Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വാവെയ് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കും

1 min read

ചങ്കന്‍ ഓട്ടോമൊബീലുമായും മറ്റ് വാഹന നിര്‍മാതാക്കളുമായും ചര്‍ച്ച നടത്തിവരികയാണ് വാവെയ്  

ചൈനീസ് ടെക്‌നോളജി കമ്പനിയായ വാവെയ് സ്വന്തം ബ്രാന്‍ഡില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ തയ്യാറെടുക്കുന്നു. ചില കാര്‍ മോഡലുകള്‍ ഈ വര്‍ഷം തന്നെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയുടെ ഉപരോധങ്ങളെതുടര്‍ന്ന് വലഞ്ഞ ലോകത്തെ ഏറ്റവും വലിയ ടെലികമ്യൂണിക്കേഷന്‍സ് ഉപകരണ നിര്‍മാതാക്കള്‍ ഇപ്പോള്‍ പുതിയ പാതകള്‍ കണ്ടെത്തുകയാണ്. ചൈനീസ് പൊതുമേഖലാ സ്ഥാപനമായ ചങ്കന്‍ ഓട്ടോമൊബീലുമായും മറ്റ് വാഹന നിര്‍മാതാക്കളുമായും ചര്‍ച്ച നടത്തിവരികയാണ് വാവെയ് ടെക്‌നോളജീസ്. ഈ കമ്പനികളുടെ കാര്‍ പ്ലാന്റുകള്‍ സ്വന്തം വൈദ്യുത വാഹനങ്ങള്‍ നിര്‍മിക്കുന്നതിനായി ഉപയോഗിക്കാനാണ് വാവെയ് ആലോചിക്കുന്നത്. ബിഎഐസി ഗ്രൂപ്പിന് കീഴിലെ ‘ബ്ലൂപാര്‍ക്ക് ന്യൂ എനര്‍ജി ടെക്‌നോളജി’ കമ്പനിയുമായും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിവരികയാണ് വാവെയ്.

ചങ്കന്‍ ഓട്ടോമൊബീലുമായും ഇവി ബാറ്ററി നിര്‍മാതാക്കളായ സിഎടിഎല്ലുമായും ചേര്‍ന്ന് കഴിഞ്ഞ നവംബറില്‍ വാവെയ് ഒരു സ്മാര്‍ട്ട് വാഹന കമ്പനി രൂപീകരിച്ചിരുന്നു. എന്നാല്‍ പുതിയ ബിസിനസ്സിന് ഇതുമായി ബന്ധമുണ്ടായിരിക്കില്ല. ഏഷ്യയിലെ ബൈഡു, ഫോക്‌സ്‌കോണ്‍ എന്നീ മറ്റ് ടെക് കമ്പനികളും ഈയിടെ സമാനമായ ഇവി പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. യുഎസില്‍ ആമസോണ്‍, ആല്‍ഫബെറ്റ് കമ്പനികള്‍ വാഹന അനുബന്ധ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുകയും സ്മാര്‍ട്ട് കാര്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുകയുമാണ്.

  കൊച്ചിയില്‍ നിന്നും അഗര്‍ത്തലയിലേക്ക്‌ എയർ ഇന്ത്യ എക്‌സ്പ്രസ്

വളരെയധികം സാധ്യതകള്‍ കാണുന്ന പുതിയ ദിശയിലേക്കാണ് വാവെയ് ഇപ്പോള്‍ വണ്ടിയോടിക്കുന്നത്. യുഎസ് ഉപരോധങ്ങളെതുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി വാവെയുടെ പ്രധാന വിതരണ ശൃംഖലകളെല്ലാം മുറിഞ്ഞിരിക്കുകയാണ്. സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ്സിന്റെ ഒരു ഭാഗം വില്‍ക്കേണ്ട ഗതികേടിലും വാവെയ് എത്തിയിരുന്നു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളെതുടര്‍ന്ന് ട്രംപ് ഭരണകൂടം വാവെയ് ടെക്‌നോളജീസിനെ വ്യാപാര കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നു.

അതേസമയം, ഇലക്ട്രിക് വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും സ്വന്തം ബ്രാന്‍ഡില്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നതിനും പദ്ധതിയില്ലെന്ന് വാവെയ് വക്താവ് പ്രതികരിച്ചു. വാവെയ് കാര്‍ നിര്‍മാതാക്കളല്ലെന്നും എങ്കിലും തങ്ങളുടെ ഐസിടി (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ടെക്‌നോളജി) വഴി കാറുകള്‍ക്കായി ഡിജിറ്റല്‍ ഘടകങ്ങളുടെ ദാതാക്കളായി മാറുക ലക്ഷ്യമാണെന്നും വക്താവ് വിശദീകരിച്ചു. ഇതിലൂടെ കാര്‍ നിര്‍മാതാക്കള്‍ക്ക് ഇന്നത്തേക്കാള്‍ മികച്ച കാറുകള്‍ നിര്‍മിക്കാന്‍ കഴിയും.

