കൊച്ചിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള പ്രദര്‍ശന വിപണന കേന്ദ്രം വരുന്നു
1 min read
ഇതിനായി 15 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്, 30 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
കൊച്ചി: കേരളത്തിന് സ്വന്തമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു എക്സിബിഷന്‍ കം ട്രേഡ് സെന്‍ററും കണ്‍വെന്‍ഷന്‍ സെന്‍ററും കൊച്ചിയില്‍ നടപ്പിലാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കേരളത്തിലെ വ്യവസായങ്ങള്‍ക്കും പരമ്പരാഗത മേഖലയ്ക്കും കാര്‍ഷിക രംഗത്തിനും പുത്തന്‍ ഉണര്‍വ് പകരാന്‍ പ്രദര്‍ശന വിപണന കേന്ദ്രത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. വ്യവസായ വകുപ്പിന്‍റെ അഭിമാന പദ്ധതികളിലൊന്നായാണ് ഇത് രൂപപ്പെടുത്തുന്നതെന്നും മന്ത്രി അറിയിച്ചു.
വ്യവസായികള്‍ക്കും മറ്റു മേഖലകളിലുള്ളവര്‍ക്കും പ്രയോജനകരമായ വിധത്തില്‍ പ്രദര്‍ശനം സംഘടിപ്പിക്കാനും അന്താരാഷ്ട്ര വിപണി ഉള്‍പ്പെടെ നേടിയെടുക്കുന്നതിനും ഈ വേദി സഹായകരമാകും. ഇതിനായി 15 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ 30 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രദര്‍ശന വിപണന കേന്ദ്രത്തിന്‍റെ നിര്‍മാണം ഉടന്‍ ആരംഭിക്കും.
കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിലെ വ്യത്യസ്ത മേഖലകളെ ഉള്‍പ്പെടുത്തി പ്രദര്‍ശനവും വിപണന മേളയും സംഘടിപ്പിക്കുന്നതിന് ഒരു വാര്‍ഷിക കലണ്ടര്‍ തയ്യാറാക്കാനാവുമെന്നും മന്ത്രി വിശദീകരിച്ചു. സ്ഥിരമായി പ്രദര്‍ശന വിപണന മേളകള്‍ സാധ്യമാകുന്നതോടെ ദേശീയ, അന്തര്‍ദ്ദേശീയ തലത്തില്‍ ശ്രദ്ധ നേടാനും ഉല്‍പ്പന്നങ്ങള്‍ക്ക് വിശാലമായ വിപണി കണ്ടെത്താനും സാധിക്കും. ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്‍റെ ന്യൂഡല്‍ഹിയിലെ പ്രദര്‍ശന വിപണന കേന്ദ്രത്തിന്‍റെ മാതൃകയിലാവും കൊച്ചിയിലും കേന്ദ്രം ഒരുക്കുക. 18 – 24 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാന വ്യാപാര മിഷന്‍റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനായി മിഷന്‍ പ്രതിനിധികളുമായി മന്ത്രി പി. രാജീവ് നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. റീട്ടെയില്‍ വ്യാപാരികളെക്കൂടി വാണിജ്യ മിഷന്‍റെ പരിധിയില്‍ കൊണ്ടുവരും. ഇതിലൂടെ ഉല്‍പ്പാദകര്‍, വിതരണക്കാര്‍, വ്യാപാരികള്‍ എന്നിവരുടെ ഏകോപനം സാധ്യമാകും. കരകൗശലം, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലയ്ക്ക് ഊന്നല്‍ ലഭിക്കുകയും ചെയ്യും.
അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് എക്സ്പോര്‍ട്ട് ഡെവലപ്മെന്‍റ് ഏജന്‍സിയുമായി ചേര്‍ന്ന് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും മറൈന്‍ പ്രോഡക്ട്സ് എക്സ്പോര്‍ട്ടേഴ്സ് ഡെവലപ്മെന്‍റ് ഏജന്‍സിയുമായി ചേര്‍ന്ന് സമുദ്രോല്‍പ്പന്നങ്ങളുടെയും കയറ്റുമതി പ്രോല്‍സാഹിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള ബി 2 ബി പോര്‍ട്ടല്‍ ബി 2 സി ആയി ഉയര്‍ത്തുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.