2020-21 ഇന്ത്യയുടെ മരുന്ന് കയറ്റുമതിയില്‍ 18% വളര്‍ച്ച
1 min readവടക്കേ അമേരിക്കയാണ് ഇന്ത്യയില്‍ നിന്നുള്ള മരുന്നുകളുടെ പ്രധാന വിപണി
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള മരുന്ന് കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷം വന്‍ നേട്ടം സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. 2019-20ല്‍ രേഖപ്പെടുത്തിയ 20.58 ബില്യണ്‍ ഡോളറിന്‍റെ കയറ്റുമതിയെ അപേക്ഷിച്ച് 18 ശതമാനം വര്‍ധനയോടെ 2020-21ല്‍ കയറ്റുമതി 24.44 ബില്യണ്‍ ഡോളറിലേക്ക് എത്തി. സാമ്പത്തിക വര്‍ഷം അവസാനിച്ച മാര്‍ച്ചില്‍ 2.3 ബില്യണ്‍ ഡോളറിന്‍റെ കയറ്റുമതിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കോവിഡ് 19ന്‍റെ സാഹചര്യത്തില്‍ ആഗോള തലത്തില്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം തിരിച്ചടി നേരിട്ടപ്പോഴാണ് ഇന്ത്യയുടെ നേട്ടം എന്നതും ശ്രദ്ധേയമാണ്. ആരോഗ്യ മേഖലയ്ക്കായുള്ള ചെലവിടല്‍ ഒട്ടുമിക്ക ഭരണകൂടങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്. കോവിഡ് 19 രണ്ടാം തരംഗത്തിന്‍റെ കൂടി പശ്ചാത്തലത്തില്‍ വലിയ വര്‍ധനയാണ് മാര്‍ച്ചില്‍ ഇന്ത്യയില്‍ നിന്നുള്ള മരുന്ന് കയറ്റുമതിയില്‍ ഉണ്ടായത്. മുന്‍ വര്‍ഷം സമാന മാസത്തെ അപേക്ഷിച് 48.5 ശതമാനം വര്‍ധനയാണ് മാര്‍ച്ചില്‍ രേഖപ്പെടുത്തിയത്.
ആഗോള മരുന്ന് വിപണി 1-2 ശതമാനം നെഗറ്റീവ് വളര്‍ച്ചയാണ് ഇക്കാലയളവില്‍ നേടിയത്. വിതരണ ശൃംഖലകളില്‍ നേരിട്ട തടസവും ഉല്‍പ്പാദനത്തിലെ വെല്ലുവിളികളും കോവിഡ് അല്ലാതെയുള്ള രോഗങ്ങള്‍ക്ക് ആളുകള്‍ ആശുപത്രികളില്‍ എത്തുന്നത് കുറഞ്ഞതുമാണ് ഇതിന് കാരണമായത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന മരുന്നുകള്‍ക്ക് ആഗോള വിപണികളിലുള്ള വിശ്വാസ്യതയുടെ കൂടി പ്രതിഫലനമായി ഇത് കണക്കാക്കപ്പെടുന്നു.
വരും വര്‍ഷങ്ങളിലും മികച്ച വളര്‍ച്ച ഇന്ത്യയുടെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിന് നിലനിര്‍ത്താനാകുമെന്നാണ് വ്യാവസായിക വിദഗ്ധര്‍ വിലയിരുത്തുന്നത്. വാക്സിനുകള്‍ നിര്‍മിച്ച് കയറ്റി അയക്കുന്നതിലും ഇന്ത്യ മുന്‍ നിരയിലുണ്ട്. കൊറോണയ്ക്കെതിരായ മൂന്ന് വാക്സിനുകളുടെ നിര്‍മാണം നിലവില്‍ രാജ്യത്ത് നടക്കുന്നുണ്ട്. രാജ്യത്ത് വാക്സിനുകള്‍ക്ക് ക്ഷാമം നേരിട്ട് തുടങ്ങിയ സാഹചര്യത്തില്‍ ഹ്രസ്വകാലയളവില്‍ ഇതിന്‍റെ കയറ്റുമതി നിയന്ത്രിക്കപ്പെട്ടേക്കും എന്നും വിലയിരുത്തപ്പെടുന്നു.
വടക്കേ അമേരിക്കയാണ് ഇന്ത്യയില്‍ നിന്നുള്ള മരുന്നുകളുടെ പ്രധാന വിപണി. ആകെ കയറ്റുമതിയുടെ 34 ശതമാനം ഇവിടേക്കാണ് എത്തിയിട്ടുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അമേരിക്കയിലേക്കും കാനഡയിലേക്കും മെക്സിക്കോയിലേക്കുമുള്ള മരുന്ന് കയറ്റുമതിയില്‍ യഥാക്രമം 12.6, 30, 21.4 ശതമാനം വീതം വളര്‍ച്ചയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നേടാനായിട്ടുള്ളത്.