December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്‌കോഡ കോഡിയാക്ക് ഫേസ്‌ലിഫ്റ്റ് രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു  

2021 മൂന്നാം പാദത്തില്‍ ഇന്ത്യന്‍ വിപണിയില്‍ എസ്‌യുവി അവതരിപ്പിക്കും  
ന്യൂഡെല്‍ഹി: ഫേസ്‌ലിഫ്റ്റ് ചെയ്ത സ്‌കോഡ കോഡിയാക്ക് എസ്‌യുവി ഈ മാസം 13 ന് ആഗോളതലത്തില്‍ അനാവരണം ചെയ്യും. ഇതിനുമുന്നോടിയായി രൂപകല്‍പ്പന സംബന്ധിച്ച രേഖാചിത്രങ്ങള്‍ ചെക്ക് കാര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടു. ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചശേഷം ഇതാദ്യമായാണ് കോഡിയാക്കിന് ഇത്രയും പ്രധാനപ്പെട്ട പരിഷ്‌കാരങ്ങള്‍ ലഭിക്കുന്നത്.

പരിഷ്‌കരിച്ച ബോണറ്റ് ഡിസൈന്‍, കൂടുതല്‍ നിവര്‍ന്ന ഗ്രില്‍ (കുശാക്കില്‍ കണ്ടതുപോലെ), നടുവില്‍ വീതിയേറിയ എയര്‍ ഇന്‍ടേക്ക് സഹിതം റീസ്‌റ്റൈല്‍ ചെയ്ത മുന്നിലെ ബംപര്‍ എന്നിവ രേഖാചിത്രങ്ങളില്‍നിന്ന് മനസ്സിലാക്കാം. ഹെഡ്‌ലൈറ്റുകള്‍ പഴയ മോഡലിനേക്കാള്‍ വണ്ണം കുറഞ്ഞതായിരിക്കും. ഫോഗ് ലൈറ്റുകള്‍ അല്‍പ്പം താഴെയായിരിക്കും. ടെയ്ല്‍ ലൈറ്റുകളുടെ രൂപകല്‍പ്പനയും മെലിഞ്ഞതാണ്. കുശാക്കില്‍ കണ്ടതുപോലെ സ്‌കോഡയുടെ പുതിയ സവിശേഷ ക്രിസ്റ്റലിന്‍ പാറ്റേണ്‍ ലഭിച്ചതാണ് ടെയ്ല്‍ ലൈറ്റുകള്‍. എല്‍ഇഡി ഹെഡ്‌ലാംപുകള്‍, പുതിയ അലോയ് വീലുകള്‍, വ്യത്യസ്ത അപോള്‍സ്റ്ററി എന്നിവ പ്രതീക്ഷിക്കുന്നു.

ഇന്ത്യയില്‍ ബിഎസ് 6 പാലിക്കുന്ന 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ടിഎസ്‌ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും സ്‌കോഡ കോഡിയാക്ക് ഫേസ്‌ലിഫ്റ്റ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 190 എച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിക്കും. 4 വീല്‍ ഡ്രൈവ് സംവിധാനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. 2021 മൂന്നാം പാദത്തില്‍ (ജൂലൈ സെപ്റ്റംബര്‍) സ്‌കോഡ കോഡിയാക്ക് ഫേസ്‌ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ വില്‍പ്പന, സേവന, വിപണന വിഭാഗം ഡയറക്റ്റര്‍ സാക്ക് ഹോളിസ് പറഞ്ഞു.

2020 ഏപ്രില്‍ ഒന്നിന് ബിഎസ് 6 ബഹിര്‍ഗമന മാനദണ്ഡങ്ങളിലേക്ക് ഇന്ത്യ മാറിയപ്പോള്‍ സ്‌കോഡ കോഡിയാക്കിന്റെ വില്‍പ്പന അവസാനിപ്പിച്ചിരുന്നു. ബിഎസ് 4 കാലഘട്ടത്തില്‍ 2.0 ലിറ്റര്‍ ടിഡിഐ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ ഓപ്ഷന്‍ മാത്രമാണ് സ്‌കോഡ കോഡിയാക്ക് ഉപയോഗിച്ചിരുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഡീസല്‍ പവര്‍ട്രെയ്‌നുകള്‍ ഒഴിവാക്കാന്‍ സ്‌കോഡ തീരുമാനിച്ചതോടെയാണ് ഈ എന്‍ജിന്‍ മാറ്റം.

ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ സ്‌കോഡ ഉല്‍പ്പന്നമായിരിക്കും കോഡിയാക്ക് ഫേസ്‌ലിഫ്റ്റ്. അടുത്ത മാസം അവസാനത്തോടെ വരുന്ന പുതു തലമുറ ഒക്ടാവിയ, ജൂണിലെത്തുന്ന ഇന്ത്യന്‍ നിര്‍മിത കുശാക്ക് എന്നിവയായിരിക്കും മറ്റ് രണ്ട് മോഡലുകള്‍. ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഓള്‍സ്‌പേസ്, ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോഡ് എന്‍ഡവര്‍, മഹീന്ദ്ര അല്‍ട്ടുറാസ് ജി4, എംജി ഗ്ലോസ്റ്റര്‍ എന്നിവയായിരിക്കും സ്‌കോഡ കോഡിയാക്കിന്റെ ഇന്ത്യയിലെ എതിരാളികള്‍.

Maintained By : Studio3