2025ഓടെ ഇന്ത്യയുടെ ഫിന്‍ടെക് വിപണി 150-160 ബില്യണ്‍ ഡോളറിലെത്തും
1 min readഇന്ത്യയുടെ ചലനാത്മകമായ ഫിന്‍ടെക് വ്യവസായത്തില്‍ 2100+ ഫിന്‍ടെക് ഉണ്ട്, അതില്‍ 67 ശതമാനവും കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ മാത്രം സ്ഥാപിതമായതാണ്
ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഫിന്‍ടെക് വ്യവസായത്തിന്‍റെ മൊത്തം മൂല്യനിര്‍ണ്ണയം നിലവില്‍ 50- 60 ബില്ല്യണ്‍ ഡോളറാണെന്നും 2025 വരെയുള്ള കാലയളവില്‍ മൂല്യനിര്‍ണയത്തില്‍ 100 ബില്യണ്‍ ഡോളര്‍ വരെ കൂട്ടിച്ചേര്‍ക്കപ്പെടും എന്നും പഠന റിപ്പോര്‍ട്ട്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രിയും (ഫിക്കി) ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പും (ബിസിജി) ശനിയാഴ്ച പുറത്തിറക്കിയ ‘ഇന്ത്യ ഫിന്‍ടെക്: 100 ബില്യണ്‍ യുഎസ് ഡോളര്‍ ഓപ്പര്‍ച്യുനിറ്റി’ റിപ്പോര്‍ട്ടിലാണ് ഈ വിലയിരുത്തല്‍ ഉള്ളത്.
ഇന്ത്യയിലെ ഫിന്‍ടെക് വ്യവസായം അതിവേഗം വളരുകയാണെന്ന് ഫിക്കി സെക്രട്ടറി ജനറല്‍ ദിലീപ് ചെനോയ് പറഞ്ഞു. ഫിന്‍ടെക് കമ്പനികള്‍ ധനകാര്യ സേവന വ്യവസായത്തിന്‍റെ വിവിധ വിഭാഗങ്ങളിലായി ബിസിനസ്സ് മോഡലുകള്‍ പുനര്‍നിര്‍വചിക്കുകയാണ്. സേവന വിതരണം മെച്ചപ്പെടുത്തുന്നതിലും ഡിജിറ്റല്‍വത്കരണത്തിലും ഇത് സംഭാവന നല്‍കുന്നു. ഫിക്കി വ്യക്തമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലയാണ് ഇത്, ഒന്നിലധികം സംരംഭങ്ങളിലൂടെ, ഇന്ത്യയിലും വിദേശത്തും ഈ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നത് ഫിക്കി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ചലനാത്മകമായ ഫിന്‍ടെക് വ്യവസായത്തില്‍ 2100+ ഫിന്‍ടെക് ഉണ്ട്, അതില്‍ 67 ശതമാനവും കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ മാത്രം സ്ഥാപിതമായതാണ്. 2020 ജനുവരി മുതല്‍ 3 പുതിയ യൂണികോണ്‍സും 5 പുതിയ സൂണിക്കോര്‍ണുകളും (യുഎസ് ഡോളര്‍ 500 മില്ല്യണ്‍ + മൂല്യനിര്‍ണ്ണയം) ഉയര്‍ന്നുവന്നും. കോവിഡ് 19 ഈ വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് തടസങ്ങള്‍ സൃഷ്ടിച്ചിട്ടില്ല.
ഇന്ത്യയുടെ ആഴത്തിലുള്ള ഉപഭോക്തൃ ആവശ്യം, വൈവിധ്യമാര്‍ന്ന മൂലധന പ്രവാഹം, ശക്തമായ സാങ്കേതിക കഴിവുകള്‍,വിവിധ നയപരമായ ചട്ടക്കൂടുകള്‍ എന്നിവയാണ് ഫിന്‍ടെക് വ്യവസായത്തിന്‍റെ ശക്തമായ വളര്‍ച്ചയ്ക്ക് കാരണമാകുന്നത്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍, ഇന്ത്യയുടെ ഫിന്‍ടെക് വ്യവസായം ശക്തമായ മുന്നേറ്റം തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
“അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ഫിന്‍ടെക്കുകള്‍ 100 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യം സൃഷ്ടിക്കുന്നതിനുള്ള വേഗത പ്രകടമാക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ സാധ്യതകള്‍ സാക്ഷാത്കരിക്കാന്‍ വ്യവസായത്തിന് നിക്ഷേപം ആവശ്യമാണ്. 2025 വരെ 20-25 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപം അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ വേണം. തന്മൂലം, അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഫിന്‍ടെക് യൂണികോണ്‍സിന്‍റെ എണ്ണം ഇരട്ടിയിലധികമാകും,’ ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും പങ്കാളിയുമായ പ്രതീക് റൂങ്ത പറഞ്ഞു.
ഇന്ത്യന്‍ ഫിന്‍ടെക്കുകളുടെ അന്താരാഷ്ട്രവല്‍ക്കരണമാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റൊരു വിഷയം. സര്‍വേയില്‍ പങ്കെടുത്ത 39 ശതമാനം ഇന്ത്യന്‍ ഫിന്‍ടെക്കുകളും ഇന്ത്യയ്ക്ക് പുറത്ത് സാന്നിധ്യമുണ്ടെന്ന് വ്യക്തമാക്കിയപ്പോള്‍ സര്‍വേയില്‍ പങ്കെടുത്ത 73 ശതമാനം ഫിന്‍ടെക്കുകളും അന്താരാഷ്ട്ര വ്യാപനത്തെ സജീവമായി പരിഗണിക്കുന്നതായി അറിയിച്ചു. അന്താരാഷ്ട്ര വ്യാപനത്തിനായി ഏറ്റവും കൂടുതല്‍ പ്ലാറ്റ്ഫോമുകള്‍ പരിഗണിക്കുന്ന സ്ഥലമാണ് തെക്ക്-കിഴക്കന്‍ ഏഷ്യ, തൊട്ടുപിന്നില്‍ വടക്കേ അമേരിക്ക.