ഹോം ഐസൊലേഷനുള്ള പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി
1 min readറെംഡിസിവിര്‍ കുത്തിവെപ്പ് ആശുപത്രിയില്‍ മാത്രമേ നല്‍കാവൂ
ന്യൂഡെല്‍ഹി: നേരിയ തോതിലുള്ള ലക്ഷണങ്ങളും ലക്ഷണങ്ങള്‍ ഇല്ലാത്തവരുമായ കോവിഡ്-19 കേസുകളില്‍ ഹോം ഐസൊലേഷനുള്ള (വീട്ടിനുള്ളില്‍ തന്നെയുള്ള ചികിത്സ) പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. കോവിഡ്-19 ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവിര്‍ കുത്തിവെപ്പുകള്‍ വാങ്ങിക്കാനോ കുത്തിവെക്കാനോ ശ്രമിക്കരുതെന്നും ആശുപത്രിയില്‍ വെച്ച് മാത്രമേ ഇവ കുത്തിവെക്കാവൂ എന്നും പുതിയ നിര്‍ദ്ദേശങ്ങളില്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
നേരിയ തോതിലുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് സിസ്റ്റമിക് ഓറല്‍ സ്റ്റിറോയിഡുകള്‍ നിര്‍ദ്ദേശിക്കരുത്. ഏഴ് ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി പനിയും ചുമയും അനുഭവപ്പെട്ടാല്‍ ചികിത്സിക്കുന്ന ഡോക്ടറുമായി ബന്ധപ്പെട്ട് കുറഞ്ഞ ഡോസിലുള്ള സ്റ്റിറോയിഡ് ഗുളികകള്‍ ആവശ്യപ്പെടാം. അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരും ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം, ഗുരുതരമായ ശ്വാസകോശ രോഗം, അല്ലെങ്കില്‍ കരള്‍, വൃക്ക രോഗങ്ങള്‍, കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ എന്നിവയുള്ളവരും ചികിത്സിക്കുന്ന ഡോക്ടറുടെ വിശദ പരിശോധനകള്‍ക്ക് ശേഷമല്ലാതെ ഹോം ഐസൊലേഷനില്‍ പ്രവേശിക്കരുത്. ഓക്‌സിജന്റെ അളവ് കുറയുകയോ ശ്വാസതടസം ഉണ്ടാകുകയോ ചെയ്താല്‍ രോഗിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കണം.
ഹോം ഐസൊലേഷനില്‍ ഉള്ളവര്‍ ദിവസത്തില്‍ രണ്ട് തവണയെങ്കിലും ചെറുചൂടുവെള്ളം ഉപയോഗിച്ച് കുലുക്കുഴിയണം. ഉയര്‍ന്ന ഡോസിലുള്ള ഗുളിക കഴിച്ചിട്ടും പനി കുറഞ്ഞില്ലെങ്കില്‍ ഡോക്ടറുമായി ബന്ധപ്പെട്ട് മറ്റ് ഗുളികകള്‍ ആവശ്യപ്പെടാം. ഐവര്‍മെക്ടിന്‍ ഗുളിക മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ കഴിക്കാം. പനി, ചുമ പോലുള്ള ലക്ഷണങ്ങള്‍ അഞ്ച് ദിവസത്തില്‍ കൂടുതല്‍ തുടര്‍ന്നാല്‍ രോഗികള്‍ക്ക് ഇന്‍ഹലേഷണല്‍ ബുഡെന്‍സോണിഡെ നല്‍കാം. എന്നാല്‍ റെംഡിസിവിര്‍ പോലുള്ള പരീക്ഷണത്തിലിരിക്കുന്ന തെറാപ്പികള്‍ ആരോഗ്യ വിദഗ്ധന്റെ സാന്നിധ്യത്തില്‍ ആശുപത്രിയില്‍ വെച്ച് മാത്രമേ നല്‍കാവൂ.
ലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്തവരും എന്നാല്‍ പരിശോധനയില്‍ കോവിഡ്-19 പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയും ചെയ്തവര്‍ക്ക് സാധാരണ അന്തരീക്ഷത്തില്‍ ശരീരത്തിലെ ഓക്‌സിജന്റെ അളവ് 94 ശതമാനം ഉണ്ടായിരിക്കണം. പനിയോ ശ്വാസതടസം അല്ലാതെ ശ്വാസനാളത്തില്‍ ബുദ്ധിമുട്ടുകള്‍ ഉള്ളവരെയാണ് നേരിയ തോതില്‍ ലക്ഷണങ്ങള്‍ ഉള്ളവരായി കണക്കാക്കുന്നത്. ഇവരുടെ ഓക്‌സിജന്റെ അളവ് 94 ശതമാനമായിരിക്കണം. ഈ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് മാത്രമേ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഹോം ഐസൊലേഷന്‍ അനുവദിക്കാവൂ. എന്നാല്‍ വീട്ടില്‍ സെല്‍ഫ് ഐസൊലേഷനും വീട്ടുകാര്‍ക്ക് ക്വാറന്റീനിനും ഉള്ള സൗകര്യം വീട്ടിലുണ്ടായിരിക്കണം.
രോഗിയെ പരിചരിക്കുന്നവരും അടുത്ത സമ്പര്‍ക്കത്തിലുള്ളവരും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ പ്രൊഫിലാക്‌സിസ് കഴിക്കണം. വീട്ടിലുള്ളവരുമായി, പ്രത്യേകിച്ച് പ്രായമായവരുമായും രോഗങ്ങള്‍ ഉള്ളവരുമായും രോഗി യാതൊരുവിധ സമ്പര്‍ക്കത്തിലും ഏര്‍പ്പെടരുത്. നല്ല രീതിയില്‍ വായു സഞ്ചാരമുള്ള മുറിയിലായിരിക്കണം രോഗി കഴിയേണ്ടത്. മുറിയിലെ ജനാലകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കം. രോഗി എപ്പോഴും മൂന്ന് ലെയര്‍ ഉള്ള മാസ്‌ക് ധരിക്കണം. ഒരു മാസ്‌ക് എട്ട് മണിക്കൂറോ, അതില്‍ കുറവ് സമയമോ മാത്രമേ ഉപയോഗിക്കാവൂ. രോഗിയെ പരിചരിക്കുന്നയാള്‍ മുറിയില്‍ വരുമ്പോള്‍ രോഗിയും അയാളും എന്‍95 മാസ്‌ക് ഉപയോഗിക്കാന്‍ ശ്രമിക്കണം. ഒരു ശതമാനം സോഡിയം ഹൈപ്പോക്ലോറൈറ്റ് അടങ്ങിയ ലായനി കൊ്ണ്ട് അണുവിമുക്തമാക്കിയ ശേഷം മാത്രമേ മാസ്‌ക് നശിപ്പിക്കാവൂ.
രോഗികള്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. ലാപ്‌ടോപ്പ്, വാതില്‍പ്പിടി തുടങ്ങി രോഗി തൊടുന്ന പ്രതലങ്ങള്‍ എപ്പോഴും അണുവിമുക്തമാക്കണം. രക്തത്തിലെ ഓക്‌സിജന്റെ അളവ് പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് എപ്പോഴും നിരീക്ഷണം. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ ഡോക്ടറുമായി ബന്ധപ്പെടണം. ലക്ഷണങ്ങള്‍ തുടങ്ങിയതിന് ശേഷമോ, ലക്ഷണങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ സാമ്പിള്‍ എടുത്തതിന് ശേഷമോ പത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടേ രോഗി ഹോം ഐസൊലേഷന്‍ മതിയാക്കാവൂ. ഐസൊലേഷന്‍ സമയം അവസാനിച്ചതിന് ശേഷം വീണ്ടും പരിശോധന ആവശ്യമില്ലെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.