എംഎസ്എംഇ-കള്‍ക്കായി 1416 കോടിയുടെ പാക്കേജ് ഇങ്ങനെ
1 min read2021 ജൂലൈ ഒന്നുമുതല്‍ ഡിസംബര്‍ വരെയാണ് പ്രാബല്യത്തില്‍ ഉണ്ടാവുക
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ചെറുകിട വ്യവസായമേഖലയില്‍ കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിനും നഷ്ടം നികത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ലോക എംഎസ്എംഇ ദിനമായ ഞായറാഴ്ച സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിച്ച വെബിനാറിലാണ് 1416 കോടിരൂപയുടെ കോവിഡ് സഹായ പദ്ധതി പ്രഖ്യാപിച്ചു.
ലോക് ഡൗണിന്‍റേയും നിയന്ത്രണങ്ങളുടേയും ഭാഗമായി ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് വന്‍ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും ഇത്തരത്തില്‍ പ്രതിസന്ധി നേരിടുന്ന സംരംഭങ്ങളെ സഹായിക്കുന്നതിനും സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുമാണ് സഹായ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കുന്നതെന്നും പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് വ്യാവസായിക വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കോവിഡ് സമാശ്വാസപദ്ധതി 2021 ജൂലൈ ഒന്നുമുതല്‍ ഡിസംബര്‍ വരെയാണ് പ്രാബല്യത്തില്‍ ഉണ്ടാവുക. ഇളവുകള്‍ക്കും ഉത്തേജക പദ്ധതികള്‍ക്കുമായി 1416 കോടി രൂപയുടെ വായ്പ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യും. ബജറ്റ് വിഹിതത്തില്‍ നിന്ന് 139 കോടി രൂപ പലിശ സബ്സിഡിക്കും ധനസഹായത്തിനുമായി ഉപയോഗിക്കും.
താഴെ പറയുന്ന പദ്ധതികളാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
1. ‘വ്യവസായ ഭദ്രത’ സ്കീമില്‍ പ്രഖ്യാപിച്ച പലിശ ധനസഹായത്തിന്‍റെ കാലാവധി 2020 ഡിസംബര്‍ 31 എന്നതില്‍ നിന്നും 2021 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. എല്ലാ ചെറുകിട- സൂക്ഷ്മ-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കും ഒരു വര്‍ഷത്തേക്ക് 50 ശതമാനം പലിശ ധനസഹായം നല്‍കും. ഇത്തരത്തില്‍ ഒരു യൂണിറ്റിന് 1,20,000 രൂപ വരെ ലഭിക്കും. ആകെ 400 കോടി രൂപയുടെ ഈ പാക്കേജില്‍ 5000 സംരംഭകര്‍ക്ക് സഹായം ലഭ്യമാക്കും.
2. സംരംഭകത്വ സഹായ പദ്ധതി പ്രകാരമുള്ള ധനസഹായം വര്‍ധിപ്പിക്കും. അര്‍ഹരായ യൂണിറ്റുകള്‍ക്കുള്ള സബ്സിഡി 20 ലക്ഷം എന്നുള്ളത് 30 ലക്ഷം ആക്കി ഉയര്‍ത്തി. വ്യവസായിക പിന്നോക്ക ജില്ലകളിലും മുന്‍ഗണനാ വ്യവസായ സംരംഭങ്ങള്‍ക്കും നല്‍കുന്ന സബ്സിഡി 30 ലക്ഷം എന്നുള്ളത് 40 ലക്ഷം ആയും ഉയര്‍ത്തി. 3000 യൂണിറ്റുകള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.
വിവിധ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നായി 445 കോടി രൂപയാണ് ഇതിനായി ഉപയോഗിക്കുന്നത്. വനിത- യുവ – പട്ടികജാതി പട്ടികവര്‍ഗ്ഗ – എന്‍.ആര്‍.കെ സംരംഭകര്‍ക്കും 25 ശതമാനം വരെ സഹായം ഈ പദ്ധതിയിലൂടെ ലഭിക്കും.
മുന്‍ഗണനാ വ്യവസായ സംരംഭങ്ങളായ റബ്ബര്‍, കൃഷി, ഭക്ഷ്യ സംസ്കരണം, വസ്ത്ര നിര്‍മ്മാണം, പാരമ്പര്യേതര ഊര്‍ജ്ജ ഉല്പാദനം, ഉപകരണ നിര്‍മ്മാണം, ബയോ ടെക്നോളജി വ്യവസായം, പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പുനരുപയോഗ യൂണിറ്റുകള്‍ , ജൈവ – കീടനാശിനി നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവക്ക് 45 ശതമാനം സഹായം സബ്സിഡിയായി ലഭിക്കും. സഹായത്തിന്‍റെ തോത് 40 ലക്ഷത്തില്‍ അധികരിക്കരുതെന്ന വ്യവസ്ഥയോടെ 45 ശതമാനം വരെ വര്‍ധിപ്പിച്ചു. വ്യവസായിക പിന്നോക്ക ജില്ലകളായ ഇടുക്കി, വയനാട്, കാസര്‍ഗോഡ്, പത്തനംതിട്ട എന്നിവിടങ്ങളിലെ സംരംഭകര്‍ക്കും 45 ശതമാനം സബ്സിഡിയായി നല്‍കും.
3. നാനോ യൂണിറ്റുകള്‍ക്കുള്ള സഹായങ്ങളും വിപുലപ്പെടുത്തി. സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന നാനോ യൂണിറ്റുകള്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക. ആകെ 60 കോടി രൂപയുടെ ധനസഹായമാണ് മേഖലയില്‍ നല്‍കുന്നത്. 600 യൂണിറ്റുകള്‍ക്ക് വരെ പ്രയോജനം ലഭ്യമാക്കും.
