നിറഞ്ഞ ആത്മവിശ്വാസത്തോടെ ഇന്ത്യ മുന്നോട്ട് : മോദി
1 min readന്യൂഡെല്‍ഹി: ആത്മവിശ്വാസം നിറഞ്ഞതാണ് ഇന്നത്തെ ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അത് രാജ്യാതിര്‍ത്തികളിലും പ്രതിഫലിക്കുന്നു. നാസ്കോം ടെക്നോളജി & ലീഡര്‍ഷിപ്പ് ഫോറം 2021 ല്‍ നടത്തിയ പ്രസംഗത്തില്‍ കോവിഡ് ബാധിത വര്‍ഷത്തില്‍ പോലും ഐടി വ്യവസായം കൈവരിച്ച വളര്‍ച്ചയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
വെല്ലുവിളികള്‍ നേരിടുമ്പോള്‍ നമ്മെ ദുര്‍ബലരായി കരുതാതിരിക്കേണ്ടത് പ്രധാനമാണെന്നും വെല്ലുവിളികളില്‍ നിന്ന് നാം ഒളിച്ചോടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒന്‍പത് മാസക്കാലത്തെ സംഘര്‍ഷാവസ്ഥയ്ക്കുശേഷം ചൈനയും ഇന്ത്യയും ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) സൈന്യത്തെ പിന്‍വലിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അഭിപ്രായം എന്നത് ശ്രദ്ധേയമാണ്.
ഭൂരിഭാഗം ആളുകളും വീടുകള്‍ക്കുള്ളില്‍ ആയിരുന്ന കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കാലത്തും ഇന്ത്യയുടെ ഐടി വ്യവസായത്തിന്‍റെ പ്രവര്‍ത്തനം സുഗമമായി പ്രവര്‍ത്തിച്ചു. ഈ രംഗത്ത് വളര്‍ച്ചാ വേഗത തുടരുകയും പുതിയ നാഴികക്കല്ലുകള്‍ കൈവരിക്കുകയും ചെയ്യുമെന്ന് മോദി പറഞ്ഞു.
ഐടി വ്യവസായത്തെ അനാവശ്യ നിയന്ത്രണങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ നയം ആ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണ്. ജിയോസ്പേഷ്യല്‍ പരിഷ്കാരങ്ങള്‍ ഐടി മേഖലയെ ശക്തിപ്പെടുത്തുക മാത്രമല്ല, ‘ആത്മനിര്‍ഭര്‍ ഭാരത്’ കെട്ടിപ്പടുക്കാന്‍ സഹായിക്കുകയും ചെയ്യും. ഈ ഘട്ടം നമ്മുടെ ടെക് സ്റ്റാര്‍ട്ട്-അപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പരിമിതികളുള്ള പരിതസ്ഥിതിയില്‍ ഭാവി നേതൃത്വം കെട്ടിപ്പടുക്കാന്‍ ഇന്ത്യക്ക് കഴിയില്ല. രാജ്യത്തെ സര്‍ക്കാരിനും സദ്ഭരണത്തിനും സുതാര്യത ആവശ്യമാണ്. ആഗോള സാങ്കേതിക വിദ്യാരംഗത്ത് ഇന്ത്യയെ മുന്‍പന്തിയിലെത്തിക്കുന്നതിന് ലോകോത്തര ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കേണ്ടതുണ്ട്. ഇന്ന് ഡാറ്റ ജനാധിപത്യവല്‍ക്കരിക്കപ്പെടുകയാണെന്നും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നുണ്ടെന്നും മോദി പറഞ്ഞു.