ഇസ്രയേൽ യുഎഇയിൽ എംബസി തുറന്നു
അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് നയതന്ത്ര ബന്ധങ്ങൾ ആരംഭിക്കുന്നതിനായുള്ള കരാറിൽ ഒപ്പ് വച്ച് ഒരു വർഷത്തിന് ശേഷമാണ് ഇസ്രയേൽ യുഎഇയിൽ എംബസി തുറന്നിരിക്കുന്നത്
ടെൽ അവീവ്: യുഎഇയിൽ ഇസ്രയേൽ പുതിയ എംബസി തുറന്നു. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിനായുള്ള കരാറിൽ ഒപ്പ് വെച്ച് ഒരു വർഷത്തിന് ശേഷമാണ് യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇസ്രയേൽ എംബസി തുറന്നിരിക്കുന്നത്. എംബസിയുടെ തലവനായി അംബാസഡർ എയ്താൻ നായേഹിനെ നിയമിച്ചതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇരുരാജ്യങ്ങൾക്കുമിടയിലെ എല്ലാ തലങ്ങളിലുമുള്ള ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുകയും എമിറാറ്റി സർക്കാരുമായും രാജ്യത്തെ സ്വകാര്യ മേഖലയിലും സാമ്പത്തിക ,അക്കാദിക, മാധ്യമ മേഖലകളിലുമുള്ള സ്ഥാപനങ്ങളുമയും ഇസ്രയേലിനുള്ള ബന്ധങ്ങൾ ഊർജിതപ്പെടുത്തുകയുമാണ് എംബസിയുടെ ലക്ഷ്യമെന്ന് വിദേശ കാര്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. സ്ഥിരമായ ഒരിടം കണ്ടെത്തുന്നത് വരെ അബുദാബിയിലെ താത്കാലിക ഓഫീസ് കേന്ദ്രമാക്കിയാകും എംബസി പ്രവർത്തിക്കുയെന്ന് വെബ്സൈറ്റിൽ പ്രത്യേകം പ്രസിദ്ധീകരിച്ച പ്രസ്താവനയിലൂടെ മന്ത്രാലയം വ്യക്തമാക്കി. ഗൾഫ് മേഖലയിൽ സമാധാനവും സാധാരണ നിലയും കൊണ്ടുവരുന്നതിനുള്ള ഉടമ്പടികൾ നടപ്പിലാക്കുന്നതിനും ഇസ്രയേലിന്റെ അന്താരാഷ്ട്ര പദവി മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് തുടർന്നും വിദേശ മന്ത്രാലയം നേതൃത്വം നൽകുമെന്ന് ഇസ്രയേലി വിദേശകാര്യ മന്ത്രി ഗാബി അഷ്കെനസി പറഞ്ഞു.
ഇസ്രയേൽ നഗരമായ ടെൽ അവീവിൽ എംബസി തുറക്കുന്നതിന് യുഎഇ മന്ത്രിമാരുടെ കൌൺസിൽ അനുമതി നൽകിയതിന് തൊട്ട് പിന്നാലെയാണ് അബുദാബിയിൽ എംബസി തുറക്കുമെന്ന ഇസ്രയേൽ പ്രഖ്യാപനം വരുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് ഇസ്രയേലിൽ യുഎഇ എംബസി തുറക്കാനുള്ള തീരുമാനമെടുത്തത്.
ഇരുരാജ്യങ്ങളും ജനങ്ങളും തമ്മിൽ ഊഷ്മളമായ ബന്ധം സാധ്യമാക്കാൻ സഹായിക്കുന്ന തീരുമാനമാണിതെന്നും യുഎഇയിൽ നിന്നുള്ള പ്രതിനിധികളെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണെന്നും യുഎഇ എംബസി തുറക്കാനുള്ള തീരുമാനത്തോട് അഷ്കെൻസി പ്രതികരിച്ചു. റബാതിൽ ഇസ്രയേലി ദുബായിൽ കോൺസുലേറ്റ് ജനറൽ ഓഫ് ഇസ്രയേലും വരും ദിവസങ്ങളിൽ പ്രവർത്തനമാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
യുഎഇക്ക് പുറമേ മനാമ, ബഹ്റൈൻ എന്നിവിടങ്ങളിലും ഇസ്രയേൽ എംബസികൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിൽ എബ്രഹാം ഉടമ്പടിയിൽ ഒപ്പുവെച്ചതിന് ശേഷം യുഎഇയിൽ നിന്നും ഇസ്രയേലിൽ നിന്നുമുള്ള പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ചകൾ നടത്തുകയും വ്യാപാരം, നിക്ഷേപം, ടൂറിസം, നേരിട്ടുള്ള വിമാന സർവീസ്, സുരക്ഷ, ടെലികമ്മ്യൂണിക്കേഷൻസ്, ടെക്നേളജി,ഊർജം,
ആരോഗ്യസേവനം, സാംസ്കാരികം, പരിസ്ഥിതി, എംബസികൾ ആരംഭിക്കൽ അടക്കം പല മേഖലകളിലായി വിവിധ കരാറുകളിൽ ഒപ്പ് വെക്കുകയും ചെയ്തിരുന്നു.
ഈ വർഷം തുടക്കം മുതൽ തന്നെ എമിറേറ്റ്സും ഇത്തിഹാദും അടക്കം യുഎഇയിലെ പ്രധാന വിമാനക്കമ്പനികൾ ടെൽ അവീവിലേക്ക് വിമാന സർവീസുകൾ ആരംഭിച്ചിരുന്നു. ഇരുരാജ്യങ്ങൾക്കുമിടയിൽ ആഴ്ചയിൽ 112 വിമാന സർവീസുകൾ നടത്തുന്നതിനുള്ള കരാറാണ് നിലവിലുള്ളത്.
ഗൾഫിൽ ഇസ്രയേലുമായുള്ള സാധാരണ ബന്ധം പുനഃസ്ഥാപിക്കുന്ന ആദ്യ രാജ്യമാണ് യുഎഇ. വരുംമാസങ്ങളിൽ മൊറോക്കോ,ബഹ്റൈൻ, സുഡാൻ എന്നീ രാജ്യങ്ങളും ഇസ്രയേലുമായി സാധാരണ നയതന്ത്ര ബന്ധം ആരംഭിക്കും.