ബിസിനസ് ശുഭാപ്തി വിശ്വാസം ദശകത്തിലെ ഉയര്‍ന്ന നിലയില്‍
1 min readഅടുത്ത ആറ് മാസത്തിനുള്ളില്‍ ഉയര്‍ന്ന ലാഭം പ്രതീക്ഷിക്കുന്നവരുടെ പ്രാതിനിധ്യം 36 ശതമാനമായി ഉയര്‍ന്നു
ന്യൂഡെല്‍ഹി: ആവശ്യകതയുടെ സാഹചര്യം മെച്ചപ്പെടുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുകയും ചെയ്യുന്നതിന്‍റെ ഫലമായി, ഇന്ത്യന്‍ ബിസിനസുകള്‍ക്കും സംരംഭകര്‍ക്കും ഇടയില്‍ ആത്മവിശ്വാസം ഗണ്യമായി ഉയര്‍ന്നുവെന്നും ബിസിനസ് വിശ്വാസ സൂചിക ഒരു ദശകത്തിലെ ഉയര്‍ന്ന തലത്തിലേക്ക് എത്തിയെന്നും വ്യാവസായിക സംഘടനയായ ഫിക്കി തയാറാക്കിയ സര്‍വെ റിപ്പോര്‍ട്ട് പറയുന്നു. നിലവിലെ റൗണ്ടില്‍ മൊത്തത്തിലുള്ള ബിസിനസ് കോണ്‍ഫിഡന്‍സ് സൂചിക 74.2 ആണ്, കഴിഞ്ഞ സര്‍വേയില്‍ ഇത് 70.9 ആയിരുന്നു. മുന്‍ വര്‍ഷം സമാന കാലയളവില്‍ 59 ആയിരുന്നു ബിസിനസ് ആത്മവിശ്വാസ സൂചിക.
അടുത്തിടെ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റ് 2021-22നെ പ്രതീക്ഷയോടെയാണ് ബിസിനസുകള്‍ കാണുന്നതെന്ന് സര്‍വെ വിലയിരുത്തുന്നു. ‘ആത്മനിര്‍ഭര്‍ ഭാരത്’ പാക്കേജിന്‍റെ ഭാഗമായി പ്രഖ്യാപിച്ച നടപടികളും ശുഭാപ്തി വിശ്വാസം മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് ഫിക്കിയുടെ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. നിലവിലെ സര്‍വേയില്‍, മികച്ച വില്‍പ്പന സാധ്യതകള്‍ സമീപകാലത്ത് പ്രതീക്ഷിക്കുന്നവര്‍ 66 ശതമാനമാണ്. മുന്‍ സര്‍വേ റൗണ്ടിലും ഇത് സമാനമായ തലത്തിലായിരുന്നു.
അടുത്ത ആറുമാസത്തിനുള്ളില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വിലയില്‍ 27 ശതമാനം വര്‍ധനയുണ്ടാകുമെന്ന് ബിസിനസുകള്‍ പ്രതീക്ഷിക്കുന്നു. മുന്‍ റൗണ്ടില്‍ ഇത് 21 ശതമാനവും ഒരു വര്‍ഷം മുമ്പ് 14 ശതമാനവും ആമായിരുന്നു. മെച്ചപ്പെട്ട സാമ്പത്തിക സാഹചര്യങ്ങളും കൂടുതല്‍ വിലനിര്‍ണ്ണയ ശേഷിയും അടുത്ത രണ്ട് പാദങ്ങളില്‍ കോര്‍പ്പറേറ്റ് ഇന്ത്യയുടെ ലാഭം വര്‍ധിപ്പിക്കുമെന്ന് ഫിക്കി നിരീക്ഷിക്കുന്നു.
സര്‍വെയില്‍ പങ്കുടത്തവരില്‍, അടുത്ത ആറ് മാസത്തിനുള്ളില്‍ ഉയര്‍ന്ന ലാഭം പ്രതീക്ഷിക്കുന്നവരുടെ പ്രാതിനിധ്യം 36 ശതമാനമായി ഉയര്‍ന്നു. കൂടാതെ തൊഴില്‍, കയറ്റുമതി എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടും പ്രകടമായ പുരോഗതി രേഖപ്പെടുത്തി. അടുത്ത രണ്ട് പാദങ്ങളില്‍ മികച്ച നിയമനം നടക്കുമെന്ന് 35 ശതമാനം പേര്‍ ശുഭാപ്തി വിശ്വാസം പ്രകടമാക്കി. കഴിഞ്ഞ റൗണ്ടില്‍ ഇത് 22 ശതമാനം ആയിരുന്നു. നിലവിലെ റൗണ്ടില്‍ 41 ശതമാനം പേര്‍ ഉയര്‍ന്ന കയറ്റുമതി സൂചിപ്പിക്കുന്നു. കഴിഞ്ഞ റൗണ്ടില്‍ ഇത് 27 ശതമാനം ആയിരുന്നു.
വരുന്ന ആറുമാസത്തിനുള്ളില്‍ ‘വളരെ ഉയര്‍ന്നതും ഉയര്‍ന്നതുമായ’ നിക്ഷേപങ്ങള്‍ പ്രതീക്ഷിക്കുന്നവരുടെ അനുപാതം 31 ശതമാനമായി വര്‍ധിച്ചു. 19 ശതമാനം പേരാണ് കഴിഞ്ഞ സര്‍വെയില്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഇപ്പോള്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ടിനായുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളത്.