മൂന്നാം തരംഗത്തിന് മുന്‍പേ മരുന്നുകളുടെയും സുരക്ഷാ ഉല്‍പ്പന്നങ്ങളുടെയും വിപുലമായ ഉല്‍പ്പാദനത്തിനൊരുങ്ങി കേരളം
നിലവില്‍ സംസ്ഥാനത്തിന് ആവശ്യമുള്ള മരുന്നുകളുടെ 90 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുകയാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്നുകളുടെയും മെഡിക്കല്‍ സുരക്ഷ ഉപകരങ്ങളുടേയും വിപുലമായ ഉല്‍പ്പാദനം സാധ്യമാക്കുന്നതിന് സര്‍ക്കാര്‍ തയാറെടുക്കുന്നു. സംസ്ഥാനത്തിനാവശ്യമായ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും സംസ്ഥാനത്തു തന്നെ നിര്‍മിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഇന്നലെ ആരോഗ്യ, വ്യവസായ വകുപ്പുകള്‍ തമ്മില്‍ ചര്‍ച്ച നടത്തി. നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന്‍റെ ഭാഗമായി ആരോഗ്യ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും കെ.എം.എസ്.സി.എല്‍., കെ.എസ്.ഡി.പി.എല്‍. മാനേജിംഗ് ഡയറക്ടര്‍മാരും ചേര്‍ന്ന കമ്മിറ്റിയുണ്ടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍, കോവിഡ് മൂന്നാം തരംഗത്തിന്‍റെ വരവിന് മുമ്പ് തന്നെ ഉല്‍പ്പാദനം വിപുലമാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളാണ് ഉണ്ടായത്. അടിയന്തിര സാഹചര്യങ്ങളില്‍ ഗ്ലൗസ്, മാസ്ക്, പിപിഇ.കിറ്റ്, തുടങ്ങിയ സുരക്ഷാ സാമഗ്രികളുടേയും മെഡിക്കല്‍ ഉപകരണങ്ങളുടേയും ലഭ്യത സംസ്ഥാനത്തു തന്നെ ഉറപ്പാക്കാനാകുന്ന സാഹചര്യമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
മരുന്ന് നിര്‍മാണം സംബന്ധിച്ച് വ്യവസായ വകുപ്പ് ഗൗരവമായി ചിന്തിക്കുന്ന സമയത്തു തന്നെയാണ് ആരോഗ്യ വകുപ്പും ഇക്കാര്യത്തിനായി മുന്നോട്ട് വന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കോവിഡ് സുരക്ഷാ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം മരുന്നുകള്‍ കൂടി ഉല്‍പ്പാദിപ്പിക്കുന്നതു സംബന്ധിച്ച പഠനം വ്യവസായ വകുപ്പ് നടത്തുന്നുണ്ട്. നിലവില്‍ സംസ്ഥാനത്തിന് ആവശ്യമുള്ള മരുന്നുകളുടെ 90 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കെഎംഎസ്സിഎല്‍ വാങ്ങുകയാണ്.
മെഡിക്കല്‍ ഉപകരണങ്ങളുടേയും ഡിവൈസുകളുടേയും ലഭ്യതയ്ക്കായി വ്യവസായ വകുപ്പ് ആരംഭിക്കുന്ന മെഡിക്കല്‍ എക്യുപ്മെന്‍റ് ആന്‍റ് ഡിവൈസസ് പാര്‍ക്കിലൂടെ ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ സംസ്ഥാനത്തിന് ലഭ്യമാക്കുന്നതാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഇരുവകുപ്പുകളുടെയും സമഗ്രമായ ഏകോപനം വേണമെന്നും ഗുണമേന്‍മ ഉറപ്പാക്കണമെന്നും പി. രാജീവ് കൂട്ടിച്ചേര്‍ത്തു.
ലോക്ക്ഡൗണ്‍ മൂലം പല സംസ്ഥാനങ്ങളിലെയും വ്യവസായ ശാലകള്‍ അടഞ്ഞുകിടന്നിരുന്നതിനാല്‍ പല സുരക്ഷാ ഉപകരണങ്ങളും ലഭ്യമാകുന്നതിന് രണ്ടാം തരംഗ കാലത്ത് പ്രയാസം നേരിട്ടതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. മൂന്നാം തരംഗത്തിനു മുന്നോടിയായി ആരോഗ്യ മേഖല സജ്ജമാകുകയാണ്. ഇതിന് ആവശ്യമായ ഉപകരണങ്ങളുംം സുരക്ഷാ സാമഗ്രികളും മുന്‍കൂട്ടി ലഭ്യമാകേണ്ടതുണ്ട്. സംസ്ഥാനത്തു തന്നെ അത് ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആഭ്യന്തര ഉല്‍പ്പാദകര്‍ക്കും സഹായകമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആരോഗ്യ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, വ്യവസായ വകുപ്പ് ഡയറക്ടര്‍ ഹരികിഷോര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, കെഎംഎസ്സിഎല്‍., കെഎസ്ഡിഡിപിഎല്‍., കിന്‍ഫ്ര, കെഎസ്ഐഡിസി. ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.