  രാജ്യത്തെ തൊഴിലവസരങ്ങളുടെ കാര്യത്തില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാകും: ആഷിഷ്കുമാര്‍ ചൗഹാന്‍

ആഭ്യന്തരമായി ഇലക്ട്രിക് വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ വാവെയ് ആരംഭിച്ചിരുന്നു. ഇവി പ്രോജക്റ്റ് ഈ വര്‍ഷം ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്ന ലക്ഷ്യത്തോടെ ചൈനയിലെ വിവിധ സപ്ലൈ കമ്പനികളെ സമീപിക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളിലൊന്നായി വാവെയ് ടെക്‌നോളജീസിനെ വളര്‍ത്തിയതും നിലവില്‍ വാവെയുടെ കണ്‍സ്യൂമര്‍ ബിസിനസ് ഗ്രൂപ്പ് മേധാവിയുമായ റിച്ചാര്‍ഡ് യു ഇനിമുതല്‍ ഇലക്ട്രിക് വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മാസ് മാര്‍ക്കറ്റ് സെഗ്‌മെന്റിലായിരിക്കും വാവെയ് ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുന്നത്. ഫോഡ് മോട്ടോര്‍ കമ്പനിയുമായി കാറുകള്‍ നിര്‍മിക്കുന്ന ചങ്കന്‍ ഓട്ടോമൊബീലോ ബ്ലൂപാര്‍ക്കോ പുതിയ സംഭവവികാസത്തില്‍ പ്രതികരിച്ചില്ല.

വര്‍ഷങ്ങളായി ഇലക്ട്രിക് വാഹനങ്ങള്‍ക്കുവേണ്ട സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചുവരികയാണ് വാവെയ്. ഇന്‍-കാര്‍ സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങള്‍, വാഹനങ്ങള്‍ക്കുവേണ്ട സെന്‍സറുകള്‍, 5ജി കമ്യൂണിക്കേഷന്‍സ് ഹാര്‍ഡ്‌വെയര്‍ എന്നിവയാണ് വികസിപ്പിക്കുന്നത്. സംയുക്തമായി സ്മാര്‍ട്ട് ഓട്ടോ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിന് ഡൈംമ്‌ലര്‍, ജനറല്‍ മോട്ടോഴ്‌സ്, സായിക് മോട്ടോര്‍ എന്നീ വാഹന നിര്‍മാതാക്കളുമായും വാവെയ് പങ്കാളിത്തം സ്ഥാപിച്ചിരുന്നു. 2018 നുശേഷം വാഹന അനുബന്ധ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിന് എന്‍ജിനീയര്‍മാരെ നിയമിക്കുന്നതിന്റെ വേഗത വാവെയ് വര്‍ധിപ്പിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട് ഈയാഴ്ച്ച ഏറ്റവും കുറഞ്ഞത് നാല് പാറ്റന്റുകളാണ് വാവെയ് സ്വന്തമാക്കിയത്. വൈദ്യുത വാഹനങ്ങള്‍ തമ്മില്‍ ചാര്‍ജ് ചെയ്യുന്നതിനും ബാറ്ററിയുടെ ചാര്‍ജ് നില പരിശോധിക്കുന്നതിനും മറ്റുമാണ് ചൈനീസ് സര്‍ക്കാരില്‍നിന്ന് പാറ്റന്റ് ലഭിച്ചത്.

  കെഎസ് യുഎം-എന്‍ഐഇഎല്‍ഐടി സഹകരണം

ചൈനീസ് ടെക്‌നോളജി കമ്പനികള്‍ ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഹരിത വാഹനങ്ങള്‍ക്ക് വലിയ പ്രോത്സാഹനമാണ് ചൈനീസ് സര്‍ക്കാര്‍ നല്‍കുന്നത്. ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന വിപണിയാണ് ചൈന. 2025 ഓടെ ചൈനയിലെ പ്രതിവര്‍ഷ ആകെ വാഹന വില്‍പ്പനയുടെ 20 ശതമാനത്തോളം ന്യൂ എനര്‍ജി വാഹനങ്ങളായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ചൈനയില്‍ 1.8 മില്യണ്‍ ന്യൂ എനര്‍ജി വാഹനങ്ങള്‍ വില്‍ക്കുമെന്ന് അനുമാനിക്കപ്പെടുന്നു. 2020 ല്‍ 1.3 മില്യണ്‍ ന്യൂ എനര്‍ജി വാഹനങ്ങളായിരുന്നു വില്‍പ്പന.

Maintained By : Studio3