ഹോണ്ട സിബി500എക്‌സ് അവതരിപ്പിച്ചു
ഗുരുഗ്രാം എക്‌സ് ഷോറൂം വില 6,87,386 രൂപ. ബിഗ്‌വിംഗ് ഡീലര്‍ഷിപ്പുകളില്‍ ബുക്ക് ചെയ്യാം
ഹോണ്ട സിബി500എക്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സികെഡി രീതിയില്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്ന മോട്ടോര്‍സൈക്കിളിന് 6,87,386 രൂപയാണ് ഗുരുഗ്രാം എക്‌സ് ഷോറൂം വില. ഹോണ്ട ബിഗ്‌വിംഗ് ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് ആരംഭിച്ചിരുന്നു. ഗ്രാന്‍ഡ് പ്രിക്‌സ് റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ അഡ്വഞ്ചര്‍ ടൂറര്‍ ലഭിക്കും. നഗര വീഥികളിലും ഹൈവേകളിലും ഗ്രാമീണ നിരത്തുകളിലും ഹോണ്ട സിബി500എക്‌സ് ഉപയോഗിക്കാന്‍ കഴിയുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) മാനേജിംഗ് ഡയറക്റ്ററും പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അറ്റ്‌സുഷി ഒഗാത്ത പറഞ്ഞു.
ഹോണ്ട ആഫ്രിക്ക ട്വിന്‍ മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ സൂചകങ്ങളാണ് ഹോണ്ട സിബി500എക്‌സ് മിഡ്‌സൈസ് പ്രീമിയം മോട്ടോര്‍സൈക്കിളിന് നല്‍കിയിരിക്കുന്നത്. റഗഡ് ലൈനുകള്‍, അഗ്രസീവ് സ്റ്റാന്‍സ് എന്നിവ ലഭിച്ചു. പൂര്‍ണ എല്‍ഇഡി ലൈറ്റിംഗ്, 181 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ ശ്രദ്ധേയമാണ്. വജ്രാകൃതിയുള്ള സ്റ്റീല്‍ ട്യൂബ് ഫ്രെയിമിലാണ് ഹോണ്ട സിബി500എക്‌സ് നിര്‍മിച്ചിരിക്കുന്നത്. ഈ പ്രധാന ഫ്രെയിമുമായി എന്‍ജിന്‍ ഘടിപ്പിച്ചു.
471 സിസി, പാരലല്‍ ട്വിന്‍ സിലിണ്ടര്‍, 8 വാല്‍വ്, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 8,500 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 43.2 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. അപ്ഷിഫ്റ്റുകള്‍ എളുപ്പമാക്കുന്നതിനും പൊടുന്നനെയുള്ള ഡൗണ്‍ഷിഫ്റ്റുകളില്‍ പിറകിലെ ചക്രം ലോക്ക് ചെയ്യുന്നത് തടയുന്നതിനും അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച് നല്‍കി.
ലോംഗ് സ്‌ട്രോക്ക് 41 എംഎം ഫോര്‍ക്ക് മുന്നിലും 9 സ്‌റ്റേജ് സ്പ്രിംഗ് പ്രീലോഡ് ക്രമീകരണം സഹിതം ‘ഹോണ്ട പ്രോ ലിങ്ക്’ സസ്‌പെന്‍ഷന്‍ പിന്നിലും സസ്‌പെന്‍ഷന്‍ ജോലികള്‍ നിര്‍വഹിക്കും. എല്ലാ ഭൂപ്രതലങ്ങളെയും താണ്ടാന്‍ കഴിയുന്ന മള്‍ട്ടി സ്‌പോക്ക് കാസ്റ്റ് അലുമിനിയം വീലുകളാണ് ഹോണ്ട സിബി500എക്‌സ് ഉപയോഗിക്കുന്നത്. മുന്നില്‍ 19 ഇഞ്ച്, പിന്നില്‍ 17 ഇഞ്ച് വ്യാസമുള്ളതാണ് ചക്രങ്ങള്‍. 830 മില്ലിമീറ്ററാണ് സീറ്റ് ഉയരം. എന്നാല്‍ വ്യത്യസ്ത ഉയരമുള്ള റൈഡര്‍മാര്‍ക്കായി സീറ്റിന്റെ ഉയരം ക്രമീകരിക്കാന്‍ കഴിയും. സഡന്‍ ബ്രേക്കിംഗ് ഉടനടി മനസ്സിലാക്കാന്‍ കഴിയുന്നതാണ് എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്നല്‍ (ഇഎസ്എസ്). സമീപ വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് മുന്നിലെയും പിന്നിലെയും ഹസാര്‍ഡ് ലൈറ്റുകള്‍ ഓട്ടോമാറ്റിക്കായി ഓണ്‍ ചെയ്യും. മുന്‍ ചക്രത്തില്‍ 310 എംഎം, പിന്‍ ചക്രത്തില്‍ 240 എംഎം വ്യാസമുള്ള പെറ്റല്‍ ഡിസ്‌ക്കുകളാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. ഡുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറാണ്.