December 25, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യുഎന്‍ വിമണും കേരള ടൂറിസവും കൈകോര്‍ക്കുന്നു

1 min read

തിരുവനന്തപുരം: സ്ത്രീ സൗഹൃദ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനായി വിനോദസഞ്ചാര വകുപ്പ് ട്രെയിനേഴ്സ് ഓഫ് ട്രെയിനര്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജന്‍ഡര്‍ ഇന്‍ക്ലുസീവ് ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യു എന്‍ വിമണിന്‍റെ പിന്തുണയോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കുമരകം സാംസ്കാരിക കേന്ദ്രത്തില്‍ നടന്ന പരിശീലന പരിപാടിയില്‍ 85 വനിതകളാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്ത് ടൂറിസം സംരംഭങ്ങള്‍ ആരംഭിക്കാനും അനുബന്ധ സേവനങ്ങളില്‍ ഏര്‍പ്പെടാനും താല്പര്യമുള്ള സ്ത്രീകള്‍ക്ക് ഇവര്‍ പരിശീലനം നല്‍കും. ഉത്തരവാദിത്ത ടൂറിസം മിഷനാണ് പരിശീലന പരിപാടിയുടെ നോഡല്‍ ഏജന്‍സി.

ടൂറിസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം വിജയകരമായി നടപ്പിലാക്കാന്‍ കഴിയുമെന്നതിനെക്കുറിച്ചും കേരളത്തിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് മികച്ച അനുഭവങ്ങള്‍ ലഭ്യമാക്കുന്നതിനെക്കുറിച്ചും വ്യവസായ സംരംഭകരും പ്രൊഫഷണലുകളും പരിശീലന പരിപാടിയില്‍ സംസാരിച്ചു. സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിയുമായി രംഗത്തെത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇത്തരം പരിശീലന പരിപാടികള്‍ സ്ത്രീ സൗഹൃദ ടൂറിസത്തിന്‍റെ വളര്‍ച്ചയ്ക്കും കൂടുതല്‍ വനിതാ വിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനും സഹായകമാകും. സംസ്ഥാനത്ത് വനിതാ വിനോദസഞ്ചാരികള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ സംരംഭകരായും പ്രൊഫഷണലുകളായും തിളങ്ങാന്‍ സ്ത്രീകള്‍ക്ക് അവസരമൊരുക്കുന്നതിനും ‘സ്ത്രീ സൗഹൃദ ടൂറിസം’ പദ്ധതി ലക്ഷ്യമിടുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനം 2026 ജനുവരി 6 മുതല്‍

സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിയിലൂടെ സുരക്ഷിതവും വൃത്തിയുമുള്ള ടൂറിസം കേന്ദ്രങ്ങള്‍ സ്ത്രീകള്‍ക്ക് ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു. സ്ത്രീ സൗഹൃദ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച പരിശീലനത്തില്‍ സംസ്ഥാനത്തെ കമ്മ്യൂണിറ്റി അധിഷ്ഠിത ഉത്തരവാദിത്ത ടൂറിസം (ആര്‍ടി), ജന്‍ഡര്‍ ഇന്‍ക്ലുസീവ് ടൂറിസം എന്നിവയെക്കുറിച്ചും ചര്‍ച്ച ചെയ്തു. കേരളത്തിലേക്കെത്തുന്ന വനിതാ സഞ്ചാരികളില്‍ സുരക്ഷിതത്വ ബോധം വളര്‍ത്തുന്നതിലൂടെ സ്ത്രീ ശാക്തീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി സഹായകമാകുമെന്ന് ടൂറിസം ഡയറക്ടര്‍ പി. ബി. നൂഹ് പറഞ്ഞു. ആര്‍ടി മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്കുമാര്‍ ‘സ്ത്രീ സൗഹൃദ ടൂറിസം’ പദ്ധതിയുടെ അവലോകനം നടത്തി. പദ്ധതിയുടെ ഭാഗമായി ഇതുവരെ 1850 പേര്‍ ഓണ്‍ലൈനായും നേരിട്ടും പരിശീലന പരിപാടികളില്‍ പങ്കെടുത്തു.

  വസന്തോത്സവത്തിന് കനകക്കുന്നില്‍ തുടക്കം

ഈ പദ്ധതിയിലൂടെ വിനോദസഞ്ചാരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട കാറ്ററിംഗ്, താമസം, ഗതാഗതം, കമ്മ്യൂണിറ്റി ഗൈഡുകളായുള്ള സേവനം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പു വരുത്താനാകും. ടൂറിസത്തിലും അനുബന്ധ മേഖലകളിലും പ്രവര്‍ത്തിക്കുന്ന 1.5 ലക്ഷം സ്ത്രീകള്‍ക്കിടയില്‍ 10,000 സംരംഭങ്ങളും ഏകദേശം 30,000 തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടും. യു എന്‍ വിമണ്‍ ഇന്‍ഡ്യ കേരള കോ ഓര്‍ഡിനേറ്റര്‍ ഡോ. പീജ രാജന്‍, യാത്രികയും സഞ്ചാര സാഹിത്യകാരിയുമായ രമ്യ എസ് ആനന്ദ്, കീഡ് മുന്‍ സി ഇ ഒയും കെടി ഐ എല്‍ മാനേജരുമായ ശരത് വി രാജ് , കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സാബു , എസ്കേപ്പ് നൗ സ്ഥാപക ഇന്ദു കൃഷ്ണ, എര്‍ത്തേണ്‍ പൂള്‍ വില്ല സ്ഥാപകയും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ പി.എസ്. ശാലിനി, വേമ്പനാട് ഹൗസ് സ്ഥാപക സന്ധ്യ തിരുനിലത്ത്, ഗ്രാസ് റൂട്ട് ജേര്‍ണീസ് സ്ഥാപക അമ്പിളി എം. സോമന്‍ , കുമരകം ഉത്തരവാദിത്ത ടൂറിസം കള്‍ച്ചറല്‍ ഗ്രൂപ്പ് ലീഡര്‍ സജിത , ബിജി സേവ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

  സർഗാലയ കലാ-കരകൗശലമേള ഡിസംബർ 23 മുതൽ
Maintained By : Studio3