പുതുച്ചേരിയില്‍ കോണ്‍ഗ്രസിനെതിരെ കനത്ത വെല്ലുവിളി ഉയര്‍ത്തി ബിജെപി സഖ്യം
1 min readചെന്നൈ: പുതുച്ചേരിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ-കോണ്‍ഗ്രസ് കൂട്ടുകെട്ടിനെതിരെ എഐഎഡിഎംകെ-എഎന്‍ആര്‍സി-ബിജെപി സഖ്യം കനത്തവെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പായി. ഈ ത്രികക്ഷി സഖ്യത്തിന് അനായാസ വിജയം നേടാനാകുമെന്ന് ചില അഭിപ്രായ സര്‍വേകള്‍ പ്രവചിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന അഭിപ്രായത്തിലാണ്.
കോണ്‍ഗ്രസിനും ഡിഎംകെയ്ക്കും ‘പുതുച്ചേരിയില്‍ അടിത്തറയുള്ള ഒരു വോട്ട് ബാങ്ക് ഉണ്ട്, അത് എതിരാളികളായ ത്രികക്ഷി സഖ്യത്തേക്കാള്‍ മുന്നിലാണ് എന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ വോട്ടെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന മുന്‍ മുഖ്യമന്ത്രി വി നാരായണസ്വാമി പറഞ്ഞു. എഐഎഡിഎംകെയ്ക്കും എഎന്‍ആര്‍സിക്കും കുറച്ച് പ്രാതിനിധ്യം ഉണ്ടെങ്കിലും, ബിജെപിയുടെ സ്ഥിതി എന്താണ്? കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ അവര്‍ക്ക് ഒരു ചെറിയ ശതമാനം വോട്ടുകളാണ് നേടാന്‍ കഴിഞ്ഞത്. സംസ്ഥാനത്തെ ഒരു മണ്ഡലത്തില്‍പ്പോലും ആ പാര്‍ട്ടിക്ക് അടിത്തട്ടിലുള്ള പിന്തുണയില്ലെന്നും അദ്ദേഹം പറഞ്ഞു.
നേതത്തെ നിരവധി കോണ്‍ഗ്രസ് മന്ത്രിമാരും എംഎല്‍എമാരും ബിജെപിയിലേക്ക് മാറിയതിനെ തുടര്‍ന്ന് നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ഡിഎംകെ സര്‍ക്കാര്‍ രാജിവെച്ചിരുന്നു. ത്രികക്ഷി സഖ്യത്തിന് ശക്തമായ നേതൃത്വം ഇല്ലാത്തത് സ്ഥിതി കോണ്‍ഗ്രസിന് അനുകൂലമാകുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. എന്നിരുന്നാലും പുതുച്ചേരിയുടെ ചുമതലയുള്ള ബിജെപി നേതാവ് നിര്‍മ്മല്‍ കുമാര്‍ സുരാന, രംഗസ്വാമി തെരഞ്ഞെടുപ്പില്‍ മുന്നണിയെ നയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എഐഎന്‍ആര്‍സി 16 സീറ്റുകളിലും എഐഡിഎംകെയും ബിജെപിയും ബാക്കി 14 സീറ്റുകളിലും മത്സരിക്കുന്നു.
നഷ്ടപ്പെട്ട ജനപിന്തുണ പിടിച്ചെടുക്കാനും സംസ്ഥാനത്തുടനീളമുള്ള ജാതി, സാമുദായിക സന്തുലിതാവസ്ഥ ഇല്ലാതാക്കാനും ഡിഎംകെയും കോണ്‍ഗ്രസും ശ്രമിക്കുന്നുണ്ട്. ബിജെപി സഖ്യത്തില്‍ എഎന്‍ആര്‍സിയുടെ സാന്നിധ്യം കോണ്‍ഗ്രസിന് വലിയ തലവേദനയാണ്. കാരണം അവര്‍ക്ക് ശക്തമായ പിന്തുണ അവിടെയുണ്ട്. രംഗസ്വാമി മുന്‍ കോണ്‍ഗ്രസുകാരനാണെന്നും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിനുശേഷം അത്തരമൊരു സഹകരണത്തിനുള്ള സാധ്യതയുണ്ടെങ്കില്‍ തങ്ങള്‍ അദ്ദേഹവുമായി പിന്‍വാതില്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.