നാലാം പാദം എച്ച്ഡിഎഫ്സി ബാങ്കിന്‍റെ അറ്റാദായത്തില്‍ 18% വളര്‍ച്ച
1 min readമുന്‍ പാദവുമായുള്ള താരതമ്യത്തില്‍ അറ്റാദായം 6.5 ശതമാനം ഇടിഞ്ഞു
ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്‍റെ സ്റ്റാന്‍റ് എലോണ്‍ അറ്റാദായം മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ 18 ശതമാനം വളര്‍ച്ച നേടി 8,186 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ ഇത് 6,927.6 കോടി രൂപയായിരുന്നു. എന്നിരുന്നാലും, മുന്‍ പാദവുമായുള്ള താരതമ്യത്തില്‍ അറ്റാദായം 6.5 ശതമാനം ഇടിഞ്ഞു. ഡിസംബര്‍ പാദത്തില്‍ 8,758 കോടി രൂപയായിരുന്നു സ്റ്റാന്‍റ് എലോണ്‍ അറ്റാദായമായി രേഖപ്പെടുത്തിയിരുന്നത്.
അറ്റ പലിശ വരുമാനം (എന്‍ഐഐ) നാലാം പാദത്തില്‍ 12.6 ശതമാനം വര്‍ധനയോടെ 17,120 കോടി രൂപയായി. 2020 നാലാം പാദത്തില്‍ ഇത് 15,204 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ നാലാം പാദത്തില്‍ കാലയളവില്‍ മറ്റ് വരുമാനമം അഥവാ പലിശേതര വരുമാനമോ 26 ശതമാനം ഉയര്‍ന്ന് 7,593 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ ഇത് 6,032 കോടി രൂപയായിരുന്നു.
ബാങ്കിന്‍റെ അറ്റവരുമാനം മുന്‍ വര്‍ഷം സമാന കാലയളവിലെ 21,236 കോടിയില്‍ നിന്ന് 2020-21 നാലാം പാദത്തില്‍ 24,713 കോടി രൂപയായി ഉയര്‍ന്നു. ബാങ്കിന്‍റെ മൊത്ത നിഷ്ക്രിയ ആസ്തികള്‍ (എന്‍പിഎ) മുന്‍പാദത്തെ അപേക്ഷിച്ച് 1.32 ശതമാനത്തിലേക്ക് ഉയര്‍ന്നു. മൂന്നാം പാദത്തില്‍ ബാങ്കിന്‍റെ മൊത്തം എന്‍പിഎ 0.81 ശതമാനമായിരുന്നു. അതേസമയം, നെറ്റ് എന്‍പിഎ മാര്‍ച്ച് പാദത്തില്‍ 0.40 ശതമാനമായിരുന്നു.
മാര്‍ച്ച് അവസാനത്തോടെ ബാങ്കിന്‍റെ മൂലധന പര്യാപ്തത അനുപാതം 18.8 ശതമാനമായിരുന്നു, ഇത് റെഗുലേറ്ററി ആവശ്യകതയായ 11.075 ശതമാനത്തേക്കാള്‍ വളരെ കൂടുതലാണ്. നാലാം പാദത്തിലെ വകയിരുത്തല്‍ 4,693 കോടി രൂപയാണ്. മുന്‍ വര്‍ഷം നാലാംപാദത്തില്‍ ഇത് 3,784 കോടി രൂപയായിരുന്നു. മൊത്തം നിക്ഷേപകരുടെ എണ്ണം നാലാംപാദത്തില്‍ 16 ശതമാനം വാര്‍ഷിക വര്‍ധന രേഖപ്പെടുത്തി.
രണ്ടാം കൊറോണ വൈറസ് തരംഗത്തിന്‍റെ വെളിച്ചത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിനായി ഡിവിഡന്‍റ് പ്രഖ്യാപിക്കേണ്ട എന്ന നിലപാടാണ് ഡയറക്ടര്‍ ബോര്‍ഡ് എടുത്തിട്ടുള്ളത്.