കോവിഡിന് മുമ്പുള്ള സ്ഥിതിയില്‍ 1 വര്‍ഷത്തിനുള്ളില്‍ എത്താമെന്ന് 70% ഇന്ത്യക്കാരുടെ പ്രതീക്ഷ
1 min readസര്‍വെ നടത്തിയത് രണ്ടാം തരംഗം ശക്തി പ്രാപിക്കുന്നതിന് മുന്‍പ്
ന്യൂഡെല്‍ഹി: കോവിഡിനു മുമ്പുള്ള സാധാരണ നിലയിലേക്ക് മടങ്ങിവരാമെന്ന പ്രതീക്ഷയില്‍ ഇന്ത്യക്കാര്‍ മുന്നിലാണെന്ന് സര്‍വെ റിപ്പോര്‍ട്ട്. ലോക സാമ്പത്തിക ഫോറം നടത്തിയ സര്‍വെ പ്രകാരം ഇന്ത്യയില്‍ 70 ശതമാനത്തിലധികം പേര്‍ ഇത് ഒരു വര്‍ഷത്തിനുള്ളില്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയിലും മറ്റ് ചില രാജ്യങ്ങളിലും കേസുകള്‍ വര്‍ധിക്കുന്നതിന് തൊട്ടുമുമ്പാണ് സര്‍വേ നടത്തിയിട്ടുള്ളത്.
ഫെബ്രുവരി 19 നും മാര്‍ച്ച് 5 നും ഇടയില്‍ ആഗോള വിപണി ഗവേഷണ സ്ഥാപനമായ ഇപ്സോസ് ആണ് ഡബ്ല്യുഇഎഫിന് വേണ്ടി സര്‍വെ നടത്തിയത്. ആഗോളതലത്തില്‍ 21,000 ത്തിലധികം പേര്‍ സര്‍വെയില്‍ പങ്കെടുത്തു. 1-3 മാസത്തിനുള്ളില്‍ സാധാരണ അവസ്ഥയിലേക്ക് മടങ്ങാനാകുമെന്ന് 24 ശതമാനം ഇന്ത്യാക്കാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 3-6 മാസത്തിനുള്ളില്‍ കോവിഡിന് മുന്‍പുള്ള സ്ഥിതിയില്‍ എത്താമെന്ന് 21 ശതമാനവും പ്രതീക്ഷിക്കുന്നു.
23 ശതമാനം ഇന്ത്യക്കാര്‍ 6-12 മാസത്തിനുള്ളില്‍ പ്രീ-കോവിഡ് സാധാരണ നിലയിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും ഈ സമയപരിധിക്കുള്ളിലെ വീണ്ടെടുപ്പില്‍ സൗദി അറേബ്യ, ചൈന, ബ്രസീല്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കൂടുതലായി പ്രതീക്ഷ പ്രകടമാക്കി. ഇന്ത്യയില്‍ നിന്ന് പ്രതികരിച്ചവരില്‍ 15 ശതമാനം പേര്‍ സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവിന് 12 മാസത്തില്‍ കൂടുതല്‍ സമയമെടുക്കുമെന്ന് കരുതുന്നു. 6 ശതമാനം പേര്‍ ഇത് ഒരിക്കലും സംഭവിക്കില്ലെന്നും 11 ശതമാനം പേര്‍ ഇതിനകം തന്നെ അത് സംഭവിച്ചെന്നും അഭിപ്രായപ്പെട്ടു.
ആഗോളതലത്തില്‍, 60 ശതമാനത്തോളം പേരാണ് അടുത്ത വര്‍ഷത്തിനുള്ളില്‍ മഹാമാരി കെട്ടടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് സര്‍വേ ഫലങ്ങള്‍ ഉദ്ധരിച്ച് ഡബ്ല്യുഇഎഫ് പറഞ്ഞു.