Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരള ടൂറിസത്തിന് പാറ്റ ഗോള്‍ഡ് അവാര്‍ഡ്

1 min read

തിരുവനന്തപുരം: ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം നടത്തിയ പരിശ്രമത്തിന് ആഗോള അംഗീകാരം. മീം അധിഷ്ഠിത ക്യാമ്പെയ്നിനാണ് ‘മോസ്റ്റ് എന്‍ഗേജിംഗ് സോഷ്യല്‍ മീഡിയ ക്യാമ്പെയ്ന്‍’ വിഭാഗത്തില്‍ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ(പാറ്റ)2025 ലെ ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചത്. ഏഷ്യ-പസഫിക് മേഖലയിലെ മികച്ച ടൂറിസം നേട്ടങ്ങളെ ആദരിക്കാനാണ് ഈ പുരസ്കാരം നല്‍കുന്നത്. ഇന്നത്തെ വേഗതയാര്‍ന്ന ഡിജിറ്റല്‍ സാഹചര്യത്തില്‍ വ്യത്യസ്ത സങ്കേതങ്ങളെ കോര്‍ത്തിണക്കി ലോകത്തെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം നടത്തിയ ഡിജിറ്റല്‍ പരിശ്രമത്തിനാണ് ഈ അംഗീകാരമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ്, ലിങ്ക്ഡ്ഇന്‍ തുടങ്ങിയ പ്ലാറ്റ് ഫോമുകളിലൂടെ 1.2 ദശലക്ഷത്തിലധികം ആളുകളിലേക്ക് എത്തിച്ചേരാനും 89,700 ലധികം ഇടപെടലുകള്‍ നേടാനുമായി. ഉപയോക്താക്കള്‍ തയ്യാറാക്കിയ ഉള്ളടക്കങ്ങള്‍, ഇന്‍ഫ്ളുവന്‍സര്‍മാരുടെ സഹകരണം, മലയാളത്തനിമയുള്ള നര്‍മ്മം തുടങ്ങിയവയൊക്കെ വൈറല്‍ വിജയത്തിലേക്ക് നയിച്ച ഘടകങ്ങളാണ്. പരമ്പരാഗത പരസ്യങ്ങളില്‍ നിന്ന് വിഭിന്നമായി കേരളത്തിന്‍റെ പ്രകൃതി സൗന്ദര്യവും സംസ്കാരവും പ്രദര്‍ശിപ്പിക്കുകയും ഏഷ്യ-പസഫിക് മേഖലയില്‍ ടൂറിസം മാര്‍ക്കറ്റിംഗിന് ഇതിലൂടെ പുതിയ മാതൃക അവതരിപ്പിക്കാനും സാധിച്ചു. ഇന്‍റര്‍നെറ്റ് സംസ്കാരത്തിന്‍റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് വിനോദസഞ്ചാരികളുമായുള്ള ബന്ധം ശക്തമാക്കാന്‍ കേരള ടൂറിസം മീമുകളെ ശക്തമായ ആശയവിനിമയ മാര്‍ഗമായി സ്വീകരിച്ചുവെന്ന് ടൂറിസം സെക്രട്ടറി കെ ബിജു പറഞ്ഞു. വെറുതെ സ്ക്രോള്‍ ചെയ്തു പോകുന്നതിന് പകരം സജീവമായ ഇടപെടലിലേയ്ക്ക് ഈ ക്യാമ്പെയ്ന്‍ നയിച്ചു. ഡെസ്റ്റിനേഷന്‍ മാര്‍ക്കറ്റിംഗിനെ സ്വാഭാവികവും രസകരവുമാക്കുന്നതിന് ഇതിലൂടെ സാധിച്ചതായും അദ്ദേഹം വിശദമാക്കി. ഡിജിറ്റല്‍ മേഖലയിലെ സാധ്യതകള്‍ ഉപയോഗിച്ച് സഞ്ചാരികളെ ആകര്‍ഷിക്കാനായി കേരള ടൂറിസം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ ആഗോള പുരസ്കാരമെന്ന് ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. ആധുനിക സഞ്ചാരിയുടെ ഭാഷ സംസാരിക്കുന്ന, പുരോഗമന രീതികളുള്ള, സംസ്കാര സമ്പന്നമായ ഒരു ഡെസ്റ്റിനേഷനെന്ന ഖ്യാതി രേഖപ്പെടുത്താനായതായി അവര്‍ പറഞ്ഞു. ഓഗസ്റ്റ് 27 ന് തായ് ലന്‍ഡിലെ ബാങ്കോക്കിലുള്ള ക്വീന്‍ സിരികിറ്റ് നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ പാറ്റ ട്രാവല്‍ മാര്‍ട്ടിനൊപ്പം നടക്കുന്ന ‘പാറ്റ ഗോള്‍ഡ് അവാര്‍ഡ്സ് 2025 ഗാല ഡിന്നറില്‍’ അവാര്‍ഡ് വിതരണം ചെയ്യും. 1951 ല്‍ സ്ഥാപിതമായ പാറ്റ എഷ്യ-പസഫിക് മേഖലയില്‍ ട്രാവലും ടൂറിസവും ഉത്തരവാഗിത്തത്തോടെ വികസിക്കുന്നതിന് സഹായിക്കുന്ന ലാഭേച്ഛയില്ലാത്ത സംഘടനയാണ്.

  ചോള കാലഘട്ടം ഇന്ത്യാ ചരിത്രത്തിലെ സുവർണ്ണകാലഘട്ടം: പ്രധാനമന്ത്രി
Maintained By : Studio3