January 30, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത ബജറ്റ് വിഹിതം

1 min read

തിരുവനന്തപുരം: കേരളത്തിലെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് പകര്‍ന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച 2026-27 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാന ബജറ്റ്. മുന്‍ വര്‍ഷത്തെ വിഹിതമായ 385.02 കോടി രൂപയില്‍ നിന്ന് 413.52 കോടി രൂപയായാണ് ടൂറിസം മേഖലയുടെ വിഹിതം വര്‍ധിപ്പിച്ചിരിക്കുന്നത്. പൈതൃക-സാംസ്കാരിക ടൂറിസം പ്രോത്സാഹിപ്പിക്കല്‍, അടിസ്ഥാന സൗകര്യ വികസനം, ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതികള്‍, ഡിസൈന്‍ പോളിസി നടപ്പാക്കല്‍, ടൂറിസം ഹബ്ബുകളുടെ വികസനം, മാര്‍ക്കറ്റിംഗ്, ഉത്തരവാദിത്ത ടൂറിസം തുടങ്ങിയവയെ ബജറ്റില്‍ മുന്‍ഗണനാ മേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൂറിസം സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കുന്നതിനായി ‘ബ്ലൂ ഗ്രീന്‍ ഇന്‍റഗ്രേറ്റഡ് ടൂറിസം സര്‍ക്യൂട്ട്’ എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഇതിന്‍റെ ആദ്യഘട്ടം കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടത്ത് 2 കോടി രൂപ ചെലവില്‍ നടപ്പാക്കും. ധര്‍മ്മടം നദി ക്രൂയിസ് സര്‍ക്യൂട്ട്, ധര്‍മ്മടം ദ്വീപ് ബയോ റിസര്‍വ്, വാക്കിംഗ് മ്യൂസിയം, മാന്‍ഗ്രോവ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. കൊല്ലം ബയോ-ഡൈവേഴ്സിറ്റി സര്‍ക്യൂട്ട്, മലബാര്‍ ലിറ്റററി സര്‍ക്യൂട്ട് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ പുരോഗമിച്ചു വരുന്നതായി ബജറ്റില്‍ പറയുന്നു. മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിഹിതം 85 കോടി രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം (ആര്‍ടി) പ്രവര്‍ത്തനങ്ങള്‍ക്ക് 20 കോടി രൂപ വകയിരുത്തി. ടൂറിസം മേഖലയ്ക്ക് അനുവദിച്ച ബജറ്റ് വിഹിതം നിലവിലുള്ളതും വരാനിരിക്കുന്നതുമായ പദ്ധതികള്‍ക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം കേന്ദ്രങ്ങളിലെ നവീകരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി 159 കോടി രൂപയും ബേപ്പൂര്‍ ‘ഉരു’ ടൂറിസം, കൊച്ചി ഹെറിറ്റേജ് എന്നീ പുതിയ പദ്ധതികള്‍ക്കായി 5 കോടി രൂപ വീതം വകയിരുത്തിയിട്ടുണ്ട്. കേരള ടൂറിസം ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 14.10 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ടൂറിസം മേഖലയില്‍ ഉത്പന്നങ്ങളും പശ്ചാത്തല സൗകര്യങ്ങളും ഒരുക്കുന്നതിനും സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള സബ്സിഡികളും ഇന്‍സെന്‍റീവുകളും നല്‍കുന്നതിനുമായി 13.50 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. കുമരകത്ത് ഹെലിപോര്‍ട്ട് നിര്‍മ്മാണത്തിന് 5 കോടി രൂപയും പീച്ചി ടൂറിസം പദ്ധതി പിപിപി മോഡലില്‍ വികസിപ്പിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുസിരിസ് ഹെറിറ്റേജ്, സ്പൈസസ് റൂട്ട്സ്, റിവര്‍ ക്രൂയിസ് ഹെറിറ്റേജ് എന്നീ പദ്ധതികള്‍ക്കായി 14 കോടി രൂപ അനുവദിച്ചു. കൊച്ചി വൈപ്പിന്‍ മേഖലയില്‍ ഓഷ്യനേറിയം പദ്ധതിയുയുടെ പഠനത്തിനായി ഒരു കോടി രൂപയും വകയിരുത്തി. ഐപിഎല്‍ മാതൃകയിലുള്ള ടൂര്‍ണമെന്‍റായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) സംസ്ഥാനത്ത് 14 സ്ഥലങ്ങളില്‍ നടത്തുന്നതിനായി 10.46 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേരളത്തിലെ പരമ്പരാഗത ഉത്സവങ്ങളും സാംസ്കാരിക പരിപാടികളും കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി പൈതൃകം, പരിസ്ഥിതി, സംസ്കാരം എന്നിവ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതിക്ക് 29 കോടി രൂപ വകയിരുത്തിയിട്ടുണ. കൊല്ലം മറീന പദ്ധതി (6 കോടി), അഷ്ടമുടി തടാകത്തിന് ചുറ്റുമുള്ള സൈക്കിള്‍ ട്രാക്ക് വികസനം (10 കോടി), മണ്‍റോ തുരുത്തിലെ ടൂറിസം വികസനം (5 കോടി), കൊല്ലം ഓഷ്യാനേറിയം (10 കോടി), കോട്ടയം ചെറിയ പള്ളി മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം (2 കോടി), കല്യാണത്തണ്ട്, അഞ്ചുരുളി ടൂറിസം വികസനം (20 കോടി), തിരുവനന്തപുരം ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ മങ്ങാട്ടുപാറ സോഫ്റ്റ് അഡ്വഞ്ചര്‍ ടൂറിസം പ്രവര്‍ത്തനം (1 കോടി) തുകകളാണ് ടൂറിസം മേഖലയിലെ മറ്റ് പ്രധാന പദ്ധതികള്‍ക്കായി നീക്കിവച്ചിട്ടുള്ളത്.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ 99.5 കോടി രൂപ

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3