ഇവിടെ കളി വേണ്ട : ഡിജിറ്റല്‍ കുത്തകവല്‍ക്കരണം തകര്‍ക്കാന്‍ ഇന്ത്യ
ഡിജിറ്റല്‍ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന സമിതിയില്‍ നിലേക്കനി
തുറന്ന ശൃംഖലകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍
ന്യൂഡെല്‍ഹി: ഡിജിറ്റല്‍ കുത്തകവല്‍ക്കരണം തടയാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ ശ്രദ്ധ നേടുന്നു. ഇതിനായി രൂപീകരിച്ച സമിതിയില്‍ ഇന്‍ഫോസിസ് സഹസ്ഥാപകനും ചെയര്‍മാനുമായ നന്ദന്‍ നിലേക്കനിയെ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയതോടെ കാര്യങ്ങള്‍ നീങ്ങുന്നത് പുതിയ ദിശയിലേക്കാണ്. മൊത്തം ഒമ്പത് അംഗങ്ങളാണ് സമിതിയിലുള്ളത്.
ഡിജിറ്റല്‍ കുത്തകവല്‍ക്കരണം ഇല്ലാതാക്കുന്നതിനായി ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് എന്ന സംവിധാനം നടപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഉദ്ദേശ്യം. ഇതിനുവേണ്ടിയുള്ള നടപടികള്‍ക്ക് മുന്‍കൈയെടുത്തിരിക്കുന്നത് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റേണല്‍ ട്രേഡാണ്. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യക്കാണ് നടത്തിപ്പ് ചുമതല നല്‍കിയിരിക്കുന്നത്.
ഏതെങ്കിലും പ്രത്യേക പ്ലാറ്റ്ഫോമില്‍ നിന്ന് സ്വന്ത്രമായി ഓപ്പണ്‍ സോഴ്സ് മെത്തഡോളജിയില്‍ വികസിപ്പിച്ച ഓപ്പണ്‍ നെറ്റ് വര്‍ക്കുകള്‍ പ്രോല്‍സാഹിപ്പിക്കുന്ന സമീപനമാകും സമിതി കൈക്കൊള്ളുക. മൊത്തം വിതരണ ശൃംഖല ഡിജിറ്റല്‍വല്‍ക്കരിക്കാനും പ്രവര്‍ത്തനങ്ങള്‍ സ്റ്റാന്‍ഡേര്‍ഡൈസ് ചെയ്യാനുമെല്ലാം പുതിയ സംവിധാനം ഉപയോഗപ്പെടുത്തും. നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി സിഇഒ ആര്‍ എസ് ശര്‍മ, ക്യുസിഐ മേധാവി ആദില്‍ സൈനുള്‍ഭായ്, അവാന ക്യാപിറ്റല്‍ സ്ഥാപക അഞ്ജലി ബന്‍സാല്‍ തുടങ്ങി നിരവധി പ്രമുഖര്‍ സമിതിയിലുണ്ട്.