ഹോണ്ട ഹൈനസ് സിബി 350 തിരിച്ചുവിളിച്ചു
1 min read2020 നവംബര്‍ 25 നും ഡിസംബര്‍ 12 നുമിടയില്‍ നിര്‍മിച്ച ബൈക്കുകളാണ് തിരിച്ചു വിളിച്ചിരിക്കുന്നത്
ന്യൂഡെല്‍ഹി: ഹോണ്ട ഹൈനസ് സിബി 350 ഇന്ത്യയില്‍ തിരിച്ചുവിളിച്ചു. 2020 നവംബര്‍ 25 നും ഡിസംബര്‍ 12 നുമിടയില്‍ നിര്‍മിച്ച ബൈക്കുകളാണ് തിരിച്ചു വിളിച്ചിരിക്കുന്നത്. ഗിയര്‍ബോക്‌സ് സംബന്ധിച്ച പ്രശ്‌നങ്ങളാണ് കാരണം. മാര്‍ച്ച് 23 മുതല്‍ തിരിച്ചുവിളി ആരംഭിക്കും. പ്രശ്‌നബാധിത മോട്ടോര്‍സൈക്കിളുകളുടെ ഉടമകളെ കമ്പനി നേരിട്ട് ബന്ധപ്പെടും. ഹോണ്ട ബിഗ്‌വിംഗ് വര്‍ക്ക്‌ഷോപ്പുകളില്‍ സൗജന്യമായി പരിഹരിച്ചുനല്‍കും. ഹോണ്ടയുടെ മോഡേണ്‍ ക്ലാസിക് മോട്ടോര്‍സൈക്കിളാണ് ഹൈനസ് സിബി 350.
349 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 5,500 ആര്‍പിഎമ്മില്‍ 20.8 ബിഎച്ച്പി കരുത്തും 3,000 ആര്‍പിഎമ്മില്‍ 30 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ടോപ് സ്‌പെക് ഡീലക്‌സ് പ്രോ വേരിയന്റിന് ഹോണ്ട സ്മാര്‍ട്ട്‌ഫോണ്‍ വോയ്‌സ് കണ്‍ട്രോള്‍ സിസ്റ്റം ലഭിച്ചു. ഹോണ്ട സെലക്റ്റബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ സിസ്റ്റം, ഡുവല്‍ ചാനല്‍ എബിഎസ് എന്നിവയും സവിശേഷതകളാണ്. ഡീലക്‌സ് വേരിയന്റിന് 1,86,500 രൂപയും ഡീലക്‌സ് പ്രോ വേരിയന്റിന് 1,92,500 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.