്‍ പ്ലാന്റുകള്‍ ആരംഭിക്കാനാണ് പദ്ധതി. ഏഴ് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതിനോടകം തന്നെ ഓക്‌സിജന്‍ പ്ലാന്റുകളുണ്ട്. ജൂലൈ അവസാനത്തോടെ ഒമ്പത് സിഎച്ച്‌സികള്‍ക്ക് കൂടി സ്വന്തം ഓക്‌സിജന്‍ പ്ലാന്റുകള്‍ നിലവില്‍ വരും.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും (പിഎച്ച്‌സി) ഓക്‌സിജന്‍ പ്ലാന്റുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആശുപത്രികളില്‍ പരമാവധി ഓക്‌സിജന്‍ പ്ലാന്റുകള്‍ ഉള്ള നഗരമാണ് വരാണസിയെന്ന് ജി്ല്ലയിലെ ഡിവിഷണല്‍ കമ്മീഷണറായ ദീപക് അഗര്‍വാള്‍ പറഞ്ഞു. ഏപ്രിലില്‍ കോവിഡ് രണ്ടാം തരംഗം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആശുപത്രികളിലെ 900 കിടക്കകളില്‍ ഓക്‌സിജന്‍ വിതരണ സൗകര്യമൊരുക്കിയിരുന്നു. പക്ഷേ സ്വകാര്യ മേഖലയിലെ കുറച്ച് യൂണിറ്റുകളില്‍ നിന്നുള്ള സിലിണ്ടറുകളെ ആശ്രയിച്ചായിരുന്നു ഇവിടങ്ങളിലെ ഓക്‌സിജന്‍ വിതരണം.
ഓക്‌സിജന്‍ സിലിണ്ടറുകളുടെ വിതരണം മതിയാകാതെ വരികയും ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകള്‍ക്കും വെന്റിലേറ്ററുകള്‍ക്കുമുള്ള ആവശ്യകത പാരമ്യത്തിലെത്തുകയും ചെയ്ത മാസമായിരുന്നു ഏപ്രില്‍. കടുത്ത ഓക്‌സിജന്‍ ക്ഷാമം നിരവധി ജീവനുകള്‍ എടുത്തത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും ഓക്‌സിജന്‍ പ്ലാന്റുകള്‍ ആരംഭിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.