ഉപജീവനം സംരക്ഷിക്കാന്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു: നിര്‍മല സീതാരാമന്‍
1 min readന്യൂഡെല്‍ഹി: രാജ്യത്തെ പൗരന്‍മാരുടെ ജീവനും ഉപജീവനവും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. വിവിധ ബിസിനസ്സ് നേതാക്കളുമായി സംസാരിച്ചതായും വ്യാവസായിക മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവരുടെ നിലപാടുകള്‍ അറിഞ്ഞതായും മന്ത്രി ട്വീറ്റ് ചെയ്തു.
പ്രതിദിന കോവിഡ് കേസുകളില്‍ ഇന്ത്യ ഏറ്റവുമധികം വര്‍ധനയിലേക്ക് എത്തിയ ഘട്ടത്തിലാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന. നഗരങ്ങളും സംസ്ഥാനങ്ങളും കര്‍ഫ്യൂകളിലേക്കും ലോക്ക്ഡൗണുകളിലേക്കും നീങ്ങുന്നത് വ്യാവസായിക ലോകത്തെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. തുടര്‍ച്ചയായ ആറാം ദിനമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 2 ലക്ഷത്തിനു മുകളിലായി രേഖപ്പെടുത്തുന്നത്.
ലോക്ക്ഡൗണുകള്‍ പ്രഖ്യാപിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാവസായിക സംഘടനയായ ഫിക്കി കഴിഞ്ഞ ദിവസം വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു. മാസ്കും സാമൂഹിക അകലവും സാറ്റിറ്റൈസറും പോലുള്ള നിബന്ധനകള്‍ കര്‍ശനമായി പാലിക്കുന്നതിലും ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുന്നതിലും ഊന്നല്‍ നല്‍കണമെന്നാണ് ഫിക്കി ആവശ്യപ്പെടുന്നത്.