ഹഡില്‍ ഗ്ലോബല്‍ ഡിസംബറില്‍

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കടലോളം അവസരങ്ങളൊരുക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബലിന്‍റെ ഏഴാം പതിപ്പിന് ഡിസംബറില്‍ കോവളത്ത് തിരിതെളിയും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ നേതൃത്വത്തില്‍ ഡിസംബര്‍ 11 മുതല്‍ 13 വരെ ദി ലീല കോവളം, എ റാവിസ് ഹോട്ടലില്‍ നടക്കുന്ന ‘ഹഡില്‍ ഗ്ലോബല്‍ 2025’ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ ഒരു നേര്‍ച്ചിത്രമാണ് ഹഡില്‍ ഗ്ലോബല്‍. അത്യാധുനിക സാങ്കേതികവിദ്യാ ഉത്പന്നങ്ങളും ആശയങ്ങളും കൈമുതലായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപാരസാധ്യതകളാണ് ഇത് മുന്നോട്ട് വെയ്ക്കുന്നത്. പ്രായഭേദമെന്യേ ആര്‍ക്കും ഇതിന്‍റെ ഭാഗമാകാം. 15 ലധികം രാജ്യങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പ്രതിനിധികള്‍ ഇത്തവണത്തെ ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമാകും. ലോകമെമ്പാടുമുള്ള 200 ലധികം നിക്ഷേപകരെത്തുന്ന സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള 6000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍, 100 ഏയ്ഞ്ചല്‍ നിക്ഷേപകര്‍, നയരൂപകര്‍ത്താക്കള്‍, മെന്‍റര്‍മാര്‍, എച്ച്എന്‍ഐ കള്‍, കോര്‍പറേറ്റുകള്‍, പ്രഭാഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും മൂലധനം സമാഹരിക്കുന്നതിനും പ്രഗത്ഭരായ വ്യവസായ സംരംഭകരുടെ മെന്‍റര്‍ഷിപ്പ് സ്വീകരിക്കുന്നതിനുമുള്ള ചലനാത്മക വേദിയായി ഹഡില്‍ ഗ്ലോബല്‍ 2025 മാറും. ഒരു സ്റ്റാര്‍ട്ടപ്പ് പരിപാടി എന്നതിനപ്പുറമുള്ള മാനം ‘ഹഡില്‍ ഗ്ലോബല്‍ 2025’ ന് ഉണ്ടെന്ന് സംസ്ഥാന ഇലക്ട്രോണിക്‌സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി സീറാം സാംമ്പശിവ റാവു പറഞ്ഞു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ മികച്ച ആശയങ്ങളേയും സംരംഭങ്ങളേയും പരിപോഷിപ്പിക്കുന്നതിന് ഹഡില്‍ ഗ്ലോബല്‍ അവസരമൊരുക്കും. ഇത്തരം ആശയങ്ങള്‍ ഉപയോഗപ്പെടുത്തി പുത്തന്‍ ഭാവി സൃഷ്ടിക്കാന്‍ ലോകത്തെ ഇങ്ങോട്ടേക്ക് ക്ഷണിക്കുന്നതിനുള്ള സംസ്ഥാനത്തിന്‍റെ പ്രതിബദ്ധത ഇതിലൂടെ തുറന്നുകാട്ടപ്പെടുന്നു. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ആഗോള വളര്‍ച്ചയെ പുനര്‍നിര്‍മ്മിക്കുന്ന സമകാലീന സാഹചര്യത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവും ആഗോളതലത്തില്‍ മത്സരാധിഷ്ഠിതവുമായ സ്റ്റാര്‍ട്ടപ്പുകളുടെ കേന്ദ്രമെന്ന നിലയില്‍ കേരളം ഉയര്‍ന്നു വരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര സാങ്കേതിക ലക്ഷ്യസ്ഥാനമായി തിരിച്ചറിയപ്പെടുന്നതിലേക്കുള്ള കേരളത്തിന്‍റെ വലിയ ചുവടു വയ്പ്പുകളിലൊന്നാണ് ഹഡില്‍ ഗ്ലോബല്‍ 2025 എന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. 