ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചു
ന്യൂ ഡല്‍ഹി: 2030-ഓടെ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്ക് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ഇന്ന് ന്യൂഡല്‍ഹിയില്‍ തുടക്കം കുറിച്ചു. യുകെ അന്താരാഷ്ട്ര വ്യാപാര സ്റ്റേറ്റ് സെക്രട്ടറി ആന്‍ മേരി ട്രെവെലിയന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
യുകെയുമായുള്ള എഫ്ടിഎ ചര്‍ച്ചകള്‍ തുകല്‍, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, സംസ്‌കരിച്ച കാര്‍ഷിക ഉല്‍പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചടങ്ങില്‍ സംസാരിച്ച ശ്രീ പിയൂഷ് ഗോയല്‍ പറഞ്ഞു. ഇന്ത്യയുടെ 56 സമുദ്രോത്പന്ന യൂണിറ്റുകളുടെ അംഗീകാരത്തിലൂടെ സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയില്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഔഷധ മേഖലയുമായി ബന്ധപ്പെട്ട പരസ്പര അംഗീകാര കരാറുകള്‍ക്ക് (എംആര്‍എ),അധിക വിപണി പ്രവേശനം നല്‍കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. സേവന മേഖലകളില്‍ കയറ്റുമതി വര്‍ധിപ്പിക്കാനുള്ള വലിയ സാധ്യതയുമുണ്ട്. ജനങ്ങളുടെ സഞ്ചാരത്തിനായി പ്രത്യേക സംവിധാന സാദ്ധ്യതകള്‍ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങളിലും പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന, വ്യാപാര കരാറിനായി ഇരു രാജ്യങ്ങളും ഉറ്റുനോക്കുകയാണെന്ന് ശ്രീ ഗോയല്‍ പറഞ്ഞു. സന്തുലിതമായ ഇളവുകളുള്ളതും വിശാലമായ മേഖലകളില്‍ വിപണി പ്രവേശന സാധ്യതയുള്ള പരസ്പര പ്രയോജനകരമായ കരാറിനായി പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
മൂല്യ ശൃംഖലകളെ സംയോജിപ്പിക്കുന്നതിനും വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഇന്ത്യ-യുകെ എഫ്ടിഎ സംഭാവന നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ബിസിനസുകള്‍ക്ക് നേട്ടമുണ്ടാക്കാന്‍ ഇടക്കാല കരാറിന്റെ സാധ്യതകള്‍ ആരായാനും ധാരണയായതായി മന്ത്രി അറിയിച്ചു.