ചൈനയുടെ നടുവൊടിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍
1 min read- ഇലക്ട്രിക് വാഹനങ്ങളില്‍ ലിഥിയം ബാറ്ററിക്ക് പകരം അലുമിനിയം ഉപയോഗപ്പെടുത്താന്‍ ഇന്ത്യ
- വിജയിച്ചാല്‍ വിപണിയില്‍ പുതുവിപ്ലവം നയിക്കും ഇന്ത്യ
- ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കുകയാണ് ഉദ്ദേശ്യം
ന്യൂഡെല്‍ഹി: ബാറ്ററി ടെക്നോളജിയില്‍ പുതുവിപ്ലവത്തിന് ഇന്ത്യ. ചൈനയില്‍ നിന്നുള്ള ഇറക്കുമതി വസ്തുക്കളും ടെക്നോളജിയും കുറയ്ക്കുന്നതിനായി ഇവി(ഇലക്ട്രിക് വെഹിക്കിള്‍) ബാറ്ററികളിലെ പ്രധാനഘടകമായി ലിഥിയത്തിന് പകരം അലുമിനിയം ഉപയോഗപ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇതിനായി ഇന്ത്യന്‍ ഓയല്‍ കോര്‍പ്പറേഷന്‍ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഫിനര്‍ജിയുമായി കൈകോര്‍ത്തിരിക്കുകയാണ്. ഇസ്രയേലി കമ്പനിയുടെ അലുമിനിയം എയര്‍ ബാറ്ററി വികസിപ്പിക്കുകയാണ് ലക്ഷ്യം.
നിലവില്‍ ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികളിലെ പ്രധാന ഘടകം ലിഥിയം ആണ്. എന്നാല്‍ ഇതിന്‍റെ ലഭ്യതക്കുറവ് ഇന്ത്യയില്‍ രൂക്ഷമാണ്. പക്ഷേ ഇന്ത്യയുടെ കിഴക്കന്‍ വനാന്തരങ്ങളില്‍ അലുമിനിയം ഉണ്ടാക്കുന്ന അയിരായ ബോക്സൈറ്റിന്‍റെ വലിയ ശേഖരമുണ്ട്.
നമ്മുടെ നാട്ടില്‍ ലിഥിയത്തിന്‍റെ ലഭ്യത വളരെ കുറവാണ്. അതിനാല്‍ കൂടുതല്‍ ലഭ്യമായ പ്രകൃതി വിഭവത്തിനായുള്ള തിരച്ചിലിലാണ് ഞങ്ങള്‍-ഇന്ത്യന്‍ ഓയില്‍ ഗവേഷണ വികസന വിഭാഗം ഡയറക്റ്റര്‍ എസ് എസ് വി രാമകുമാര്‍ പറഞ്ഞു.
ബോക്സൈറ്റ് ഉല്‍പ്പാദിപ്പിക്കുന്ന ലോകത്തിലെ ടോപ് 10 രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇതിന്‍റെ 600 ദശലക്ഷം ശേഖരം രാജ്യത്ത് പ്രത്യക്ഷത്തില്‍ തന്നെ ലഭ്യമാണെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നത്. ഇന്ത്യയുടെ മൈനിംഗ് മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍ അനുസരിച്ച് ഇതിലും എത്രയോ മടങ്ങ് കൂടുതലായിരിക്കും ഉപയോഗിക്കപ്പെടാത്ത നമ്മുടെ ബോക്സൈറ്റ് ശേഖരം. ഇതിന് പുറമെ അലുമിനിയം നിര്‍മാണത്തിനായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ തോതിലാണ് രാജ്യം നിക്ഷേപം നടത്തുന്നത്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അലുമിനിയം സ്മെല്‍റ്ററാണ് ഇന്ത്യ.
ലിഥിയത്തെ അപേക്ഷിച്ച് അലുമിനിയത്തിന് മൂന്ന് ഗുണങ്ങളുണ്ടെന്ന് രാമകുമാര്‍ പറയുന്നു. താരതമ്യേന ഇതിന് വില കുറവാണ്, അലുമിനിയം ഉപയോഗിക്കുന്ന വണ്ടികള്‍ക്ക് കൂടുതല്‍ റേഞ്ച് കിട്ടും, കൂടുതല്‍ സുരക്ഷിതമാണ് എന്നിങ്ങനെയാണ് ഗുണങ്ങള്‍.
വായുവില്‍ അലുമിനിയം പ്ലേറ്റുകള്‍ ഓക്സിജനുമായി റിയാക്റ്റ് ചെയ്യുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന വൈദ്യുതി ഉപയോഗിച്ചാണ് ബാറ്ററി വര്‍ക്ക് ചെയ്യുക. ഒരു ബാറ്ററിക്ക് വേണ്ട ഉയര്‍ന്ന എനര്‍ജി ഡെന്‍സിറ്റിയും ലഭ്യമാണെന്നത് പ്രത്യേകതയാണ്. എന്നാല്‍ നിരവധി വെല്ലുവിളികളും ഇതിനുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 1960കളിലേ ഈ ആശയം എതിര്‍ക്കപ്പെട്ടതാണെന്നും വിമര്‍ശകര്‍ പറയുന്നു.
ഏറ്റവും പ്രധാന പ്രശ്നം അലുമിനിയം ബാറ്ററിക്കായുള്ള മറ്റ് അസംസ്കൃത വസ്തുക്കളുടെ ചെലവാണ്. രണ്ടാമത്തെ പ്രശ്നം ഈ സെല്ലുകള്‍ റീചാര്‍ജ് ചെയ്യാന്‍ സാധിക്കില്ലെന്നതാണ്. ഇതിന് ഫിനര്‍ജി മുന്നോട്ടുവയ്ക്കുന്ന പരിഹാരം ഉപയോഗത്തിന് ശേഷം പുതിയ ബാറ്ററി ഇന്‍സ്റ്റാള്‍ ചെയ്ത് പഴയത് റീസൈക്ലിംഗിന് ഉപയോഗപ്പെടുത്താമെന്നാണ്.
ബാറ്ററി മാറ്റാന്‍ വെറും മൂന്ന് മിനിറ്റ് മതിയെന്നും ഇന്ത്യയിലെമ്പാടുമുള്ള ഇന്ത്യന്‍ ഓയില്‍ പമ്പുകളിലൂടെ ഇത് സാധ്യമാണെന്നും കമ്പനി വാദിക്കുന്നു. നേരെ മറിച്ച് ലിഥിയം അയേണ്‍ ബാറ്ററികള്‍ കൃത്യമായി ഡിസ്പോസ് ചെയ്തില്ലെങ്കില്‍ മനുഷ്യനും പ്രകൃതിക്കും അത്യന്തം അപടകരമായി മാറുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. റീസൈക്ലിംഗും വെല്ലുവിളി നിറഞ്ഞതാണ്. 2035 ആകുമ്പോഴേക്കും 4 ദശലക്ഷം ടണ്‍ ലിഥിയം അയേണ്‍ ബാറ്ററിയാകും കാലാവധി കഴിഞ്ഞ് കുമിഞ്ഞുകൂടുക.