കേരള ഇനൊവേഷന്‍ ഫെസ്റ്റിവല്‍ കൊച്ചിയില്‍

കൊച്ചി: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തുന്ന കേരള ഇനൊവേഷന്‍ ഫെസ്റ്റിവല്‍ 2025 കളമശേരിയിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചി കാമ്പസില്‍ ജൂലൈ 25, 26 തിയതികളില്‍ നടക്കും. കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിന്‍റെ ദശാബ്ദ വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിലാണ് കെഎസ് യുഎം ഇത്തരമൊരു ഉദ്യമം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 6,500 ലധികം സ്റ്റാര്‍ട്ടപ്പുകളുമായി രാജ്യത്തെ ഏറ്റവും ചടുലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയായി കെഎസ് യുഎം മാറിയെന്ന് സിഇഒ അനൂപ് അംബിക ചൂണ്ടിക്കാട്ടി. സ്റ്റാര്‍ട്ടപ്പ് പ്രദര്‍ശനങ്ങള്‍ക്ക് അപ്പുറത്തേക്ക് നയപരമായ സംഭാഷണങ്ങള്‍, ആഗോള സഹകരണങ്ങള്‍, തന്ത്രപരമായ ഇനോവേഷന്‍ പങ്കാളിത്തങ്ങള്‍ തുടങ്ങിയവയ്ക്കുള്ള വേദിയായി കെഐഎഫ് 2025 പ്രവര്‍ത്തിക്കും. ആഗോള ഇനൊവേഷന്‍ ആവാസവ്യവസ്ഥയിലെ നേതൃനിരയിലേക്ക് സംസ്ഥാനത്തെ ഉയര്‍ത്താനും ഇതുവഴി ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, നിക്ഷേപകര്‍, വിദ്യാര്‍ത്ഥികള്‍, നയകര്‍ത്താക്കള്‍, സര്‍ഗ്ഗശേഷി സമൂഹം തുടങ്ങി പതിനായിരത്തിലധികം പേര്‍ പങ്കെടുക്കും. നൂറിലേറെ സ്റ്റാര്‍ട്ടപ്പ് ഉല്‍പ്പന്ന പ്രദര്‍ശനങ്ങള്‍, അത്യാധുനിക സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനങ്ങള്‍, വിവിധ മേഖലകളില്‍ നിന്നുള്ള ക്രിയാത്മക മാതൃകകള്‍ എന്നിവ മേളയുടെ പ്രധാന ആകര്‍ഷണങ്ങളായിരിക്കും. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ‘ഷീ ലീഡ്സ് സമ്മിറ്റ്’, ആഗോള വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട ‘എസ്ഡിജി ആന്‍ഡ് സസ്റ്റൈനബിലിറ്റി ട്രാക്കുകള്‍’, ഫൗണ്ടേഴ്സ് സമ്മിറ്റ്, ക്രിയേറ്റേഴ്സ് സമ്മിറ്റ് തുടങ്ങിയവ പ്രത്യേക വിഭാഗങ്ങളിലുള്‍പ്പെടുത്തിയിട്ടുണ്ട്. കെഐഎഫില്‍ താഴെത്തട്ടിലുള്ള നൂതനത്വത്തെയും ഭാവി സാങ്കേതികവിദ്യകളെയും പ്രോത്സാഹിപ്പിക്കുന്ന ‘ഫാബ് എക്സ്പോ’, ‘മേക്കര്‍ ഫെസ്റ്റ്’ എന്നിവയും യുവജന ഇനൊവേഷന്‍, ഡിസൈന്‍ സ്പ്രിന്‍റുകള്‍, ആഗോള പങ്കാളിത്തങ്ങള്‍ എന്നിവയ്ക്കായുള്ള പ്രത്യേക സോണുകളും ഒരുക്കും. www.innovationfestival.in എന്ന വെബ്സൈറ്റിലൂടെ കെഐഎഫിലേക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം