Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തി ഹ്യുണ്ടായ് അല്‍ക്കസര്‍  

6 സീറ്റര്‍, 7 സീറ്റര്‍ ഓപ്ഷനുകളില്‍ ലഭിക്കുന്ന എസ്‌യുവിയാണ് ഹ്യുണ്ടായ് അല്‍ക്കസര്‍  

ഹ്യുണ്ടായ് അല്‍ക്കസര്‍ ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തി. 6 സീറ്റര്‍, 7 സീറ്റര്‍ ഓപ്ഷനുകളില്‍ ലഭിക്കുന്ന എസ്‌യുവിയാണ് ഹ്യുണ്ടായ് അല്‍ക്കസര്‍. ഹ്യുണ്ടായ് ക്രെറ്റ അടിസ്ഥാനമാക്കിയാണ് ഹ്യുണ്ടായ് അല്‍ക്കസര്‍ നിര്‍മിച്ചിരിക്കുന്നത്. അടുത്ത മാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റ് ഭരിക്കുന്ന ഹ്യുണ്ടായ് ക്രെറ്റയും അല്‍ക്കസറും തമ്മില്‍ അകം, പുറം, ഫീച്ചറുകള്‍ എന്നീ കാര്യങ്ങളില്‍ ഉള്‍പ്പെടെ നിരവധി സമാനതകള്‍ കാണാം. രണ്ട് മോഡലുകളും ഒരേ ആര്‍ക്കിടെക്ച്ചറാണ് ഉപയോഗിക്കുന്നത്.

ഹ്യുണ്ടായ് ക്രെറ്റയുമായി താരതമ്യം ചെയ്യുമ്പോള്‍ അല്‍ക്കസര്‍ എസ്‌യുവിയുടെ പുറമേ ചെറിയ ചില വ്യത്യാസങ്ങള്‍ കാണാം. ‘സെന്‍സുവസ് സ്‌പോര്‍ട്ടിനെസ്’ ഡിസൈന്‍ ഫിലോസഫി നല്‍കിയിരിക്കുന്നു. കാസ്‌കേഡിംഗ് ഗ്രില്‍, സ്പ്ലിറ്റ് ഹെഡ്‌ലാംപ് ക്ലസ്റ്റര്‍, പിറകില്‍ നീളമേറിയ ഓവര്‍ഹാംഗ്, ശ്രദ്ധേയ ക്വാര്‍ട്ടര്‍ ഗ്ലാസ്, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ‘സി’ ആകൃതിയുള്ള എല്‍ഇഡി ടെയ്ല്‍ലാംപുകളോടെ പരിഷ്‌കരിച്ച പിന്‍ഭാഗം, കൂടുതല്‍ നിവര്‍ന്ന റൂഫ്‌ലൈന്‍, കൂടുതല്‍ നിവര്‍ന്ന ടെയ്ല്‍ഗേറ്റ്, നവീകരിച്ച ബംപര്‍ എന്നിവ കാണാം.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ പൊരുത്തപ്പെടുന്നതും 10.25 ഇഞ്ച് വലുപ്പമുള്ളതുമായ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ‘ബ്ലൂലിങ്ക്’ അധിഷ്ഠിത ഇന്‍ കാര്‍ കണക്റ്റിവിറ്റി ഫീച്ചറുകള്‍, മുന്‍ നിരയില്‍ ഡ്രൈവര്‍ക്കും സഹയാത്രികനും പവേര്‍ഡ് സീറ്റുകള്‍, വിവിധ കണ്‍ട്രോളുകള്‍ സഹിതം സ്റ്റിയറിംഗ് വളയം, ക്രൂസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, കൂള്‍ഡ് ഗ്ലവ്‌ബോക്‌സ്, പനോരമിക് സണ്‍റൂഫ്, എന്‍ജിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, വലിയ എംഐഡി, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ എന്നീ ഫീച്ചറുകളും മൂന്നുനിര എസ്‌യുവിയുടെ ഡുവല്‍ ടോണ്‍ കാബിനില്‍ നല്‍കി.

6 സീറ്റര്‍ വകഭേദത്തിലെ മധ്യ നിരയില്‍ നടുവില്‍ ആംറെസ്റ്റ്, കപ്പ് ഹോള്‍ഡര്‍ എന്നിവ കൂടാതെ മൂന്നാം നിരയില്‍ 50:50 അനുപാതത്തില്‍ സ്പ്ലിറ്റ് ഫോള്‍ഡ് മെക്കാനിസം നല്‍കി. യാത്രക്കാരുടെ തുടകള്‍ക്ക് മികച്ച പിന്തുണ ലഭിക്കുന്നതിന് സീറ്റ് കുഷ്യന്റെ നീളം, ആംഗിള്‍ എന്നിവ മെച്ചപ്പെടുത്തി. കൂടുതല്‍ ലെഗ്‌റൂം ലഭിക്കുന്നതിന് രണ്ടാം നിരയിലെ സീറ്റുകള്‍ക്ക് സ്ലൈഡിംഗ് ഫംഗ്ഷന്‍ നല്‍കി. വേഗതാ നിയന്ത്രണം സഹിതം എസി വെന്റുകള്‍ ലഭിച്ച മൂന്നാം നിരയിലെ സീറ്റുകളും റിക്ലൈന്‍ ചെയ്യാന്‍ കഴിയും. 180 ലിറ്ററാണ് ബൂട്ട് ശേഷി. ഹ്യുണ്ടായ് ക്രെറ്റയില്‍ 433 ലിറ്റര്‍.

ഹ്യുണ്ടായ് അല്‍ക്കസര്‍ എസ്‌യുവിയുടെ നീളം, വീതി എന്നിവ യഥാക്രമം 4,330 എംഎം, 1,790 എംഎം എന്നിങ്ങനെയാണ്. 2,760 മില്ലിമീറ്ററാണ് വീല്‍ബേസ്. ക്രെറ്റയേക്കാള്‍ 150 എംഎം കൂടുതല്‍. അതുകൊണ്ടുതന്നെ കാബിനില്‍ സ്ഥലസൗകര്യം കൂടുതലായിരിക്കും. ഈ വിഭാഗം എസ്‌യുവികള്‍ക്കിടയിലെ മികച്ച വീല്‍ബേസ് ആയതിനാല്‍ രണ്ടാം നിരയിലെയും മൂന്നാം നിരയിലെയും യാത്രക്കാര്‍ക്ക് വേണ്ടത്ര ലെഗ്‌റൂം ലഭിക്കും. മാത്രമല്ല, വാഹനത്തില്‍ കയറുന്നതും ഇറങ്ങുന്നതും എളുപ്പമായിരിക്കും.

159 എച്ച്പി കരുത്ത്, 192 എന്‍എം ടോര്‍ക്ക് പരമാവധി ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ പെട്രോള്‍, 115 എച്ച്പി കരുത്ത്, 250 എന്‍എം ടോര്‍ക്ക് പരമാവധി പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍. ഹ്യുണ്ടായ് ഇലാന്‍ട്ര, ടൂസോണ്‍ മോഡലുകള്‍ ഉപയോഗിക്കുന്നതാണ് 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനെങ്കിലും കൂടുതല്‍ കരുത്ത്, വര്‍ധിത പെര്‍ഫോമന്‍സ് എന്നിവ ലഭിക്കുന്നതിനായി ട്യൂണ്‍ ചെയ്തിരിക്കുന്നു. ഹ്യുണ്ടായ് ക്രെറ്റ ഉപയോഗിക്കുന്നതാണ് 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ മോട്ടോര്‍. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് രണ്ട് പവര്‍ട്രെയ്‌നുകളുടെയും സ്റ്റാന്‍ഡേഡ് കൂട്ട്. ഓപ്ഷണലായി 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിക്കും.

ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, ടിപിഎംഎസ് ഉള്‍പ്പെടെ നിരവധി ഡ്രൈവര്‍ അസിസ്റ്റന്‍സ്, സുരക്ഷാ ഫീച്ചറുകള്‍ നല്‍കി. മികച്ച സ്റ്റബിലിറ്റി, നിയന്ത്രണം എന്നിവ ലഭിക്കുന്നതാണ് അല്‍ക്കസര്‍ എസ്‌യുവിയെന്ന് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കള്‍ അറിയിച്ചു.

ഹ്യുണ്ടായ് അല്‍ക്കസര്‍ പുറത്തിറക്കുന്നതോടെ എസ്‌യുവി വിപണിയിലെ തങ്ങളുടെ വിഹിതം വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണ കൊറിയന്‍ കമ്പനി. ക്രെറ്റ, വെന്യൂ മോഡലുകളുമായി നിലവില്‍ ഇന്ത്യയിലെ എസ്‌യുവി വിപണിയിലെ ലീഡറാണ് ഹ്യുണ്ടായ്. 26 ശതമാനമാണ് വിപണി വിഹിതം. ഹ്യുണ്ടായ് അല്‍ക്കസര്‍ എസ്‌യുവിയുടെ എക്‌സ് ഷോറൂം വില 11 ലക്ഷം മുതല്‍ 19 ലക്ഷം രൂപ വരെ പ്രതീക്ഷിക്കുന്നു. ഈയിടെ അവതരിപ്പിച്ച ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ്, മഹീന്ദ്ര എക്‌സ്‌യുവി 500 എന്നിവയായിരിക്കും എതിരാളികള്‍.

Maintained By : Studio3