Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയുടെ എഐ ആവാസവ്യവസ്ഥ ഇനിയും ശക്തിപ്പെടണം

1 min read

തിരുവനന്തപുരം: തദ്ദേശ ഭാഷാ മാതൃകകളും ആപ്ലിക്കേഷനുകളും പരിശീലിപ്പിക്കുന്നതില്‍ കൂടുതല്‍ നിക്ഷേപം നടത്തി എഐ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ അനൂപ് അംബിക. ടെക്നോപാര്‍ക്ക് ആസ്ഥാനമായ സ്പെരീഡിയന്‍ ടെക്നോളജീസിന്‍റെ വണ്‍ എഐ ഹാക്കത്തണ്‍ 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു സമീപകാല പഠനമനുസരിച്ച് ലോകമെമ്പാടും ഏകദേശം 40-50 ബില്യണ്‍ യുഎസ് ഡോളര്‍ എഐ മേഖലയില്‍ നിക്ഷേപിക്കപ്പെടുന്നുവെന്ന് അനൂപ് അംബിക പറഞ്ഞു. അതില്‍ ഇന്ത്യയുടെ സംഭാവന 1.5 ബില്യണ്‍ യുഎസ് ഡോളര്‍ മാത്രമാണ്. എല്ലാ സാങ്കേതിക മേഖലയെയും പോലെ എഐ നവീകരണത്തിലും നമ്മള്‍ യുഎസിനെയും ചൈനയെയും ആശ്രയിക്കുന്നുണ്ട്. രാജ്യത്ത് എഐ നവീകരണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യക്ക് എഐ മിഷനും ഭാഷിണിയും ഉണ്ടെങ്കിലും ആഗോള എഐ ആവാസവ്യവസ്ഥയില്‍ രാജ്യം ഇപ്പോഴും പിന്നിലാണ്. സ്വന്തം ഭാഷാ മോഡലുകളും എഐ ആപ്ലിക്കേഷനുകളും വികസിപ്പിക്കുന്നതിനെക്കുറിച്ച് ഗൗരവത്തോടെ ചിന്തിക്കുകയും ആശയങ്ങള്‍ രൂപപ്പെടുത്തുകയും വേണം. സ്പെരീഡിയന്‍ ഹാക്കത്തണ്‍ പോലുള്ള പരിപാടികള്‍ക്ക് കേരളത്തിന്‍റെ എഐ സാധ്യതകളിലേക്ക് സംഭാവന നല്‍കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹാക്കത്തണില്‍ പങ്കെടുത്തവര്‍ക്ക് വിവിധ വ്യവസായ മേഖലകളിലെ തത്സമയ പ്രശ്ന പരിഹാരങ്ങളില്‍ ഭാഗമാകാനായെന്നും ഇത് മികച്ച പഠനാനുഭവമായിരിക്കുമെന്നും സ്പെരീഡിയന്‍ സഹസ്ഥാപകനും സിഎഫ്ഒയുമായ കെ.പി ഹരി പറഞ്ഞു. സ്പെരീഡിയന്‍റെ വണ്‍ എഐ സംരംഭത്തിന്‍റെ ഭാഗമാണ് ഈ ഹാക്കത്തോണെന്ന് സ്പെരീഡിയന്‍ ഇന്ത്യ സിഒഒ ബിജു രാകേഷ് പറഞ്ഞു. എഐ മേഖലയില്‍ പ്രാദേശിക പ്രതിഭകളെയും സ്റ്റാര്‍ട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സ്പെരീഡിയന്‍റെ എഐ മികവുകള്‍ പ്രയോജനപ്പെടുത്തുക കൂടി ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ 11 എന്‍ജിനീയറിംഗ് കോളേജുകളും ഏഴ് സ്റ്റാര്‍ട്ടപ്പുകളും ഉള്‍പ്പെടെ 18 ടീമുകളാണ് സ്പെരീഡിയന്‍ ഹാക്കത്തണില്‍ പങ്കെടുത്തത്. ബാങ്കിംഗ്, നിര്‍മ്മാണ മേഖല, ധനകാര്യം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളില്‍ ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് നൂതനമായ എഐ അധിഷ്ഠിത പരിഹാരങ്ങള്‍ കണ്ടെത്തുന്നവയാണ് ഈ സ്റ്റാര്‍ട്ടപ്പുകള്‍. എന്‍ജിനീയറിംഗ് കോളേജ് വിഭാഗത്തില്‍ നിന്നുള്ള ഹാക്കത്തണിലെ വിജയികള്‍ക്ക് 1.5 ലക്ഷം രൂപയും റണ്ണേഴ്സ് അപ്പിന് 75000 രൂപയും സമ്മാനത്തുകയായി ലഭിക്കും. സ്റ്റാര്‍ട്ടപ്പ് വിഭാഗത്തില്‍ നിന്നുള്ള വിജയികളായ ടീമിന് 2 ലക്ഷം രൂപയും റണ്ണേഴ്സ് അപ്പിന് 1.25 ലക്ഷം രൂപയും ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ ടീമിനും സമ്മാനമായി 10,000 രൂപ ലഭിക്കും.

  ജെഎം ഫിനാന്‍ഷ്യലിന്റെ പുതിയ ഫണ്ട് ഓഫര്‍

 

Maintained By : Studio3