Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എക്‌സ്‌പോ 2020 ദുബായ് ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു; ജൂലൈ 18 മുതല്‍ ടിക്കറ്റുകള്‍ വാങ്ങാം

1 min read

ഒറ്റത്തവണ സന്ദര്‍ശിക്കുന്നതിന് 95 ദിര്‍ഹവും ആറ് മാസത്തേക്കുള്ള പാസിന് 495 ദിര്‍ഹവുമാണ് നിരക്ക്

ദുബായ് :എക്‌സ്‌പോ 2020 ദുബായുടെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. ജൂലൈ 18 മുതല്‍ ലോകമെമ്പാടുമുള്ളവര്‍ക്ക് ടിക്കറ്റുകള്‍ ലഭ്യമാകും. മൂന്ന് വിഭാഗങ്ങളിലായുള്ള ടിക്കറ്റുകളില്‍ എക്‌സ്‌പോയില്‍ ഒറ്റത്തവണ സന്ദര്‍ശിക്കുന്നതിന് 95 ദിര്‍ഹവും തുടര്‍ച്ചയായ മുപ്പത് ദിവസത്തേക്കുള്ള പാസിന് 195 ദിര്‍ഹവും ആറ് മാസത്തേക്കുള്ള പാസിന് 495 ദിര്‍ഹവുമാണ് നിരക്ക്.

മൂന്ന് വിഭാഗങ്ങളിലുമുള്ള ടിക്കറ്റുകള്‍ക്കും എല്ലാ പവലിയണുകളിലും പരിപാടികളിലും പ്രകടനങ്ങളിലും പ്രവേശനം അനുവദിക്കും. പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക, തെക്കന്‍ ഏഷ്യ മേഖലയില്‍ ആദ്യമായി സംഘടിപ്പിക്കപ്പെടുന്ന ലോക എക്‌സ്‌പോ ഈ വര്‍ഷം ഒക്‌റ്റോബര്‍ ഒന്ന് മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് സംഘടിപ്പിക്കപ്പെടുക. മനസ്സുകളെ ബന്ധിപ്പിച്ച്, ഭാവി പടുത്തുയര്‍ത്ത് എന്നതാണ് എക്‌സ്‌പോ മുദ്രാവാക്യം.

പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക്, സ്‌കൂളുകളിലെ തിരിച്ചറിയല്‍ രേഖ കൈവശമുണ്ടെങ്കില്‍ എക്‌സ്‌പോയില്‍ സൗജന്യ പ്രവേശനം അനുവദിക്കും. വികലാംഗര്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. അവര്‍ക്കൊപ്പമെത്തുന്ന ഒരാള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് അനുവദിക്കും. അതേസമയം അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും സൗജന്യ പ്രവേശനം ലഭ്യമാകും.

എക്‌സ്‌പോ2020ദുബായ് ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ ഈ മാസം 18 മുതല്‍ ടിക്കറ്റ് വില്‍പ്പന ആരംഭിക്കും. ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടല്‍ ഗ്രൂപ്പുകള്‍, വിമാനക്കമ്പനികള്‍ ഉള്‍പ്പടെ ലോകമെമ്പാടുമുള്ള നൂറോളം വിപണികളില്‍ നിന്നുള്ള 2,500 അംഗീകൃത ടിക്കറ്റ് വില്‍പ്പനക്കാരില്‍ നിന്നും ടിക്കറ്റ് ലഭ്യമാകും.

പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സന്ദര്‍ശകരുടെയും മേളയില്‍ പങ്കെടുക്കുന്നവരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി യുഎഇ ആരോഗ്യമന്ത്രാലയവുമായും ദുബായ് ഹെല്‍ത്ത് അതോറിട്ടിയുമായും ചേര്‍ന്ന് അണുവിമുക്തമാക്കുന്നതിനുള്ള സൗകര്യം, നിര്‍ബന്ധിത മുഖാവരണം, സാമൂഹിക അകല നിബന്ധനകള്‍ തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ നടപ്പിലാക്കും. ഒരു ദിവസം പരമാവധി 120,000 പേര്‍ക്ക് മാത്രമേ എക്‌സ്‌പോയില്‍ പ്രവേശനം അനുവദിക്കുകയുള്ളുവെന്ന് സംഘാടകര്‍ വ്യക്തമാക്കി. എന്നാല്‍ തദ്ദേശീയ, അന്തര്‍ദേശീയ സന്ദര്‍ശകര്‍ ഉള്‍പ്പടെ പരിപാടിയില്‍ മൊത്തത്തില്‍ 25 ദശലക്ഷം ആളുകളെയാണ് ദുബായ് പ്രതീക്ഷിക്കുന്നത്.

സന്ദര്‍ശകര്‍ കോവിഡ്-19 വാക്‌സിന്‍ എടുത്തിരിക്കണമെന്ന് നിയമമില്ലെങ്കിലും പരമാവധിയാളുകള്‍ വാക്‌സിന്‍ എടുക്കണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു. എക്‌സ്‌പോ 2020യില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികള്‍ക്ക് കോവിഡ്-19 വാക്‌സിനേഷന്‍ ലഭ്യമാക്കണമെന്ന് ഏപ്രിലില്‍ ദുബായ് കിരീടാവകാശി ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടിരുന്നു. മേളയില്‍ പങ്കെടുക്കുന്ന ഓരോ രാജ്യങ്ങള്‍ക്കും സ്വന്തമായി പവലിയണ്‍ ഉണ്ടാകും. ഓപ്പര്‍ച്യൂണിറ്റി, മൊബിലിറ്റി, സസ്റ്റൈനബിലിറ്റി എന്നീ മൂന്ന് തീമുകള്‍ക്കള്‍ക്ക് കീഴിലായിരിക്കും ഓരോ രാജ്യങ്ങളുടെയും പവലിയണുകള്‍. ഒക്‌റ്റോബറില്‍ ആരംഭിക്കുന്ന എക്‌സ്‌പോയ്ക്ക് മുന്നോടിയായി മെയില്‍ സംഘടിപ്പിക്കപ്പെട്ട അവസാന ഇന്റെര്‍നാഷണല്‍ പാര്‍ട്ടിസിപ്പന്റ്‌സ് യോഗത്തില്‍ 370 പ്രതിനിധികളാണ് യുഎഇയില്‍ എത്തിയത്.

Maintained By : Studio3