6,000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍, ഡസന്‍ കണക്കിന് ഇന്‍കുബേറ്ററുകള്‍, സംരംഭകത്വത്തെ സജീവമായി പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഏഷ്യയിലെ ഏറ്റവും ചലനാത്മകമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളില്‍ ഒന്നായി കേരളം ഉയര്‍ന്നു വന്നിട്ടുണ്ട്. മികച്ച ആശയങ്ങളും പരിഹാരങ്ങളുമായെത്തുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം, ദൃശ്യപരത, വിശ്വാസ്യത, മൂലധനം തുടങ്ങിയവ ലഭ്യമാക്കുന്നൊരിടമായി ഹഡില്‍ ഗ്ലോബല്‍ പ്രവര്‍ത്തിക്കുന്നു. ഇത്തവണത്തെ ഹഡില്‍ ഗ്ലോബലില്‍ ഉന്നത നിലവാരമുള്ള നിക്ഷേപകര്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങള്‍, ആഗോള മെന്‍റര്‍മാര്‍, ഉന്നതതല മാധ്യമങ്ങള്‍ എന്നിവരുള്‍പ്പെടെ 3,000 ത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര പ്രതിനിധികളും പ്രഭാഷകരും ഇതിന്‍റെ ഭാഗമാകും. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഇന്നവേഷന്‍ പരിപാടികളിലൊന്നായി ഹഡില്‍ ഗ്ലോബല്‍ ഇടം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി മുന്‍കാല ഹഡില്‍ ഗ്ലോബല്‍ വേദികളില്‍ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍, ആഗോള നിക്ഷേപകര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവരുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബെല്‍ജിയം, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായുള്ള സഹകരണത്തിനും ഹഡില്‍ ഗ്ലോബല്‍ വഴിയൊരുക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലുള്ള ഇന്ത്യയിലെ പ്രധാന സ്ഥാപനങ്ങളെയും സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ ഭാഗമാക്കാനായി. നിര്‍മ്മിത ബുദ്ധി (എഐ), ഫിന്‍ടെക്, ബ്ലോക്ക് ചെയിന്‍, ഹെല്‍ത്ത്ടെക്, ലൈഫ് സയന്‍സസ്, ഓഗ്മെന്‍റഡ്/വെര്‍ച്വല്‍ റിയാലിറ്റി, സ്പേസ്ടെക്, ഇ-ഗവേണന്‍സ്, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് എന്നിവയുള്‍പ്പെടെയുള്ള ഭാവി മേഖലകളെ ഹഡില്‍ ഗ്ലോബല്‍ ഉയര്‍ത്തിക്കാട്ടും. ഈ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ മികച്ച ആശയങ്ങള്‍ അവതരിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപകരുമായുള്ള തത്സമയ ചര്‍ച്ചകള്‍, പൈലറ്റ് ഫണ്ടിംഗ്, ആഗോള വിപണി സാധ്യതകള്‍ എന്നിവയെ കുറിച്ച് അറിയാനുള്ള അവസരവും ലഭ്യമാകും. ഇന്‍വെസ്റ്റര്‍ ഓപ്പണ്‍ പിച്ചുകള്‍, ഫൗണ്ടേഴ്സ് മീറ്റ്, ഇംപാക്റ്റ് 50, പിച്ച് ഇറ്റ് റൈറ്റ്, സണ്‍ ഡൗണ്‍ ഹഡില്‍, റൗണ്ട്ടേബിളുകള്‍ എന്നിങ്ങനെയുള്ള സെഷനുകള്‍ ഇക്കൊല്ലത്തെ ഹഡില്‍ ഗ്ലോബലില്‍ ഉണ്ടാകും. പിച്ച് മത്സരങ്ങള്‍, സ്റ്റാര്‍ട്ടപ്പ് എക്സ്പോകള്‍, നിക്ഷേപക സംഗമങ്ങള്‍, ഫയര്‍സൈഡ് ചാറ്റുകള്‍, മാസ്റ്റര്‍ക്ലാസുകള്‍, ക്യൂറേറ്റഡ് നെറ്റ് വര്‍ക്കിംഗ് അനുഭവങ്ങള്‍ എന്നിവയും സ്റ്റാര്‍ട്ടപ്പ് സംഗമത്തെ ആകര്‍ഷകമാക്കും.