ഏപ്രിൽ 1 മുതല്‍ ഈ ബാങ്കുകളുടെ ഐഎഫ്എസ്സി കോഡുകളില്‍ മാറ്റം
ന്യൂഡെല്‍ഹി: ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, സിന്‍ഡിക്കേറ്റ് ബാങ്ക്, ആന്ധ്ര ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയുടെ ഐഎഫ്എസ്സി കോഡുകള്‍ ഉടന്‍ മാറും. ഈ ബാങ്കുകളിലെ എക്കൗണ്ട് ഉടമകളായവര്‍ അവരുടെ സാമ്പത്തിക ഇടപാടുകള്‍ തടസപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് നിര്‍ദ്ദിഷ്ട തീയതികളില്‍ നിന്നും പുതിയ ഐഎഫ്എസ്സി കോഡുകള്‍ ഉപയോഗിക്കാന്‍ ആരംഭിക്കണം.
2019 ഓഗസ്റ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ 10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാല് മെഗാ ബാങ്കുകളാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ബാങ്കുകളുടെ ലയനം 2020 ഏപ്രിലില്‍ പ്രാബല്യത്തില്‍ വന്നു. ഈ വര്‍ഷം മുതല്‍ ഏപ്രില്‍ മുതലാണ് സംയോജിത ബാങ്കുകളുടെ ഐഎഫ്എസ്സി കോഡുകളും എംഐസിആര്‍ കോഡുകളും നിര്‍ത്തലാക്കി ആങ്കര്‍ ബാങ്ക് ഉപയോഗിക്കുന്ന കോഡുകള്‍ പകരംവെച്ചു തുടങ്ങുന്നത്.
സംയോജിപ്പിക്കുന്ന ബാങ്കുകളുടെ സേവിംഗ്സ് എക്കൗണ്ട് ഉടമകള്‍ പുതിയ ഐഎഫ്എസ്സി, എംഐസിആര്‍ കോഡുകള്‍ ശ്രദ്ധിക്കേണ്ടതാണെന്ന് ബാങ്കിംഗ് വൃത്തങ്ങള്‍ പറയുന്നു.
ഒരു ബാങ്ക് ലയനത്തില്‍, ഒരു ആങ്കര്‍ ബാങ്കിനൊപ്പം അതുമായി സംയോജിപ്പിക്കുന്ന ബാങ്കോ ബാങ്കുകളോ ഉണ്ടാകും. ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും ആങ്കര്‍ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കുമായി (പിഎന്‍ബി) ലയിപ്പിച്ചു; സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കുമായി ലയിപ്പിച്ചു; ആന്ധ്ര ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി ലയിപ്പിച്ചപ്പോള്‍ അലഹബാദ് ബാങ്ക് ലയിച്ചത് ഇന്ത്യന്‍ ബാങ്കിലാണ്.