എസ്‌യുവി വേര്‍ഷനില്‍ ഹമ്മര്‍ ഇവി
ഇവി2, ഇവി2എക്‌സ്, ഇവി3എക്‌സ്, എഡിഷന്‍ 1 എന്നീ നാല് വേര്‍ഷനുകളില്‍ ലഭിക്കും
ഓള്‍ ഇലക്ട്രിക് പിക്കപ്പ് ട്രക്ക് അനാവരണം ചെയ്ത് കഴിഞ്ഞ വര്‍ഷമാണ് ജനറല്‍ മോട്ടോഴ്‌സ് ട്രക്ക് കമ്പനി (ജിഎംസി) ഹമ്മര്‍ ബ്രാന്‍ഡ് പുനരുജ്ജീവിപ്പിച്ചത്. ഹമ്മര്‍ ഇവി പിക്കപ്പ് ട്രക്കിന്റെ എസ്‌യുവി വേര്‍ഷന്‍ ഇപ്പോള്‍ അനാവരണം ചെയ്തിരിക്കുകയാണ് അമേരിക്കന്‍ കാര്‍ നിര്‍മാതാക്കള്‍. രണ്ട് വര്‍ഷം കഴിഞ്ഞായിരിക്കും ജിഎംസി ഹമ്മര്‍ ഇവി എസ്‌യുവി നിര്‍മിച്ചുതുടങ്ങുന്നത്. ഹമ്മര്‍ ഇവി പിക്കപ്പ് ട്രക്കിനുശേഷം ഹമ്മര്‍ ഇവി എസ്‌യുവി പുതിയ അധ്യായമാണെന്ന് ജിഎംസി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡങ്കന്‍ ആല്‍ഡ്രെഡ് പറഞ്ഞു.
ജനറല്‍ മോട്ടോഴ്‌സിന്റെ പുതു തലമുറ അള്‍ട്ടിയം പ്ലാറ്റ്‌ഫോമിലാണ് ഹമ്മര്‍ ഇവി എസ്‌യുവി നിര്‍മിക്കുന്നത്. ഇവി2, ഇവി2എക്‌സ്, ഇവി3എക്‌സ്, എഡിഷന്‍ 1 എന്നീ നാല് വേര്‍ഷനുകളില്‍ ലഭിക്കും. എഡിഷന്‍ 1 എന്ന ഫുള്ളി ലോഡഡ് വേര്‍ഷനായിരിക്കും ആദ്യം വരുന്നത്. 2023 തുടക്കത്തില്‍ വില്‍പ്പന ആരംഭിക്കും. ഇതേതുടര്‍ന്ന് മറ്റ് വകഭേദങ്ങള്‍ വൈകാതെ വിപണിയിലെത്തും.
ജിഎംസി ഹമ്മര്‍ ഇവി എസ്‌യുവിയുടെ എഡിഷന്‍ 1 വേരിയന്റിന് 1,05,995 യുഎസ് ഡോളറായിരിക്കും വില. ഇവി2എക്‌സ്, ഇവി3എക്‌സ് വകഭേദങ്ങള്‍ക്ക് യഥാക്രമം 89,995 ഡോളറും 99,995 ഡോളറും വില വരും. 2023 വസന്തകാലത്ത് രണ്ട് വേര്‍ഷനുകളും വിപണിയിലെത്തും. ഇവി2 വകഭേദത്തിന് 79,995 ഡോളറാണ് വില. 2024 ഓടെ വിപണിയിലെത്തും. ഏറ്റവും താങ്ങാവുന്ന വേരിയന്റിലെ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഏറ്റവും കുറഞ്ഞത് 402 കിലോമീറ്റര്‍ സഞ്ചരിക്കാം. 616 ബിഎച്ച്പി വരെ കരുത്ത് ഉല്‍പ്പാദിപ്പിക്കും. ബേസ് വേര്‍ഷന്‍ ഒഴികെ മറ്റ് വകഭേദങ്ങള്‍ക്ക് ഓഫ്‌റോഡ് പാക്കേജ് ലഭ്യമായിരിക്കും.
ഹൈ പവേര്‍ഡ്, ഫുള്ളി ലോഡഡ് വേര്‍ഷനില്‍ 482 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. എഡിഷന്‍ 1 വേര്‍ഷന്‍ 818 ബിഎച്ച്പി വരെ കരുത്ത് പുറപ്പെടുവിക്കും. ഓഫ്‌റോഡ് പാക്കേജ് സഹിതം ഇലക്ട്രിക് എസ്‌യുവിയുടെ വില 1,10,000 ഡോളറിന് മുകളിലായിരിക്കും. എഡിഷന്‍ 1 അവതരിപ്പിച്ചശേഷം കൂടുതല്‍ താങ്ങാവുന്ന വേര്‍ഷനുകള്‍ വില്‍ക്കാനാണ് ജിഎംസി ആലോചിക്കുന്നത്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 3.5 സെക്കന്‍ഡ് മാത്രം മതി.
പിക്കപ്പ് മോഡലുമായി വളരെ സാമ്യമുള്ളതാണ് ഹമ്മര്‍ ഇവി എസ്‌യുവി. എന്നാല്‍ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന് വീല്‍ബേസ് അല്‍പ്പം കുറഞ്ഞു. പിറകില്‍ സ്‌പെയര്‍ വീല്‍ നല്‍കി. ഫുള്ളി ലോഡഡ് വേര്‍ഷനായി പരമാവധി ഡ്രൈവിംഗ് റേഞ്ച്, പരമാവധി ഓഫ്‌റോഡ് ശേഷി എന്നിവ തെരഞ്ഞെടുക്കാന്‍ കഴിയും. 22 ഇഞ്ച് ചക്രങ്ങള്‍, സൈഡ് സ്‌റ്റെപ്പുകള്‍, ഫ്‌ളോര്‍ ലൈനറുകള്‍ തുടങ്ങിയവ ലഭിച്ചു. ബ്രാന്‍ഡിന്റെ ‘സൂപ്പര്‍ ക്രൂസ്’ ഹാന്‍ഡ്‌സ് ഫ്രീ ഡ്രൈവിംഗ് സാങ്കേതികവിദ്യ ഹമ്മര്‍ ഇവിയില്‍ സ്റ്റാന്‍ഡേഡായി നല്‍കും.