4. നാനോ യൂണിറ്റുകള്‍ക്കുള്ള പലിശ സബ്സിഡി പദ്ധതികള്‍ – അഞ്ച് ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള യൂണിറ്റുകള്‍ക്കാണ് നിലവില്‍ പലിശ സബ്സിഡി ലഭിച്ചിരുന്നത്. എന്നാല്‍ ഇത് 10 ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള യൂണിറ്റുകള്‍ക്കും ലഭ്യമാക്കും. സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന 10 ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള നാനോ യൂണറ്റുകള്‍ക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും. 30 കോടി രൂപയുടെ വായ്പ ഇതിലൂടെ നാനോ യൂണിറ്റുകള്‍ക്ക് ലഭിക്കും.
5. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പറേഷനില്‍ നിന്ന് വായ്പയെടുത്ത തുക ലോക് ഡൗണ്‍ സാഹചര്യത്തില്‍ തിരിച്ചടക്കാന്‍ കഴിയാത്തവര്‍ക്ക് അവരുടെ അക്കൗണ്ടില്‍ ബാഡ് ഡെബ്റ്റ് രേഖപ്പെടുത്തില്ല. 179 കോടി രൂപയുടെ വായ്പ ഇപ്രകാരം ഇതിനായി പുന:ക്രമീകരിക്കും.
6. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ വായ്പകള്‍ക്കു പ്രഖ്യാപിച്ച മൊറട്ടോറിയം 2021 ജൂണ്‍ വരെ ദീര്‍ഘിപ്പിച്ചു. ഇതിന്‍റെ മൂന്നു മാസത്തെ പലിശയും ഒഴിവാക്കി. 66 ലക്ഷം രൂപയുടെ ബാധ്യത ഇതിലൂടെ ഏറ്റെടുക്കുകയാണ്.
7. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ഉപഭോക്താക്കളുടെ ഒരു വര്‍ഷത്തേക്കുള്ള പിഴ പലിശയും ഏപ്രില്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് ഒഴിവാക്കി നല്‍കും.
8. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ആദ്യ ഘട്ടമെന്ന നിലയില്‍ ചെറുകിട- സൂക്ഷ്മ-ഇടത്തരം സംരംഭകര്‍ക്കായി അഞ്ച് ശതമാനം പലിശയില്‍ 100 കോടി രൂപ വായ്പയായി നല്‍കും. 150 സംരംഭങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.
9. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍, തിരിച്ചെത്തിയ പ്രവാസികള്‍ക്കായി അഞ്ച് ശതമാനം നിരക്കില്‍ വായ്പ അനുവദിക്കുന്ന പദ്ധതികള്‍ക്കും രൂപം നല്‍കും. നോര്‍ക്കയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
10. കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ സംരക്ഷണ മേഖലയിലെ വ്യവസായങ്ങള്‍ക്കായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ പ്രത്യേക ലോണ്‍ പാക്കേജുകളും പ്രഖ്യാപിച്ചു. 100 കോടി രൂപ വരെയാണ് ഇതിനായി മാറ്റി വച്ചിരിക്കുന്നത്. അഞ്ച് ശതമാനം പലിശയിലായിരിക്കും സംരംഭകര്‍ക്ക് ലോണ്‍ ലഭ്യമാക്കുക.
11. സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറികളുടെ ഗുണഭോക്താക്കള്‍ക്ക് 2021 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വാടക കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ഒഴിവാക്കി.
12. 2021 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നു മാസത്തെ കോമണ്‍ ഫസിലിറ്റി ചാര്‍ജും ഒഴിവാക്കി.
13. ലോണുകളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2021 ഡിസംബര്‍ 31 വരെ തുടരും.
14. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ വ്യവസായ ആവശ്യങ്ങള്‍ക്കായി ഭൂമി നല്‍കും. ഇതിന്‍റെ ഡൗണ്‍ പേമെന്‍റ് ആകെ തുകയുടെ 20 ശതമാനം നല്‍കിയാല്‍ മതി. ബാക്കി 80 ശതമാനം അഞ്ച് തുല്യഗഡുക്കളായി കൈമാറിയാല്‍ മതി. ഇതിന് പലിശ ഈടാക്കുന്നതല്ല.
15. കിന്‍ഫ്രയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറികളിലെ ഗുണഭോക്താക്കള്‍ക്ക് മൂന്നു മാസത്തെ വാടക ഒഴിവാക്കി.
16. കിന്‍ഫ്രയുടെ ഗുണഭോക്താക്കളുടെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മൂന്നു മാസത്തെ സി.എഫ്.സി. ചാര്‍ജുകളും ഒഴിവാക്കി.
17. കിന്‍ഫ്രയുടെ കീഴിലുള്ള വ്യവസായിക പാര്‍ക്കുകളിലെ ഭൂമി വില 2020 മാര്‍ച്ചിലെ നിരക്കില്‍ നില നിര്‍ത്തും. ഭൂമി അനുവദിച്ചവര്‍ക്ക് ആകെ തുകയുടെ 20 ശതമാനം ഡൗണ്‍ പേമെന്‍റ് നല്‍കി ഭൂമി വാങ്ങാം. ബാക്കി തുക തുല്യ അഞ്ചു ഗഡുക്കളായി ഓരോ വര്‍ഷവും നല്‍കണം. ഇതിന് പലിശ ഈടാക്കുന്നതല്ല.
18. ആവശ്യമുള്ള ഗുണഭോക്താക്കള്‍ക്ക് കിന്‍ഫ്രയുടെ നേതൃത്വത്തില്‍ വായ്പകളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി അനുവദിക്കും.