വിദ്യാര്‍ത്ഥികള്‍ക്കായി ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ്
ഗൂഗിളിന്റെ ജി സ്യൂട്ട് ഫോര്‍ എജ്യുക്കേഷനാണ് ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ് ഫോര്‍ എജ്യുക്കേഷന്‍ ഫണ്ടമെന്റല്‍സ് എന്ന് പുനര്‍നാമകരണം ചെയ്തത്
ന്യൂഡെല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്കായി ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ് അവതരിപ്പിച്ചു. ഗൂഗിളിന്റെ ജി സ്യൂട്ട് ഫോര്‍ എജ്യുക്കേഷനാണ് ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ് ഫോര്‍ എജ്യുക്കേഷന്‍ ഫണ്ടമെന്റല്‍സ് എന്ന് പുനര്‍നാമകരണം ചെയ്തത്. ക്ലാസ്‌റൂം, മീറ്റ്, ജിമെയില്‍, കലണ്ടര്‍, ഡ്രൈവ്, ഡോക്‌സ്, ഷീറ്റ്‌സ്, സ്ലൈഡ്‌സ് തുടങ്ങി ഗൂഗിളിന്റെ എല്ലാ ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുത്തിയതാണ് ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ് ഫോര്‍ എജ്യുക്കേഷന്‍. ലോകമെങ്ങുമുള്ള 170 മില്യണ്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വര്‍ക്ക്‌സ്‌പേസ് ഫോര്‍ എജ്യുക്കേഷന്‍ ഫണ്ടമെന്റല്‍സ് ഉപകാരപ്പെടുമെന്നാണ് ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്. ജി സ്യൂട്ട് ഫോര്‍ എജ്യുക്കേഷന്റെ സൗജന്യ പതിപ്പിനാണ് പുതിയ പേര് ലഭിച്ചത്.
നിലവില്‍ ജി സ്യൂട്ട് ഫോര്‍ എജ്യുക്കേഷന്റെ ഈ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പുതിയ പേര്, പുതിയ ഫീച്ചറുകള്‍ എന്നിവ ഒഴികെ മാറ്റങ്ങളൊന്നും കാണാന്‍ കഴിയില്ലെന്ന് ഗൂഗിള്‍ ഫോര്‍ എജ്യുക്കേഷന്‍ പ്രൊഡക്റ്റ് ആന്‍ഡ് ഡിസൈന്‍ ലീഡ് ശന്തനു സിന്‍ഹ പറഞ്ഞു. അധ്യാപകരെയും അവരുടെ ആവശ്യങ്ങളെയും സശ്രദ്ധം കേട്ടുകൊണ്ട് ഈ സൗജന്യ പതിപ്പ് ഇനിയും നവീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എജ്യുക്കേഷന്‍ ഫണ്ടമെന്റല്‍സ്, എജ്യുക്കേഷന്‍ പ്ലസ് ഇപ്പോള്‍ ലഭ്യമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഏപ്രില്‍ 14 മുതല്‍ എജ്യുക്കേഷന്‍ സ്റ്റാന്‍ഡേഡ്, ടീച്ചിംഗ് ആന്‍ഡ് ലേണിംഗ് അപ്‌ഗ്രേഡ് എന്നിവ വാങ്ങാന്‍ കഴിയും.
വിദ്യാലയങ്ങളെ സഹായിക്കുന്നതിന് പുതുതായി പൂള്‍ഡ് സ്റ്റോറേജ് മാതൃക കൊണ്ടുവരുമെന്ന് ഗൂഗിള്‍ അറിയിച്ചു. ഇതുവഴി അഡ്മിനുകള്‍ക്കും സ്‌കൂള്‍ ലീഡര്‍മാര്‍ക്കും അവരുടെ സ്‌റ്റോറേജ് കൈകാര്യം ചെയ്യാന്‍ കഴിയും. വിദ്യാലയങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കുമായി 100 ടിബിയുടെ പൂള്‍ഡ് ക്ലൗഡ് സ്റ്റോറേജാണ് ഗൂഗിള്‍ നടപ്പാക്കുന്നത്. എല്ലാ യൂസര്‍മാര്‍ക്കുമായി പങ്കുവെയ്ക്കും. 100 മില്യണ്‍ ഡോക്‌സ്, 8 മില്യണ്‍ പ്രസന്റേഷനുകള്‍, നാല് ലക്ഷം മണിക്കൂറിന്റെ വീഡിയോ ഇത്രയും ഇതിലധികവും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതായിരിക്കും സ്റ്റോറേജ്.
ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ് ഫോര്‍ എജ്യുക്കേഷന്റെ എല്ലാ എഡിഷനുകളുടെയും നിലവിലെ ഉപയോക്താക്കള്‍ക്ക് 2022 ജൂലൈ മുതല്‍ പുതിയ നയം പ്രാബല്യത്തിലാകും. 2022 ല്‍ സൈന്‍അപ്പ് ചെയ്യുന്ന പുതിയ ഉപയോക്താക്കള്‍ക്കും ലഭ്യമായിരിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു.