ഇറാഖ് അടിയന്തര സഹായം ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര നാണ്യനിധി
ആറ് ബില്യൺ ഡോളറിന്റെ വായ്പാ സഹായമാണ് അന്താരാഷ്ട്ര നാണ്യനിധിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് നേരത്തെ ഇറാഖി ധനകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു.
ബാഗ്ദാദ് : ഇറാഖ് അടിയന്തര ധന സഹായം ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്). ഇക്കാര്യത്തിൽ ഇരു കക്ഷികളും തമ്മിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഐഎംഎഫ് അറിയിച്ചു. ആറ് ബില്യൺ ഡോളറിന്റെ വായ്പാ സഹായമാണ് ഇറാഖ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് നേരത്തെ ഇറാഖ് ധനകാര്യ മന്ത്രി അലി അല്ലാവി വ്യക്തമാക്കിയിരുന്നു.
റാപ്പിഡ് ഫിനാൻസിംഗ് ഇൻസ്ട്രുമെന്റ്(ആർഎഫ്ഐ) മുഖേനയാണ് ഇറാഖ് ധനസഹായം ആവശ്യപ്പെട്ടിരിക്കുന്നതെന്നും പദ്ധതിയിട്ടിരിക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ഐഎംഎഫുമായി ഒരു ദീർഘകാല വായ്പാ സംവിധാനമാണ് ഇറാഖ് ലക്ഷ്യമിടുന്നതെന്നും ഐഎംഎഫ് പ്രതിനിധി അറിയിച്ചു. അടിയന്തരമായി ധനസഹായം നൽകുന്നതിനുള്ള ഐഎംഎഫിന്റെ സംവിധാനമാണ് റാപ്പിഡ് ഫിനാൻസിംഗ് ഇൻസ്ട്രുമെന്റ് . സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന അംഗരാജ്യങ്ങൾക്കാണ് ഇതിന്റെ സേവനം ലഭ്യമാകുക. സാധാരണ വായ്പാ സഹായങ്ങൾക്ക് ഉള്ളത് പോലെ വിശദമായ അന്വേഷണങ്ങളോ വിശകലനങ്ങളോ കൂടാതെയാണ് ആർഎഫ്ഐ മുഖേന ധനസഹായം നൽകുക.
ചിലവ് കുറഞ്ഞ വായ്പാ പദ്ധതി മുഖേന നാല് ബില്യൺ ഡോളർ അധികസഹായവും ഇറാഖ് ഐഎംഎഫിനോട് ചോദിച്ചേക്കുമെന്ന് ഇറാഖ് ധനമന്ത്രി സൂചന നൽകിയിട്ടുണ്ട്. എണ്ണവില തകർച്ചയെ തുടർന്ന് കഴിഞ്ഞ മാസം ഇറാഖ് ദിനാറിന്റെ വിനിമയ മൂല്യം കുറച്ചിരുന്നു. ഇറാഖിന്റെ മുഖ്യ വരുമാന സ്രോതസ്സാണ് എണ്ണ വ്യാപാരം. ബജറ്റ് കമ്മി നികത്തുന്നതിനായി മറ്റ് ചില പദ്ധതികളും ഇറാഖ് ആസൂത്രണം ചെയ്യുന്നുണ്ട്. ചിലവിടൽ പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തുന്നതിനായി 5 ബില്യൺ ഡോളറിന്റെ കടപ്പത്രങ്ങൾ പുറത്തിറക്കാനും ഇറാഖ് ലക്ഷ്യമിടുന്നുണ്ട്.
നിർമാണ മേഖലയിൽ നിന്നും ഇറാഖ് സമ്പദ് വ്യവസ്ഥയ്ക്ക് കാര്യമായ സംഭാവനകളില്ല. മാത്രമല്ല ഡോളർ വിലയിലുള്ള ഇറക്കുമതിയാണ് മിക്ക ഉൽപ്പന്നങ്ങൾക്കുമുള്ളത്.