October 13, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരള വിമൻ ഓൻട്രപ്രണേർസ് കോൺക്ലേവ്

1 min read

തൃശ്ശൂർ: സംരംഭകത്വ രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും വിജയം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് കേരള വിമൻ ഓൻട്രപ്രണേർസ് കോൺക്ലേവ് 2025 ഈ മാസം 13-ന് (തിങ്കളാഴ്ച) തൃശൂരിൽ നടക്കും. കേരള സർക്കാർ വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന ഈ സംഗമം, തൃശൂർ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ രാവിലെ 10 മണിക്ക് ആരംഭിക്കും. നിയമ, വ്യവസായ മന്ത്രി ശ്രീ. പി. രാജീവ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്. മുഖ്യ പ്രഭാഷണം നടത്തും. റാംപ് ഡയറക്ടർ അങ്കിത പാണ്ഡെ ഐ.ആർ.എസ്., വ്യവസായ വാണിജ്യ ഡയറക്ടർ പി. വിഷ്ണുരാജ് ഐ.എ.എസ്. എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. പി. ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ. വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി ആയിരത്തിലധികം വനിതാ സംരംഭകരാണ് കോൺക്ലേവിൽ അണിനിരക്കുക. കേരള സർക്കാർ 2022-23-ൽ ആരംഭിച്ച സംരംഭക വർഷം പദ്ധതിയിൽ വനിതാ പങ്കാളിത്തം 31% ആയ അഭിമാനകരമായ നേട്ടം കൂടുതൽ ശക്തിപ്പെടുത്താനാണ് കോൺക്ലേവ് ലക്ഷ്യമിടുന്നത്. ലോകബാങ്കിന്റെ പിന്തുണയോടെ നടപ്പാക്കുന്ന ‘റാംപ്’ (RAMP) പദ്ധതിയുടെ ഭാഗമായാണ് ഈ സംഗമം. എം.എസ്.എം.ഇ. (MSME) മേഖലയിൽ സ്ത്രീകളുടെ വളർച്ച ഉറപ്പാക്കുക, പ്രത്യേകിച്ച് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഉൽപ്പാദന മേഖലയിലേക്ക് കൂടുതൽ വനിതകളെ ആകർഷിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. പുതിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിലവിലുള്ള സംരംഭങ്ങൾ വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ കോൺക്ലേവ് വലിയ അവസരമാകും. ഇ-കൊമേഴ്‌സ്, ഡിജിറ്റൽ മാർക്കറ്റിംഗ്, കുറഞ്ഞ ചിലവിൽ AI (നിർമിത ബുദ്ധി) ടൂളുകൾ ഉപയോഗിച്ച് ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനുള്ള പ്രായോഗിക വഴികളെക്കുറിച്ച് വിദഗ്ദ്ധർ നയിക്കുന്ന സെമിനാറുകൾ നടക്കും. കൂടാതെ, വിവിധ മേഖലകളിൽ വിജയം നേടിയ വനിതാ സംരംഭകർ അവരുടെ വിജയഗാഥകളും വെല്ലുവിളികളെ അതിജീവിച്ച അനുഭവങ്ങളും ഇവിടെ പങ്കുവെക്കും. ഒരു സംരംഭം തുടങ്ങാൻ ആവശ്യമായ എല്ലാ സഹായങ്ങളും ഒരിടത്ത് ലഭിക്കുന്ന ഏകജാലക സംവിധാനമാണ് കോൺക്ലേവിലെ മറ്റൊരു പ്രധാന ആകർഷണം. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, UDYAM, KSWIFT, GST തുടങ്ങിയ സർക്കാർ ഹെൽപ് ഡെസ്കുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയുമായി നേരിട്ട് ബന്ധപ്പെടാനുള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്. ‘സാങ്കേതികവിദ്യാധിഷ്ഠിത ഉൽപ്പാദനത്തിൽ വനിതകളുടെ പ്രാധാന്യം’ എന്ന വിഷയത്തിലും, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വനിതാ സംരംഭകർക്ക് നൽകുന്ന പിന്തുണ പദ്ധതികളെക്കുറിച്ചും പ്രത്യേക പാനൽ ചർച്ചകളും സെഷനുകളും കോൺക്ലേവിലുണ്ട്. വൈകുന്നേരം 4 മണിക്ക് സമാപന സമ്മേളനത്തോടെയാണ് പരിപാടി അവസാനിക്കുക. കേരളത്തിന്റെ വ്യവസായ രംഗത്ത് സ്ത്രീശക്തിയുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന വേദിയായി ഈ കോൺക്ലേവ് മാറുമെന്നാണ് സംഘാടകർ അറിയിക്കുന്നത്.

  എസ്ബിഐ ഹെൽത്ത് ആല്‍ഫ ഇൻഷൂറൻസ്
Maintained By : Studio3