January 27, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കലാധിഷ്ഠിത സംരംഭങ്ങള്‍ക്ക് പിന്തുണയുമായി കെഎസ് യുഎം, കലാമണ്ഡലത്തില്‍ ക്രിയേറ്റീവ് ഇന്‍കുബേറ്റര്‍

1 min read

തിരുവനന്തപുരം: സാംസ്കാരിക മേഖലയിലെ സംരംഭങ്ങളെ പിന്തുണയ്ക്കുന്നത് ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം ) കലാ-സാംസ്കാരിക സര്‍വകലാശാലയായ കേരള കലാമണ്ഡലവുമായി ധാരണാപത്രം ഒപ്പിട്ടു. ഇതിന്‍റെ ഭാഗമായി ചെറുതുരുത്തിയിലെ കലാമണ്ഡലം കാമ്പസില്‍ കെഎസ് യുഎം ക്രിയേറ്റീവ് ഇന്‍കുബേറ്റര്‍ സ്ഥാപിക്കും. സംസ്ഥാന ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു ഐഎഎസിന്‍റെ സാന്നിധ്യത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബികയും കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ബി. അനന്തകൃഷ്ണനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. കേരളത്തിന്‍റെ സാംസ്കാരികവും സര്‍ഗ്ഗാത്മകവുമായ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ പങ്കാളിത്തമെന്ന് അനൂപ് അംബിക പറഞ്ഞു. കല, സംസ്കാരം, സര്‍ഗ്ഗാത്മകത, സാങ്കേതികവിദ്യ, സംരംഭകത്വം എന്നിവ ഒരുമിച്ച് കൊണ്ടുവന്ന് സമഗ്ര ഇന്നവേഷന്‍ എക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിനുള്ള കെഎസ് യുഎമ്മിന്‍റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംരംഭങ്ങളുമായി മുന്നോട്ട് പോകുന്നത്. സര്‍ഗാത്മക സംരംഭകത്വത്തിന്‍റെ ഒരു മുന്‍നിര കേന്ദ്രമാക്കി കേരളത്തെ മാറ്റുന്നതിന് ഇതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കേരള കലാമണ്ഡലവും സംയുക്തമായാണ് ക്രിയേറ്റീവ് ഇന്‍കുബേഷന്‍ സെന്‍റര്‍ സ്ഥാപിക്കുക. കലാരംഗത്തെ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുക, വിദ്യാര്‍ത്ഥികള്‍ക്കും കലാകാരന്മാർക്കും സാങ്കേതികവിദ്യ, നവീകരണം, സംരംഭകത്വം എന്നിവ പ്രയോജനപ്പെടുത്താന്‍ അവസരമൊരുക്കുക തുടങ്ങിയവ ഇതിലൂടെ ലക്ഷ്യമിടുന്നു. പരിശീലന പരിപാടികള്‍, മെന്‍റര്‍ഷിപ്പ്, കലാ- സാങ്കേതിക പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയ്ക്ക് ഈ പങ്കാളിത്തം വഴിതുറക്കും. സംസ്ഥാനത്തുടനീളമുള്ള കലാധിഷ്ഠിത സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലേക്കുള്ള പ്രവേശനം സാധ്യമാക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3